പെണ്‍മുറിവുകളുടെ സീതായനങ്ങള്‍

അനിയന്‍ അവര്‍മ്മ

അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കും അവിടെ നിന്ന് തൊഴില്‍ കേന്ദ്രത്തിലേക്കും നമ്മളെത്തിച്ച സ്ത്രീകളിന്ന് വീണ്ടും ആ പഴയ ഇരുട്ടറകളിലേക്ക്, അകായിലേക്ക്, ആട്ടിപ്പായിക്കപ്പെടുന്ന പുരുഷാധിപത്യത്തിന്റെ പുത്തന്‍സ്മൃതിശാസനകള്‍ ഉയരുമ്പോള്‍, നിയമപരിരക്ഷയോടെ അനുവദിക്കപ്പെട്ട സ്ത്രീസ്വാതന്ത്ര്യംപോലും അനുഭവിക്കുകവഴി യാഥാസ്ഥിതിക സമൂഹം ഭ്രഷ്ട് കല്പിച്ച സ്വാഭിമാനികളായ സീതമാരുടെ നിലവിളികള്‍ വീണ്ടുമുയരുമ്പോള്‍ ‘അതിചിന്തവഹിച്ചുടജാന്തവാടി’യില്‍ ഏകാകിയായിരിക്കുന്ന സീതയെ നാം വീണ്ടും വായിച്ച് ഖിന്നരാവുന്നത് കാലത്തിന്റെ കാവ്യനീതിയാവാം.
ആശാന്റെ സീതാകാവ്യത്തിന് ശതാബ്ദി. സീതാദേവി അന്തര്‍ദ്ധാനം ചെയ്യുന്നതിന്റെ തലേന്നാള്‍ രാത്രി വാത്മീകിയുടെ ആശ്രമത്തില്‍ ഒരു ഏകാന്തസ്ഥലത്തിരുന്ന് തന്റെ പൂര്‍വ്വാനുഭവങ്ങളെയും ആസന്നമായ ഭാവിയെയും മറ്റുംപറ്റി ചെയ്യുന്ന ചിന്തകളാണ് ഈ കൃതിയുടെ പ്രധാനവിഷയം എന്ന ആശാന്റെ മുഖവുരയോടെ പുറത്തിറങ്ങിയ ‘ചിന്താവിഷ്ടയായ സീത’ പ്രസിദ്ധീകൃതമായിട്ട് നൂറ് വര്‍ഷം പിന്നിടുകയാണ്. പുസ്തകശാലയിലെ ഇരുണ്ട മൂലയില്‍ പൊടിയടിഞ്ഞ് കാലവിസ്മൃതിയില്‍ ഒടുങ്ങാതെ നിത്യം നവനവങ്ങളായ ചിന്താസ്ഫുരണങ്ങളാല്‍ അസ്തിത്വമുറപ്പിച്ച കൃതിയാണ് ചിന്താവിഷ്ടയായ സീത. ഭര്‍ത്തൃപരിത്യക്തയായ സീതയുടെ സ്വഭാവോത്കര്‍ഷം വാത്മീകിയും കാളിദാസനും ചിത്രീകരിച്ചിരിക്കുന്നതില്‍ നിന്നും വ്യത്യസ്തമായിട്ടാണ് ആശാന്‍ അവതരിപ്പിക്കുന്നതെന്ന് ആറ്റൂര്‍ കൃഷ്ണപ്പിഷാരടി അവതാരികയില്‍ നിരീക്ഷിക്കുന്നു. അഭിമാനിയായ ഒരു ഖണ്ഡിതനായികയുടെ ജ്വലിക്കുന്ന ചിന്തകള്‍ അവതരിപ്പിക്കുകവഴി ആശാന്‍ സീതയുടെ മിത്തിക്കല്‍ പരിവേഷത്തെ കീറിക്കളയുകയും സര്‍വ്വംസഹയായ ആദര്‍ശസീതയും ആധുനിക സ്ത്രീയും തമ്മിലുള്ള മിത്തിക്കല്‍ ദൂരത്തെ (ങശവേശരമഹ ഉശേെമിരല) റദ്ദുചെയ്യുകയും ചെയ്യുന്നു.അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കും അവിടെ നിന്ന് തൊഴില്‍ കേന്ദ്രത്തിലേക്കും നമ്മളെത്തിച്ച സ്ത്രീകളിന്ന് വീണ്ടും ആ പഴയ ഇരുട്ടറകളിലേക്ക്, അകായിലേക്ക്, ആട്ടിപ്പായിക്കപ്പെടുന്ന പുരുഷാധിപത്യത്തിന്റെ പുത്തന്‍സ്മൃതിശാസനകള്‍ ഉയരുമ്പോള്‍, നിയമപരിരക്ഷയോടെ അനുവദിക്കപ്പെട്ട സ്ത്രീസ്വാതന്ത്ര്യംപോലും അനുഭവിക്കുകവഴി യാഥാസ്ഥിതികസമൂഹം ഭ്രഷ്ട് കല്പിച്ച സ്വാഭിമാനികളായ സീതമാരുടെ നിലവിളികള്‍ വീണ്ടുമുയരുമ്പോള്‍ അതിചിന്തവഹിച്ചുടജാന്തവാടിയില്‍ ഏകാകിയായിരിക്കുന്ന സീതയെ നാം വീണ്ടും വായിച്ച് ഖിന്നരാവുന്നത് കാലത്തിന്റെ കാവ്യനീതിയാവാം. അയ്യായിരം വര്‍ഷത്തിലേറെ പഴക്കം അവകാശപ്പെടാവുന്ന വൈദിക കാലഘട്ടത്തില്‍ സ്ത്രീകള്‍ പുരുഷന്മാര്‍ക്കൊപ്പം ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഋഗ്വേദം അഞ്ചാം മണ്ഡലത്തിലെ 28-10 സൂക്തവും എട്ടാം മണ്ഡലത്തിലെ 9-ാം സൂക്തവും യഥാക്രമം വിശ്വവാര, അപാല എന്നീ സ്ത്രീകള്‍ നിര്‍മ്മിച്ചവയാണെന്ന് വിശ്വസിക്കപ്പെടുന്നു. ഉപനിഷല്‍കാലത്ത് യാജ്ഞവല്ക്ക്യനോട് തര്‍ക്കിക്കുന്ന പത്‌നിമാരായ ഗാര്‍ഗ്ഗിയെയും മൈത്രേയിയേയും നാം കണ്ടുമുട്ടുന്നു. എങ്കിലും ജ്ഞാനാന്വേഷണത്തിന്റെ ഒരു വേളയില്‍ ഇനിയും ചോദിച്ചാല്‍ നിന്റെ തല നിലംപതിക്കും എന്ന യാജ്ഞവല്ക്യ കല്പന അറിവിനും അധികാരത്തിനും മേലേയുള്ള പുരുഷാധിപത്യത്തിന്റെ വൃത്തികെട്ട ശിരസ്സ് അന്നേ കാണിച്ചുതരുന്നുമുണ്ട്. എന്നിട്ടും പില്ക്കാലത്ത് ബുദ്ധമതാനുവര്‍ത്തികളായ തേരികളിലൂടെ, അവരുടെ ഗാഥകളിലൂടെ (തേരീഗാഥകള്‍) ഗാര്‍ഗ്ഗിയുടെയും മൈത്രേയിയുടെയും പാരമ്പര്യം തുടരുന്നതും നാം കാണുന്നു. മാനിനിയായ സീതയുടെ വിചാരങ്ങളെയും വിചാരണകളെയും  192 പദ്യങ്ങളിലായി ആശാന്‍ മിഴിവോടെ വരച്ചിടുന്നു. അതില്‍ സ്‌തോഭജനകമായ ജീവിതത്തിന്റെയും, തത്ത്വചിന്തകളുടെയും കടല്‍ അലടയിക്കുന്നത് കേള്‍ക്കാം. പുരുഷന്റെ (പുരുഷാധിപത്യത്തിന്റെ) ഭുജശാഖവിട്ട് സ്വാതന്ത്യത്തിന്റെയും സ്വാശ്രയത്വത്തിന്റെയും ദ്യോവിലേക്ക് പറന്നുപോകുന്ന ഏതൊരു സ്ത്രീയുടെയും ചിന്തകള്‍ പില്ക്കാലസാഹിത്യകൃതികളില്‍ അലയടിക്കുന്നുണ്ടെങ്കില്‍ അതിന്റെയെല്ലാം തുടക്കം ആശാന്റെ സീതയുയര്‍ത്തിയ ദാര്‍ശനിക സമസ്യകളെന്ന് സമകാലിക സ്ത്രീപക്ഷവായനകള്‍ സാക്ഷ്യം തരുന്നു. 