പുരയിടത്തില്‍ കാര്‍ഷിക വിപ്ലവം തീര്‍ത്ത് സാബു മാതൃകയാകുന്നു

പച്ചക്കറിയിലെ മറിമായം പുതുതലമുറയുടെ കടയ്ക്കല്‍ കത്തിവെക്കുന്നുവെന്ന തിരിച്ചറിവാണ് സാബുവിന്റെ ശ്രദ്ധ പച്ചക്കറി കൃഷിയിലേക്ക് കേന്ദ്രീകരിക്കാന്‍ കാരണം.

സാബു തന്റ പുരയിടത്തിലെ പച്ചക്കറി കൃഷിയെ പരിപാലിക്കുന്നു.
സാബു തന്റ പുരയിടത്തിലെ പച്ചക്കറി കൃഷിയെ പരിപാലിക്കുന്നു.

മുണ്ടക്കയം: ജോലിയിലെ ആദര്‍ശം ജീവിതത്തില്‍ പകര്‍ത്തി കാര്‍ഷിക നന്മ വിളിച്ചോതുകയാണ് കൊക്കയാര്‍ പഞ്ചായത്ത് കൃഷി അസിസ്റ്റന്റും മുണ്ടക്കയം വണ്ടന്‍പതാല്‍ നാലുസെന്റ് പുലിവള്ളില്‍ പി.എസ് സാബുവും കുടുംബവും. കര്‍ഷകനുവേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതോടൊപ്പം തന്റെ പുരയിടത്തിലും കാര്‍ഷിക വിപ്ലവം സൃഷ്ടിക്കുയാണ് ഈ കൃഷി വകുപ്പ് ജീവനക്കാരന്‍. മൂന്നരമാസം മുമ്പാണ് സാബുവും കുടുംബവും വണ്ടന്‍പതാലിലെ നാലുസെന്റില്‍ താമസിക്കാന്‍ വന്നത്.

പത്ത് സെന്റ് സ്ഥലത്തില്‍ അഞ്ച് സെന്റില്‍ ഒരു വീടുവെക്കുകയും ബാക്കി അഞ്ച് സെന്റ് കൃഷിക്കായും മാറ്റിവെക്കുകയുമായിരുന്നു. പച്ചക്കറിയിലെ മറിമായം പുതുതലമുറയുടെ കടയ്ക്കല്‍ കത്തിവെക്കുന്നുവെന്ന തിരിച്ചറിവാണ് സാബുവിന്റെ ശ്രദ്ധ പച്ചക്കറി കൃഷിയിലേക്ക് കേന്ദ്രീകരിക്കാന്‍ കാരണം. മുണ്ടക്കയം കോരുത്തോട് പാതയിലെ നാലുസെന്റില്‍ കുത്തിറക്കത്താണ് സാബുവിന്റെ വീട്. ഈ സ്ഥലം നിരപ്പാക്കിയെടുക്കാന്‍ 20 ലോഡ് മണ്ണ് ഇറക്കേണ്ടി വന്നും.

ഇത്തരത്തില്‍ നിരപ്പാക്കിയ സ്ഥലത്തെ മണ്ണിന്റെ പുളിപ്പ് മാറ്റുന്നതിനായി കുമ്മായമിട്ട് ഇളക്കി മറിച്ചതിന് ശേഷമാണ് കൃഷി തുടങ്ങിയത്. ഇപ്പോള്‍ സാബുവിന്റെ അഞ്ച് സെന്റ് സ്ഥനത്തില്‍ വഴുതന, വെണ്ട, ചീര, കാമ്പേജ്, കോളി ഫഌര്‍, പയര്‍, ഇഞ്ചി, കപ്പ, പാവക്ക തുടങ്ങിയ നിരവിധ പച്ചക്കറി ഇനങ്ങള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കാഴ്ച്ച ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്നതാണ്.

രാവിലെ ജോലിക്കായി പോകുന്നതിന് മുന്‍പ് രണ്ടും വൈകിട്ട് മൂന്നും മണിക്കൂര്‍ വീതമാണ് കൃഷിക്കായി സാബു മാറ്റിവെക്കുന്നത്. എന്നാല്‍ മറ്റ് സമയങ്ങളില്‍ സാബുവിന്റെ ഭാര്യ സിനി, അമ്മ അമ്മിണി, മക്കളായ അനന്ദു, നന്ദു എന്നിവരാണ് ഈ കൊച്ചു പച്ചക്കറി തോട്ടത്തെ പരിപാലിക്കുന്നത്. പച്ചക്കറി കൃഷിയെ പ്രോല്‍സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ക്കാണ് രൂപം നല്‍കുന്നുണ്ട്.

ഇത് ജനങ്ങളിലെത്തിക്കുന്ന കൃഷി വകുപ്പ് ജീവനക്കാരും ജനങ്ങളും അമ്പതുശതമാനമെങ്കിലും ജീവിതത്തില്‍ സ്വയത്താമാക്കാന്‍ ശ്രമിച്ചാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ള പച്ചക്കറി മൂലമുണ്ടാവുന്ന മാരക രോഗത്തില്‍ നിന്നും മലയാളിയെ രക്ഷിക്കാനാവുമെന്നാണ് സാബുവിന്റെ വാദം. സാബുവിന്റെ വീട്ടിലെത്തുന്ന അതിഥികള്‍ക്കും തന്റെ പുരയിടത്തില്‍ വിളയിച്ച പച്ചക്കറിയാണ് സാബു സമ്മാനമായി നല്‍കുന്നത്.

You must be logged in to post a comment Login