‘പൂതനാ’ പരാമര്‍ശം: ജി സുധാകരന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

'പൂതനാ' പരാമര്‍ശം: ജി സുധാകരന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്
തിരുവനന്തപുരം: പൂതനാ പരാമര്‍ശത്തില്‍ പെതുമരാമത്ത് മന്ത്രി ജി സുധാകരൻ  പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ.  അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് നല്‍കിയ പരാതിയെത്തുടര്‍ന്ന് ഡിജിപിയില്‍നിന്നും കലക്ടറില്‍നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിനുപുറമേ, സാഹചര്യം വിശദീകരിച്ച് മന്ത്രിയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് നിവേദനം നല്‍കി. ഇവ പരിശോധിച്ചാണ് മുഖ്യതെര‍ഞ്ഞെടുപ്പ് ഓഫീസർ പരാതി തീർപ്പാക്കിയത്.

ആരുടെയും പേരെടുത്തു പറഞ്ഞല്ല മന്ത്രി പരാമര്‍ശം നടത്തിയത്. ദുരുദ്ദേശ്യത്തോടെ നടത്തിയ പരാമര്‍ശമല്ലെന്നും അതിനാലാണ് മന്ത്രി പെരുമാറ്റച്ചട്ടലംഘനം നടത്തിയിട്ടില്ലെന്ന നിഗമനത്തിലെത്തിയതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ വ്യക്തമാക്കി.

തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു ആരുടേയും പേരെടുത്ത് പറയാതെയുള്ള മന്ത്രിയുടെ വിവാദ പരാമര്‍ശം.പൂതനമാര്‍ക്ക് ജയിക്കാനുള്ള ഇടമല്ല അരൂര്‍ എന്നായിരുന്നു മന്ത്രി പറഞ്ഞത്. കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് ചിലര്‍ ജയിക്കാന്‍ ശ്രമിക്കുന്നതെന്നും സുധാകാരന്‍ പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശം തന്നെ വേദനിപ്പിച്ചുവെന്ന് ഷാനിമോള്‍ ഉസ്മാനും പ്രതികരിച്ചിരുന്നു. തുടര്‍ന്ന് ഷാനിമോള്‍ ഉസ്മാന്‍ നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പെരുമാറ്റചട്ട ലംഘനത്തിനും സത്യപ്രതിജ്ഞ ലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും നടപടി വേണമെന്നായിരുന്നു പരാതിയിലെ ആവശ്യം.

You must be logged in to post a comment Login