പൂഞ്ഞാര്‍ ആരെ തുണയ്ക്കും

poonjar

  • ദീപു മറ്റപ്പള്ളി

ചതുഷ്‌കോണമല്‍സരത്തിനൊരുങ്ങി കഴിഞ്ഞ പൂഞ്ഞാര്‍മണ്ഡലം ഇത്തവണ ആരെ തുണക്കുമെന്ന് സംസ്ഥാനം ഉറ്റു നോക്കുകയാണ്.മുന്‍ ചീഫ് ആയ പി.സി ജോര്‍ജ് തന്റെ കേരള കോണ്‍ഗ്രസ് സെക്കുലറുമായി മൂന്ന് മുന്നണികള്‍ക്കം ഒപ്പം രംഗത്ത് എത്തിയതോടെയാണ് മണ്ഡലം ശ്രദ്ധയാകര്‍ഷിച്ചത്. വിജയം പ്രവചനാതീതമായിരിക്കുന്ന പൂഞ്ഞാറില്‍ എന്ത് വിലകൊടുത്തും വിജയിക്കുക എന്നതാണ് ഇരുമുന്നണികളുടെയും ജനപക്ഷ സ്ഥാനാര്‍ഥിയായ പി സി ജോര്‍ജിന്റെയും ലക്ഷ്യം.

ജോര്‍ജുകുട്ടി ആഗസ്തിയെയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ എം മാണി കളത്തിലിറക്കിയിരിക്കുന്നത്. 2006ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ സ്വതന്ത്രനായി മല്‍സരിച്ച് 14000 വോട്ടുനേടിയ ജോര്‍ജുകുട്ടി ആഗസ്തി പിന്നീട് സജീവരാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്നു സാമൂഹിക സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നതിനിടെയാണ് പൂഞ്ഞാര്‍ പിടിച്ചെടുക്കാനുള്ള ദൗത്യം കെ എം മാണി ഏല്‍പ്പിക്കുന്നത്. ജോര്‍ജുകുട്ടി ആഗസ്തിയുടെ എതിരാളി പി സി ജോസഫ് ആണെങ്കിലും പി സി ജോര്‍ജിനെ പരാജയപ്പെടുത്തുക എന്നത് തന്നെയാണ് കെ എം മാണിയുടെ ലക്ഷ്യം. മണ്ഡലത്തില്‍ പി സി ജോര്‍ജിനുള്ള സ്വാധീനം അറിഞ്ഞുകൊണ്ടുതന്നെയാണ് സൗമ്യനായ ആഗസ്തിക്ക് പൂഞ്ഞാറിന്റെ ബാറ്റണ്‍ കൈമാറിയിരിക്കുന്നത്.

അതേസമയം സഭയുടെ പിന്തുണയോടെയാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയായി ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ നേതാവ് പി സി ജോസഫ് പൂഞ്ഞാറില്‍ മല്‍സരിക്കുന്നത്. പ്രചാരണ രംഗത്ത് പിന്നാക്കമാണെങ്കിലും പി സി ജോര്‍ജിനെ മറികടന്ന് പരമ്പരാഗത വോട്ട് മുഴുവന്‍ നേടുക എന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഇത് എത്രത്തോളം വിജയിക്കുമെന്നറിയാന്‍ തെരഞ്ഞെടുപ്പ് ഫലം വരെ കാത്തിക്കേണ്ടി വരും. എന്നാല്‍ ഇടതുപക്ഷത്ത് നിന്നുള്ള പ്രാദേശിക എതിര്‍പ്പും പി സി ജോസഫിന് തിരിച്ചടിയായേക്കും. 1977ല്‍ മൂവാറ്റുപുഴയില്‍ നിന്നും നിയമസഭയിലെത്തിയ പി സി ജോസഫ് 1991ല്‍ തൊടുപുഴയില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും കോണ്‍ഗ്രസിലെ പി ടി തോമസിനോട് അടിയറവു പറഞ്ഞു.

