പുല്‍വാമ ഭീകരാക്രമണത്തില്‍ കൂടുതല്‍ തെളിവുകളുമായി ഇന്ത്യ; ആക്രമണത്തിന് പിന്നില്‍ മസൂദ് അസ്ഹര്‍; ആസൂത്രണം ചെയ്തത് പാക് സൈനിക ആശുപത്രിയില്‍ വെച്ച്; അതിര്‍ത്തിയിലെ ഭീകരക്യാമ്പുകള്‍ പാകിസ്താന്‍ ഒഴിപ്പിക്കുന്നു

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ കൂടുതല്‍ തെളിവുകളുമായി ഇന്ത്യ. ആക്രമണം ആസൂത്രണം നടത്തിയത് ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹര്‍. പാക് സൈനിക ആശുപത്രിയിലാണ് ആസൂത്രണം നടത്തിയതെന്ന് റിപ്പോര്‍ട്ട്. സഹോദര പുത്രനെ കൊന്നതിന് പ്രതികാരം ചെയ്യണമെന്ന് ശബ്ദസന്ദേശം ജെയ്‌ഷെ മുഹമ്മദ് ക്യാമ്പിലേക്ക് അയച്ചു. തെളിവുകള്‍ രാജ്യാന്തര ഏജന്‍സിക്ക് കൈമാറും.

അതേസമയം, അതിര്‍ത്തിയിലെ ഭീകരക്യാമ്പുകള്‍ പാകിസ്താന്‍ ഒഴിപ്പിക്കുന്നതായി സൂചന. ഇന്ത്യയുടെ മിന്നലാക്രമണം മുന്നില്‍ കണ്ടാണ് നടപടി.

അതേസമയം,പത്താൻകോട്ട് ഭീകരാക്രമണത്തിന്‍റെയും മുഖ്യസൂത്രധാരനെന്ന് കരുതുന്നത് ജെയ്ഷെ തലവൻ മസൂദ് അസ്ഹറിനെയാണ്. രോഗാവസ്ഥയിൽ കഴിയുന്ന അസര്‍ പാക്കിസ്ഥാൻ സര്‍ക്കാര്‍ പിന്തുണ നല്‍കുന്ന ജിഹാദി ഗ്രൂപ്പുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ‍് ജിഹാദ് കൗൺസിലിന്‍റെ കഴിഞ്ഞ നാല് യോഗങ്ങളിലും പങ്കെടുത്തിരുന്നില്ല. എന്നാൽ പുൽവാമ ഭീകരാക്രമണത്തിന് സംഘം തയ്യാറെടുക്കുന്നതിന് വെറും എട്ട് ദിവസം മുൻപ് അസര്‍ തന്‍റെ സംഘടനയിലെ അംഗങ്ങള്‍ക്ക് ഒരു ശബ്ദസന്ദേശം അയച്ചിരുന്നു. താഴ്ന്ന ശബ്ദത്തിൽ അയച്ച സന്ദേശത്തിൽ തന്‍റെ അനന്തരവനായ ഉസ്മാന്‍റെ മരണത്തിന് പകരം വീട്ടണമെന്നായിരുന്നു നിര്‍ദേശം. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സുരക്ഷാസൈനികര്‍ ഉസ്മാനെ വധിച്ചത്. ഈ യുദ്ധത്തിൽ മരണത്തേക്കാള്‍ സന്തോഷം നല്‍കുന്ന മറ്റൊന്നില്ല എന്നായിരുന്നു അസറിന്‍റെ വാക്കുകള്‍. ഇന്ത്യയ്ക്കെതിരായ യുദ്ധത്തിൽ ജെയ്ഷെ അംഗങ്ങള്‍ക്ക് വീര്യം പകര്‍ന്നു കൊണ്ടായിരുന്നു അസ്ഹറിന്‍റെ വാക്കുകള്‍.

ചിലര്‍ നമ്മെ തീവ്രവാദികളെന്നും ഭ്രാന്തന്മാരെന്നും സമാധാനം നശിപ്പിക്കുന്നവരെന്നും വിളിക്കും, എന്നാൽ നമ്മള്‍ അതിര്‍ത്തിപ്രദേശത്ത് നിരന്തരം ശല്യം സൃഷ്ടിച്ചു കൊണ്ടിരിക്കണമെന്നും അസര്‍ അണികളോട് പറഞ്ഞു.

അതേസമയം, പുൽവാമ ആക്രമണത്തിന്‍റെ പദ്ധതി അസര്‍ യുണൈറ്റഡ് ജിഹാദ് കൗൺസിലിലെ മറ്റ് അംഗങ്ങളോട് പങ്കുവെച്ചിരുന്നില്ല. തന്‍റെ മറ്റൊരു അനന്തരവനായ മുഹമ്മദ് ഉമൈറിനെയും അബ്ദുള്‍ റാഷിദ് ഗാസിയെയുമായിരുന്നു ആക്രമണത്തിന് ചുക്കാൻ പിടിക്കാൻ അസര്‍ ചുമതലപ്പെടുത്തിയത്. അസദ് തയ്യാറാക്കിയ ഓഡിയോ ടേപ്പുകള്‍ ഉപയോഗിച്ച് സൈന്യത്തിനെതിരെ ആക്രമണം നടത്താൻ ഇരുനേതാക്കളും യുവാക്കളെ പ്രചോദിപ്പിക്കുകയായിരുന്നു.

അറുപതോളം ജെയ്ഷെ മുഹമ്മദ് ഭീകരര്‍ പാക്കിസ്ഥാനിൽ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇന്‍റലിജൻസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇതിൽ 35 പേര്‍ പാകിസ്താനികളാണ്. അതേസമയം, പുൽവാമ ആക്രമണത്തിന് ശേഷം ഇവരാരും പുറത്തേയ്ക്ക് വന്നിട്ടില്ലെന്നും ഇന്‍റലിജൻസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

മസൂദ് അസ്ഹര്‍ ചികിത്സയിൽ കഴിയുന്ന പശ്ചാത്തലത്തിൽ തീവ്രവാദിയോഗങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത് ഹിസ്ബുള്‍ മുജാഹിദീൻ കമാൻഡര്‍ സെയ്ദ് സലാഹുദ്ദീൻ ആണെന്നാണ് വിവരം. ജനുവരി 19ന് ചേര്‍ന്ന അവസാനയോഗത്തിൽ പുതിയ തീവ്രവാദി പോസ്റ്റുകള്‍ക്ക് രൂപം നല്‍കുന്നതിനെപ്പറ്റിയായിരുന്നു ചര്‍ച്ച. പാകിസ്താൻ നിയന്ത്രണത്തിലുള്ള കശ്മീരിലെ മുസഫറാബാദിലെ ടൗൺ ഹാളിൽ നടന്ന മറ്റൊരു യോഗത്തിൽ ഐഇഡി ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തുന്നതിനെപ്പറ്റിയായിരുന്നു ചര്‍ച്ച. ഐഇഡി ഉപയോഗിച്ചുളള ചാവേറാക്രമണമായിരുന്നു ജെയ്ഷെ ഭീകരൻ പുൽവാമയിൽ നടത്തിയതും.

You must be logged in to post a comment Login