പുരാവൃത്തങ്ങളിലൂടെ രൂപമാര്‍ന്ന നാട്ടുനാമങ്ങള്‍

  • കിടങ്ങന്നൂര്‍ പ്രസാദ്

ദ്രാവിഡപ്പഴമകളില്‍ ഉയിര്‍ക്കൊണ്ട കേരളദേശം അതിപുരാതന കാലം മുതല്‍ പ്രശസ്തമായിരുന്നു. പൊതുവായ പേരിനകത്ത് അനേകം ദേശനാമങ്ങള്‍ ഇടതിങ്ങി കൂടികൊണ്ടിരുന്നു. കരയും ചേരിയും ഊരുകളായി നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അവ അതേപടി ഇപ്പോഴും അറിയപ്പെടുന്നു. അന്നത്തെ കാലത്തെ മഹാവ്യക്തിത്വങ്ങളുടെ ജാതിയുടേയും സംജ്ഞകളുടെയും പേരില്‍ കേരളത്തിനകത്തെ പല പല നാടുകള്‍ അറിയപ്പെട്ടിരുന്നുവല്ലോ. ചില സ്ഥലനാമങ്ങള്‍ പുതുക്കിപ്പണിയുകയോ പഴയതിനകത്ത് മോഡേണ്‍ നാമങ്ങള്‍ തിരുകി കയറ്റുകയോ ഉണ്ടായിട്ടുണ്ട് എന്നുള്ളത് പ്രസ്താവ്യയോഗ്യമാണ്. കടന്നു കയറ്റവും നാമ പുനര്‍നിര്‍മ്മാണവും സ്വദേശീയരിലെ ചിലരില്‍ നിന്ന് ബോധപൂര്‍വ്വമേറ്റു വാങ്ങുന്ന അനേകം ദേശങ്ങള്‍ ഇന്നുമുണ്ട്. ഇന്നത്തെ തിരുവല്ല ദേശത്ത് അതിപുരാതന കാലത്ത് ജീവിച്ചിരുന്ന മഹാമാന്ത്രികനായിരുന്നു വല്ലച്ചന്‍. വാലും തലയുമില്ലാതിരുന്ന ദോഷ സമസ്യകള്‍ക്ക് വല്ലച്ചന്‍ അനുഭവ പരിജ്ഞാനത്തിലൂടെ ഉത്തരം നല്‍കുമായിരുന്നുവത്രെ. ദേശവും മറുദേശവും കടന്ന് പല നാടുകളിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. കടമറ്റത്തച്ചന്‍ ഉള്‍പ്പെടെയുള്ള മാന്ത്രികര്‍ വല്ലച്ചനില്‍ നിന്നും സിദ്ധികളും തന്ത്രങ്ങളും നേടിയെന്നും പഴമക്കാര്‍ പാടിയപാട്ടുകളില്‍ നിന്നും കേട്ടിട്ടുണ്ട്.

