പുല്ലിലോടുന്ന കാര്‍; ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ വ്യത്യസ്ത ആശയവുമായി ഇന്ത്യ

ന്യൂഡല്‍ഹി : ഡീസലും പെട്രോളും മാത്രമല്ല, വൈദ്യുതിയിലും സൗരോര്‍ജത്തിലും പ്രകൃതിവാതകത്തിലും വാഹനങ്ങളോടുന്ന കാലമാണിത്.  ജൈവ ഇന്ധന ഗവേഷണത്തില്‍ ബഹുദൂരം മുന്നിലുള്ള ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ വ്യത്യസ്തമായൊരു ആശയം മുന്നോട്ടു വയ്ക്കുകയാണ്. പുല്ലിലോടുന്ന കാര്‍!

പെട്രോളില്‍ മാത്രമല്ല ‘പുല്ലിലും’ കാറോടുന്ന കാലം വരുന്നതായാണു റിപ്പോര്‍ട്ടുകള്‍. ഈ മേഖലയില്‍ ദ്രുതഗതിയിലുള്ള മുന്നേറ്റത്തിനാണു മോദി സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരിക്കുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ എണ്ണ ഉപയോഗവും ഇറക്കുമതിയും റെക്കോര്‍ഡ് ഉയരത്തിലാണ്. ഇതിനു പ്രതിവിധിയായി ഇന്ത്യ പുതുതായി കണ്ടുവച്ചിരിക്കുന്നത് ഏറ്റവും വലിയ പുല്ലായ മുളയെയും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പരീക്ഷണാര്‍ഥം തുടങ്ങുന്ന ‘മുള ഇന്ധനം’ ക്രമേണ രാജ്യമെമ്പാടും വ്യാപിപ്പിക്കും.

അസം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ കമ്പനി നുമലീഗഡ് റിഫൈനറി ലിമിറ്റഡും (Numaligarh Refinery) ഫിന്നിഷ് ടെക് കമ്പനി ചെംപൊലിസ് ഒയിയും (Chempolis Oy) ഇതിനായി 20 കോടി ഡോളറിന്റെ സംയുക്ത സംരംഭത്തില്‍ ഒപ്പുവച്ചു. അസമില്‍ ധാരാളമുള്ള മുള സംസ്‌കരിച്ചു പ്രതിവര്‍ഷം 60 കോടി ലീറ്റര്‍ എഥനോള്‍ ഉല്‍പാദിപ്പിക്കുകയാണ് ആദ്യപടി. ഇതു നിലവിലെ വാഹന ഇന്ധനവുമായി കൂട്ടിക്കലര്‍ത്തി ഉപയോഗിക്കുകയാണു ലക്ഷ്യം. ഇന്ത്യ ആകെ ഉല്‍പാദിപ്പിക്കുന്ന മുളയുടെ മൂന്നില്‍ രണ്ടും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്.

‘വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇഷ്ടം പോലെ മുളയുണ്ട്. രാജ്യത്തെവിടെയും വളരുന്നതാണ് മുള. മുളയെ ജൈവ ഇന്ധനമാക്കി മാറ്റുന്നതു രാജ്യത്തിനു വലിയ അവസരങ്ങള്‍ തുറക്കും. ഇന്ത്യയുടെ ഇന്ധന സുരക്ഷയില്‍ മുളയ്ക്കു ശ്രേഷ്ഠ സ്ഥാനം ലഭിക്കും. ഇത് ആദ്യ പരീക്ഷണമാണ്. എന്നാല്‍ സങ്കീര്‍ണതകളില്ലാത്ത പദ്ധതിയാണ്’- നുമലീഗഡ് റിഫൈനറി ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ എസ്.കെ.ബറുവ പറഞ്ഞു.