എന്നാല്‍ എന്തുകൊണ്ടും ഈ തെരഞ്ഞെടുപ്പ് എല്‍ഡിഎഫിന് അഭിമാനത്തിന്റെ വിഷയമാണ്. പി സി ജോര്‍ജിനു സീറ്റ് നല്‍കാതെയാണ് ഒരു സുപ്രഭാതത്തില്‍ മുന്നണിയിലേക്ക് കയറിവന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിന് പൂഞ്ഞാര്‍ സീറ്റ് നല്‍കിയത്. പി സി ജോസഫ് പരാജയപ്പെടുകയാണെങ്കില്‍ അത് സിപിഎമ്മിന് തിരിച്ചടിയായിരിക്കും. മണ്ഡലത്തില്‍ എട്ടുതവണ മല്‍സരിച്ചപ്പോല്‍ ആറു തവണയും വിജയം പി സി ജോര്‍ജിനൊപ്പമായിരുന്നു. പ്രചാരണരംഗത്ത് ഒന്നാംഘട്ടം പൂര്‍ത്തിയാക്കി മുന്നേറുകയാണ് പി സി ജോര്‍ജ്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായുള്ള തന്റെ വ്യക്തിബന്ധങ്ങളും സ്വീകാര്യതയും എസ്ഡിപിഐയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണയും മല്‍സരത്തിനു ഗുണകരമാവുമെന്നാണ് ജോര്‍ജിന്റെ വിശ്വാസം.

ഒപ്പം തന്നെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ കേരളാ കോണ്‍ഗ്രസ് സെക്യൂലറിന്റെ മികച്ച പ്രകടനവും അനുകൂലമായാല്‍ ജയം സുനിശ്ചിതമായിരിക്കും. പി സി ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കുന്നകാര്യത്തില്‍ സിപിഎമ്മിന്റെ ചില പ്രാദേശിക ഘടകങ്ങള്‍ അനുകൂലമായിരുന്നു. ഈ പ്രാദേശിക ഘടകങ്ങളുടെ വോട്ടും തനിക്ക് അനുകൂലമാവുമെന്നാണ് ജോര്‍ജ് പ്രതീക്ഷിക്കുന്നത്. എസ്എഫ്‌ഐയിലൂടെ പൊതുരംഗത്തുവന്ന കന്നിയങ്കത്തിന് ഇറങ്ങുന്ന എം ആര്‍ ഉല്ലാസാണ് എന്‍ഡിഎബിഡിജെസ് സംഖ്യത്തിന്റെ സ്ഥാനാര്‍ഥി. എന്നാല്‍ യുഡിഎഫിനും എല്‍ഡിഎഫിനും എതിരാളി പി സി ജോര്‍ജ് മാത്രമായിരിക്കും. പൂഞ്ഞാറില്‍ ഈ തിരഞ്ഞെടുപ്പ് ഓരോരുത്തര്‍ക്കും അഭിമാന പോരാട്ടമാണ്.

പി.സി. ജോര്‍ജിലൂടെ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ട മണ്ഡലമാണ് ജില്ലയുടെ മലയോരപ്രദേശമായ പൂഞ്ഞാര്‍. കേരള കോണ്‍ഗ്രസുകള്‍ ഏറെക്കാലം വിജയിച്ച മണ്ഡലം കൂടിയാണു പൂഞ്ഞാര്‍. കോണ്‍ഗ്രസിലെ ടി.എ. തൊമ്മനാണ് 1957ലും 60ലും ഇവിടെനിന്നും നിയമസഭയിലെത്തിയത്. 1965ല്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച പി.ഡി. തൊമ്മന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി. 67ലും 70ലും കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവ് കെ.എം. ജോര്‍ജിനായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിച്ചത്. 1977ല്‍ പി.ഐ. ദേവസ്യായെ പരാജയപ്പെടുത്തി പ്രഫ. വി.ജെ. ജോസഫ് വിജയിച്ചു. 1980ല്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് സ്ഥാനാര്‍ഥിയായി ഇന്നത്തെ എംഎല്‍എ പി.സി. ജോര്‍ജ് മത്സരരംഗത്തെത്തി. എതിരാളി വി.ജെ. ജോസഫും. വിജയം ജോര്‍ജിനൊപ്പമായിരുന്നു. 82ലും പി.സി. ജോര്‍ജ് വിജയിച്ചു.