വല്ലച്ചന് പ്രായം കൂടുന്തോറും ദേശക്കാര്‍ക്ക് വിഷമം ഏറിവന്നു. അവസാനം അച്ചന്‍ തന്നെ ഉപായം പറഞ്ഞു കൊടുത്തു. കൊടുങ്ങല്ലൂരമ്മയുടെ ഉപാസകനായിരുന്നു വല്ലച്ചന്‍. പറഞ്ഞതിപ്രകാരമായിരുന്നു എന്റെ മരണശേഷം കാളിദേവിക്ക് ഒരുക്ഷേത്രം കെട്ടണം. അതിനൊത്ത കോണില്‍ എന്റെ സ്മരണയില്‍ വിളക്കുവെയ്ക്കുക. അവിടെ ഞാനുമുണ്ടാവും. ഇപ്പോഴത്തെ കെ. എസ്. ആര്‍.ടി.സി സ്റ്റാന്‍ഡ് ഉള്‍പ്പെടുന്ന സ്ഥലത്തായിരുന്നു വല്ലച്ചന്റെ ഭവനം. അതിനും വടക്കുമാറി അച്ചന്റെ മരണശേഷം കാളിക്ഷേത്രം ദേശക്കാര്‍ പണിതു. അച്ചന്റെ സ്മരണയില്‍ ഒത്തദിക്കില്‍ വിളക്കും വെച്ചു. തന്റെ ദേശക്കാര്‍ക്ക് അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ് അച്ചനും കാളിമാതാവും പ്രശസ്തരായി. വല്ലച്ചന്‍ കാളിക്ഷേത്രം പിന്നീട് തിരുവല്ലച്ചന്‍ കാളീക്ഷേത്രം എന്നൊക്കെ അറിയപ്പെട്ടു പുറകിലുള്ള ചില നാമങ്ങള്‍ എപ്പോഴും ഉച്ചരിക്കാന്‍ പ്രയാസമുള്ളതിനാല്‍ തിരുവല്ലച്ചന്‍ എന്നാക്കി പിന്നീട് മാറ്റി തിരുവല്ലയായും രൂപപ്പെട്ടുവെന്ന് നാട്ടുകഥകളിലും പാട്ടുകളിലും പഴമക്കാര്‍ രേഖപ്പെടുത്തിയിരിക്കുന്നു.ചില അധിനിവേശങ്ങള്‍ നിമിത്തം തിരുവല്ലച്ചന്‍കാവും ക്ഷേത്രവും എവിടെയാണ് നിലനിന്നിരുന്നതെന്ന് പോലും തെളിവ് അവശേഷിപ്പിക്കാതെ അത് നശിപ്പിക്കപ്പെട്ടിരിക്കണം.

തിരുവല്ലക്കും ചെങ്ങന്നുരിന് ഇടയിലുള്ള സ്ഥലമാണ് തിരുവന്‍വണ്ടൂര്‍. സഹോദരന്‍മാരായിരുന്ന പ്രശസ്ത ജ്യോതിഷ പണ്ഡിതരായിരുന്നു തിരുവനും വണ്ടനും. പിന്നീട് തെക്കുംകാര്‍ രാജ്യത്ത് ലയിച്ച കീഴ്മല നാട് രേഖകളില്‍ ഈ സഹോദരങ്ങളെ പറ്റി പറയുന്നുണ്ട്. കഴിവുറ്റ കളരി അഭ്യാസികളായിരുന്നുവെന്നും 11- ാം നൂറ്റാണ്ടിലായിരുന്നു രണ്ടുപേരുടെയും ജീവിതകാലമെന്നും കരുതാവുന്നതാണ്. ജ്യോതിഷരോ യോദ്ധാക്കളോ ആത്മീയമായിക്കൊള്ളട്ടെ അന്നത്തെ കാലത്ത് പ്രശസ്തരായ രണ്ടു വ്യക്തിത്വങ്ങളെ ഇന്നും ജന്‍മനാട് ആദരിക്കുന്നത് അവരുടെ പേര് തങ്ങളുടെ ദേശത്തിന് ഉള്ളതുകൊണ്ടാവാം.
കാലം ദിക്കു കിഴക്കുദിച്ചാലും
കാലും കണക്കും ഗണിച്ചു കഴിഞ്ഞാലും
തിരുവന്റെ കണക്കു പിഴയ്ക്കില്ല
വണ്ടന്റെ രാശി പാഴാവില്ലെന്റെച്ചോ…
ശിവചൈതന്യം ആകെ ആവാഹിച്ച ദിവ്യപുരുഷനായിരുന്നു കരിമ്പന്‍. ചാലുകീറി തോടു കയറി പോത്തിനെയും തെളിച്ച് ദേശമെല്ലാം ചുറ്റി ചെങ്ങന്നൂര്‍ ദേശപരിസരത്ത് വന്നത് ആദിമ നാളിലൊരിക്കലാണ്. ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലും കരിമ്പന്റെ പേരില്‍ കാവുകളും ക്ഷേത്രങ്ങളും ഇപ്പോഴുമുണ്ട്. കരിമ്പന്റെ സഹായിയിരുന്നു ചിങ്ങന്‍. ചെങ്ങന്നൂര്‍ ആതിയുടെ ജീവിതകാലത്തിനും നൂറ്റാണ്ടുകള്‍ക്കു മുമ്പായിരുന്നു കരിമ്പനും ചിങ്ങനും ഈ ദേശത്ത് വന്നത് എന്ന് അനുമാനിക്കുന്നു. ചുറ്റും കാടുകള്‍ നിറഞ്ഞ പ്രദേശത്ത് പുലികളുടെ ആക്രമണം ഉണ്ടായിരുന്നു. ജനങ്ങളെ കൊള്ളക്കാരില്‍ നിന്നും വന്യമൃഗങ്ങളില്‍ നിന്നും രക്ഷിക്കാന്‍ സഹായിച്ചിരുന്ന ചിങ്ങനെ അവിടെ നിര്‍ത്തി കരിമ്പന്‍ തന്റെ യാത്ര തുടര്‍ന്നു. ധീരയോദ്ധാവായിരുന്ന ചിങ്ങന്‍ തന്റെ ജനങ്ങളെ കൈ കരുത്ത് കൊണ്ട് സംരക്ഷിച്ചുപോന്നു. ഊരിന് നാഥനായ ചിങ്ങന്റെ പേരില്‍ ദേശം അറിയപ്പെട്ടു തുടങ്ങി. ചിങ്ങന്റൂര്‍ പിന്നീട് ചെങ്ങന്നൂരായി അറിയപ്പെട്ടു തുടങ്ങി.