ബദല്‍ ഇന്ധനങ്ങളുടെ വരവ് ദേശീയ തലത്തിലും ഗ്രാമീണ സമ്പദ് വ്യവസ്ഥയിലും വന്‍ മാറ്റങ്ങള്‍ക്കു വഴിതെളിക്കുമെന്നും കേന്ദ്രം അഭിപ്രായപ്പെടുന്നു. ഗ്രാമീണ, കാര്‍ഷിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ വരുമാനം ഉയരും. പരുത്തിയുടെയും ഗോതമ്പിന്റെയും നെല്ലിന്റെയുമൊക്കെ കച്ചി, കരിമ്പിന്‍ചണ്ടി എന്നിവയില്‍നിന്നെല്ലാം എഥനോള്‍ നിര്‍മാണത്തിനാവശ്യമുള്ള ‘ബയോമാസ്’ കണ്ടെത്താനാവും. പട്ടണങ്ങളിലെ മാലിന്യത്തില്‍നിന്നും എഥനോള്‍ ഉല്‍പാദിപ്പിക്കാം. ഒരു ടണ്‍ വൈക്കോലില്‍ നിന്ന് 400 ലീറ്റര്‍ എഥനോള്‍ നിര്‍മിക്കാമെന്നാണു കണ്ടെത്തല്‍. ഹരിയാനയിലും മറ്റും കൊയ്ത്തിനുശേഷം ഗോതമ്പ് പാടങ്ങളില്‍ തീയിടുന്നതു മൂലമുള്ള പരിസ്ഥിതി പ്രശ്‌നവും പരിഹരിക്കാം.

പെട്രോളിയം ഉല്‍പന്നങ്ങളുടെ വര്‍ധിച്ചുവരുന്ന വില ജനങ്ങളെ മാത്രമല്ല സര്‍ക്കാരിനെയും കുഴപ്പത്തിലാക്കുന്നുണ്ട്. എണ്ണ ഇറക്കുമതിക്കായി ലക്ഷം കോടികളാണ് ഓരോ വര്‍ഷവും സര്‍ക്കാര്‍ ചെലവാക്കുന്നത്. വരവിന്റെ സിംഹഭാഗവും ഇങ്ങനെ പുറത്തേക്കു പോകുന്നത് രാജ്യപുരോഗതിക്കു തടസ്സമാണ്. ഈ സാഹചര്യത്തെ നേരിടാന്‍ അഴുക്കുവെള്ളം മുതല്‍ വൈക്കോല്‍ വരെ ഉപയോഗപ്പെടുത്തി ബദല്‍ മാര്‍ഗം കണ്ടെത്തണമെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. 2022 ല്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ ഉപയോഗത്തില്‍ 10 ശതമാനം കുറവുണ്ടാക്കണമെന്നാണു മോദിയുടെ ആഗ്രഹം.

സര്‍ക്കാര്‍ സബ്‌സിഡിയുടെ പിന്തുണയോടെ 2020 ല്‍ ജൈവ ഇന്ധന വിപണി 1500 കോടി ഡോളറിലേക്ക് ഉയരുമെന്നാണു കണക്കുകൂട്ടല്‍. ഇന്ത്യയിലെ പരമ്പരാഗത എണ്ണക്കമ്പനികളും ജൈവ ഇന്ധന മേഖലയില്‍ നിക്ഷേപം നടത്തുന്നുണ്ട്. എന്നാല്‍, ജൈവ ഇന്ധനം ഉപയോഗിക്കുന്നതില്‍ ജനങ്ങള്‍ക്കു വിമുഖതയാണ്. വെറും 2.1 ശതമാനത്തിന്റെ വര്‍ധനവേ ഈ മേഖലയിലുള്ളൂ. ഈ വര്‍ഷം ആകെ വാഹനങ്ങളില്‍ അഞ്ചു ശതമാനമെങ്കിലും ജൈവ ഇന്ധനത്തിലേക്കു മാറ്റണമെന്ന തീരുമാനത്തിലാണു കേന്ദ്ര സര്‍ക്കാര്‍.

You must be logged in to post a comment Login