പെട്രോള്‍ പമ്പുകളുടെ 24 മണിക്കൂര്‍ സമരം ആരംഭിച്ചു; തുറന്ന പമ്പുകള്‍ക്ക് മുന്നില്‍ വാഹനങ്ങളുടെ വന്‍ തിരക്ക്‌

കൊച്ചി: ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സിന്‍റെ കീഴിലുള്ള പന്പുകളുടെ 24 മണിക്കൂർ സമരം അർധരാത്രി മുതൽ ആരംഭിച്ചു. ഇന്ന് അർധരാത്രി വരെ സമരം നീളും. സംസ്ഥാനത്തെ 90 ശതമാനം പന്പുകളും അടച്ചിട്ടിരിക്കുകയാണ്. തുറന്നു പന്പുകൾക്കു മുന്നിൽ വാഹനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

ആറു വർഷം മുൻപു സമർപ്പിച്ച അപൂർവചന്ദ്ര കമ്മിറ്റി റിപ്പോർട്ട് പ്രകാരമുള്ള വ്യവസ്ഥകൾ നടപ്പാക്കാമെന്ന കരാർ പ്രാബല്യത്തിൽ വരാത്തതിൽ പ്രതിഷേധിച്ചാണു സമരം. വർഷത്തിൽ രണ്ടുതവണ കമ്മീഷൻ വർധന നൽകാമെന്ന കരാറും ഓയിൽ കന്പനികൾ നടപ്പാക്കുന്നില്ല.

ബാങ്ക് ഇതര സർവീസ് ചാർജിൽ വന്നിരിക്കുന്ന മാറ്റങ്ങൾ, ബാഷ്പീകരണം മൂലമുള്ള നഷ്ടം എന്നിങ്ങനെ നിരവധി പ്രശ്നങ്ങളും പന്പുടമകൾ അനുഭവിക്കുന്നുണ്ടെന്നും സമരത്തിനു മുന്നോടിയായി മേയ് 10നു കന്പനിയിൽനിന്നു സ്റ്റോക്ക് എടുക്കാതെ പ്രതിഷേധിച്ചിട്ടും ചർച്ചയ്ക്കുപോലും ഓയിൽ കന്പനി ഉടമകൾ തയാറാകാത്ത സാഹചര്യത്തിലാണു പന്പുകൾ അടച്ചിടാൻ തീരുമാനിച്ചതെന്നും ഫെഡറേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

You must be logged in to post a comment Login