പമ്പാനദിവഴി മലഞ്ചരുക്കുകള്‍ വള്ളങ്ങളില്‍ കയറ്റി പുറക്കാട് കടപ്പുറത്ത് വന്നടുത്ത വിദേശ കപ്പലുകള്‍ കച്ചവടം ചെയ്തുവന്ന വാണിജ പ്രമുഖനായിരുന്നു കടുങ്ങന്‍. സകല നാടുകളിലും പ്രശസ്തനായ അദ്ദേഹത്തിന്റെ നാമത്തിലായിരുന്നു ആ ദേശം അന്നറിയപ്പെട്ടിരുന്നത്. കടുങ്ങന്റെ ഊര് (ദേശം) കടുങ്ങന്റൂര്‍ എന്നായി മാറി. പിന്നീട് കാലക്രമേണ കിടങ്ങന്നൂര്‍ എന്ന് ദേശനാമം അറിയപ്പെട്ടു തുടങ്ങിയെന്ന് നാട്ടുമൊഴി. ഇരുപത്തിയൊന്ന് ആതിമാരില്‍ പ്രമുഖനായിരുന്ന കിടങ്ങന്നൂരാതി കടുങ്ങന്റെ മകനാണ്. ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നമ്മാഴ്‌വരുടെ തിരുനിഴല്‍മാല ഗ്രന്ഥത്തില്‍ ആറിന്‍വിളൈ എന്നത് ഇപ്പോഴത്തെ ആറന്‍മുളയെപറ്റിയാണ്. ‘ചതുര്‍ബാഹുവായ വിഷ്ണു ലക്ഷ്മി സമേതനായി തിരുക്കുറളപ്പനായി ആറിന്‍ വിളൈയില്‍ വാഴുന്നു’എന്നാണ് പ്രസ്തുത ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നത്. ആറിനടുത്തുള്ള വിള പ്രദേശം ആറിന്‍ വിളൈയായി അന്നത്തെ കാലത്ത് അറിയപ്പെട്ടു. പിന്നീട് കടന്നു കയറ്റങ്ങളും കൂടിത്തുന്നലും നടന്ന കാലത്താവാം ആറു മുളയേറി ഭഗവാന്‍ വന്നുവെന്നും പാര്‍ത്ഥസാരഥി പ്രതിഷ്ഠയാണവിടെയെന്നും കഥകളുണ്ടായത്. ആറിന്‍വിള കാലക്രമേണ മാറ്റം വന്നതിനാല്‍ ഉണ്ടായ ദേശനാമമാണ് ആറന്‍മുള എന്ന് അനുമാനിക്കാവുന്നതാണ്.

