പെട്രോള്‍ പമ്പുകളുടെ തട്ടിപ്പ്; ഇലക്ട്രോണിക് ചിപ്പ് ഉപയോഗിച്ച് പമ്പുകള്‍ സമ്പാദിക്കുന്നത് ഇരുന്നൂറ് കോടിയിലധികം രൂപ

ന്യൂഡല്‍ഹി: ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്ന തുകയ്ക്കുള്ള പെട്രോള്‍ നല്‍കാതെ ഉത്തര്‍പ്രദേശില്‍ പെട്രോള്‍ പമ്പുകളുടെ തട്ടിപ്പ്. ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് സംസ്ഥാനത്ത് മുഴുവാനായും നടത്തിയ റെയ്ഡിലാണ് തട്ടിപ്പ് കണ്ടെത്തിയത്. റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് ചിപ്പ് ഉപയോഗിച്ചാണ് പമ്പുകള്‍ ഉപഭോക്താക്കളെ പറ്റിക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഉത്തര്‍പ്രദേശിലെ 80 ശതമാനം പെട്രോള്‍ പമ്പുകളിലും ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. തട്ടിപ്പിലൂടെ പ്രതിമാസം 200 കോടിയലധികം രൂപ പമ്പുകള്‍ സമ്പാദിക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.പെട്രോള്‍ പമ്പുകള്‍ ഉപഭോക്താക്കളെ വഞ്ചിക്കുന്ന വിധം ഇങ്ങനെ, ഇന്ധനം നിറയ്ക്കുന്ന മെഷീനുള്ളില്‍ പെട്രോള്‍ പമ്പുകള്‍ ചിപ്പ് ഘടിപ്പിക്കുന്നു. ഇതുവഴി ഇന്ധനത്തിന്റെ അളവ് അഞ്ച് മുതല്‍ പത്ത് ശതമാനം വരെ കുറയ്ക്കാന്‍ കഴിയും.

റിമോട്ട് കണ്‍ട്രോള്‍ വഴി ഇന്ധനത്തിന്റെ അളവ് കുറയ്ക്കുന്നതിന് ചിപ്പ് ഒരു വയറുമായി കണക്റ്റ് ചെയ്തിട്ടുണ്ടാകും. 3000 രൂപ മാത്രമാണ് തട്ടിപ്പിന് ഉപയോഗിക്കുന്ന ചിപ്പുകളുടെ വില. നിരവധി പമ്പുകളില്‍ ഈ ചിപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന നിഗമനത്തിലാണ് സെപ്ഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്. ചിപ്പ് തട്ടിപ്പ് വഴി പെട്രോള്‍ പമ്പുകള്‍ പ്രതിമാസം പതിനാല് ലക്ഷം രൂപ അധിക വരുമാനമുണ്ടാക്കുന്നു.

You must be logged in to post a comment Login