1987ല്‍ ജനതാദളില്‍ പ്രഫ. എന്‍.എം. ജോസഫിനു മുമ്പില്‍ ജോര്‍ജിന് അടിയറവു പറയേണ്ടി വന്നു. 1991ല്‍ എന്‍.എം. ജോസഫിനെ പരാജയപ്പെടുത്തി കേരള കോണ്‍ഗ്രസിലെ ജോയി ഏബ്രഹാം എംഎല്‍എയായി. 1996ല്‍ ജോയി ഏബ്രഹാമിനെതിരെ ജോര്‍ജിനെ എല്‍ഡിഎഫ് രംഗത്തിറക്കിയപ്പോള്‍ ജോര്‍ജ് മണ്ഡലം തിരിച്ചുപിടിച്ചു. പിന്നീട് 2001ലും 2006ലും ജോര്‍ജ് ഇടതു മുന്നണിയുടെ സ്ഥാനാര്‍ഥിയായി വിജയം നേടി. രണ്ടു തവണയും കേരള കോണ്‍ഗ്രസിലെ ടി.വി. ഏബ്രഹാമായിരുന്നു എതിരാളി. 2011ല്‍ ജോര്‍ജ് മാണിയില്‍ ലയിച്ചതോടെ യുഡിഎഫ് സ്ഥാനാര്‍ഥിയായിട്ടാണു മത്സരിച്ചത്.

ഇടതുപക്ഷമാകട്ടെ സ്ഥാനാര്‍ഥിയെ കിട്ടാനില്ലാതെ ഏറെ പരതി. ഒടുവില്‍ മോഹന്‍ തോമസ് എന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയെ പിന്തുണച്ചു. 15704 വോട്ടുകള്‍ക്ക് ജോര്‍ജ് വിജയിച്ച് യുഡിഎഫ് ചീഫ് വിപ്പായി. മൂന്നു മാസം മുമ്പാണ് അദ്ദേഹം എംഎല്‍എ സ്ഥാനം രാജിവച്ച് മുന്നണി വിട്ടത്.ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരസ്പരം സഹകരിച്ച് എല്‍ഡിഎഫും ജോര്‍ജിന്റെ പാര്‍ട്ടിയും വിജയമുറപ്പിച്ചു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയും നാലു പഞ്ചായത്തുകളും ഇപ്പോള്‍ എല്‍ഡിഎഫാണ് ഭരിക്കുന്നത്.

മണ്ഡലത്തിലെ നാലു പഞ്ചായത്തുകള്‍ പാലായോടു ചേര്‍ന്നപ്പോള്‍ പഴയ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളും പൂഞ്ഞാറിലായി.മീനച്ചില്‍ താലൂക്കിലെ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, തിടനാട് പഞ്ചായത്തുകളും കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി, കൂട്ടിക്കല്‍, മുണ്ടക്കയം, പാറത്തോട്, കോരുത്തോട് പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് ഇപ്പോഴത്തെ പൂഞ്ഞാര്‍ മണ്ഡലം. 90,069 പുരുഷ വോട്ടര്‍മാരും 90,985 വനിതാ വോട്ടര്‍മാരും ഉള്‍പ്പെടെ 1,81,054 വോട്ടര്‍മാരാണു മണ്ഡലത്തിലുള്ളത്.

You must be logged in to post a comment Login