മാവേലിക്കരയ്ക്ക് തെക്കുള്ള വെണ്‍മണിക്കടുത്താണ് ചാമക്കാവ്. പഴയ പന്തളം രാജ്യത്തിന്റെ അധീനതയിലായിരുന്നു. അവിടെ പ്രശസ്തതമായ ഒരു ദേവീക്ഷേത്രം ഉണ്ട്. ചാമയും ഞവരയും പ്രധാന കൃഷിയായിരുന്ന കാലത്ത് ചാമ കൊയ്തുകൊണ്ടിരുന്ന ഒരു പുലയ സ്ത്രീയുടെ അരിവാള്‍ ഒരു കറുത്ത കല്ലില്‍ ഉടക്കി.പെട്ടെന്ന് ആ കല്ലില്‍ നിന്നും ചോരയൊഴുകുവാന്‍ തുടങ്ങി. ഭയന്നു പോയ ചാങ്ങയെന്ന സ്ത്രീ അടുത്തുള്ളവരെ വിവരമറിയിച്ചു. പ്രശ്‌നവശാല്‍ ചില സംഗതികള്‍ മൂപ്പന്‍ കണ്ടെത്തി.അത് ഒരു കല്ല് അല്ലെന്നും ദേവീ വിഗ്രഹമാണെന്നും അത് കണ്ടെടുത്ത് ആറിനു തീരത്ത് യഥാവിധികളോടെ പൂജ ചെയ്യണമെന്നും കല്‍പനയുണ്ടായി. അപ്രകാരം ചാങ്ങയുടെ കുടുംബം ദേവീ വിഗ്രഹം മേല്‍ക്കൂരയില്ലാത്ത അമ്പലം നിര്‍മ്മിച്ച് തലമുറകളായി പൂജ നടത്തി വന്നു. ശക്തി സ്വരൂപിണിയായ ദേവിയുടെ ശക്തി നാടെങ്ങും വ്യാപിച്ചു. ക്ഷേത്ര ഉത്സവനാളില്‍ എല്ലായിടത്തും നിന്നുമുള്ള കച്ചവടക്കാര്‍ പങ്കെടുക്കുന്ന മേള നടന്നിരുന്നു.

പിന്നീട് ആ അമ്പലവും സ്ഥലവും ചാങ്ങക്കാവെന്നും ചാമക്കാവെന്നും അറിയപ്പെട്ടു തുടങ്ങി. അവിടുത്തെ പുറത്ത് കാണുന്ന നവഗ്രഹ പ്രതിഷ്ഠയ്ക്കടുത്ത് ചാങ്ങയെന്ന സ്ത്രീയുടെ കല്‍പ്രതിമ ഇപ്പോഴും കാണാവുന്നതാണ്. കുറച്ച് നാളായി അതിന്റെ പേര് ശാര്‍ങ്ങക്കാവ് എന്നാക്കി മാറ്റിയിരിക്കുന്നു. ഏതോ ശാര്‍ങ്ങമുനി വന്നു തപസു ചെയ്തു വെന്നൊരു കഥ കൂടി പറഞ്ഞു പരത്തിയിരിക്കുന്നു.അധിനിവേശങ്ങള്‍ ഇപ്പോഴും പല രീതിയിലും തുടരുന്നുവെന്ന് ഇതിനോട് ബോധ്യപ്പെടാവുന്നതായിരിക്കണം. ഈ ന്യൂജന്‍ ജീവിതകാലത്ത് കഴിഞ്ഞ കാല ചരിത്രനിര്‍മ്മിതികളെ അതിന്റേതായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുകയെന്നത് അസാധ്യമായിരിക്കാം. എന്നാലും ഉടയ്ക്കുന്നതിനും മുമ്പ് അതിന്റെ യാഥാര്‍ത്ഥ്യം തിരിച്ചറിയാനുള്ള സാവകാശബുദ്ധി ഉണ്ടാക്കിയേ കഴിയൂ. ഒരു സംസ്‌കൃതിയുടെ സ്ഥലികള്‍ രൂപപ്പെടുത്തിയെടുത്ത പുരാരേഖകള്‍ അടങ്ങിയ പുരാവൃത്തങ്ങള്‍ സംരക്ഷിക്കപ്പെടുകതന്നെ വേണം.

 

You must be logged in to post a comment Login