1905ലെ സ്മാര്‍ത്തവിചാരത്തെക്കുറിച്ച് (ആശാന്റെ സീത ചിന്താവിഷ്ടയാവുന്നതിന് ഏകദേശം ഒന്നരപതിറ്റാണ്ട് മുമ്പ് നടന്ന സംഭവം), എം.ഗോവിന്ദന്‍ ‘ഒരു കൂടിയാട്ടത്തിന്റെ കഥ’ എന്ന കവിതയില്‍ വേറിട്ടൊരു കാഴ്ച്ചപ്പാട് അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ ആ രചന പുറത്തുവരുന്നതിന് പതിറ്റാണ്ടുകള്‍ക്കുമുമ്പ് രചിക്കപ്പെട്ട സമാനവിഷയകമായ ഒരു കൃതിയില്‍ തെറ്റ് സ്ത്രീയുടെ മാത്രമാണെന്ന എക്കാലത്തെയും ജീര്‍ണ്ണിച്ച പുരുഷാധികാരത്തിന്റെ ശബ്ദം ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍ എന്ന കവിയിലൂടെ നാം ഇങ്ങനെ കേള്‍ക്കുന്നു.”ജന്മാന്തരേഷ്ഠ കൃതദുഷ്‌കൃത സല്‍ഫലത്തെ-ത്തിന്മാന്‍ തരത്തിലിതുപോലെ പിറന്നിടുന്നു;വന്മായതന്‍ പകിടിയാല്‍ പുരുഷാഢ്യര്‍കൂടി-സ്സമ്മാര്‍ഗ്ഗമിങ്ങനെ വെടിഞ്ഞതിലാണു കഷ്ടം! (അപരാധിയായ അന്തര്‍ജ്ജനം- ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍) ആ ജീര്‍ണ്ണപരിസരത്തു നിന്നും എ.ഗോവിന്ദനിലെത്തുമ്പോള്‍ സ്ത്രീയെ പരിഗണിക്കുന്ന ഒരു സമൂഹം ഉയര്‍ന്നുവരുന്നതിന്റെ സൂചനകള്‍ നാം കാണുന്നു.”കൈവിരല്‍ത്തുമ്പാല്‍ തുടയ്ക്കുന്നു തന്‍ ബിംബംചിന്നി അതൊന്നാകും കാഴ്ച കാണ്മൂതന്നെ നിഷേധിച്ചും നിര്‍മ്മിക്കുമീവിദ്യഎന്നു മുതല്ക്കു നീയഭ്യസിച്ചു? ~(ഒരു കൂടിയാട്ടത്തിന്റെ കഥ- എം.ഗോവിന്ദന്‍.)തന്നെത്തന്നെ നിഷേധിച്ചും സ്വയം നിര്‍മ്മിക്കുന്ന സ്ത്രീയെയാണ് ഗോവിന്ദന്‍ വരച്ചിടുന്നത്. പില്കാല സ്ത്രീരചനകളിലെല്ലാം ക്രമാനുഗതമായി ഈ സ്വത്വനിര്‍മ്മിതി സൂക്ഷ്മദൃക്കുകള്‍ക്ക് വായിച്ചെടുക്കാന്‍ കഴിയും.സ്ത്രീയെ മാത്രം വീണ്ടും വീണ്ടും കുറ്റപ്പെടുത്തുന്ന നമ്മുടെ ദുഷിച്ച സദാചാരവും നിയമസംഹിതകളും സീത ഒരു നൂറ്റാണ്ടുമുമ്പുയര്‍ത്തിയ ചോദ്യത്തിന്റെ മിന്നലില്‍ കരിഞ്ഞുചാമ്പലാകുന്നു. ”പടുരാക്ഷസ ചക്രവര്‍ത്തിയെ-ന്നുടല്‍ മോഹിച്ചതു ഞാന്‍ പിഴച്ചതോ?”ഇതിനൊപ്പം നമ്മുടെ പഴയ ഒരു കോടതി നിരീക്ഷണം കുടിച്ചേര്‍ത്തുവായിക്കു. ‘ടൗഴമൃ ശ െിീ േഴീശിഴ ീേ മേേെല യശേേലൃ ല്‌ലി ശള ശ േശ െളീൃരലറ റീംി” ഇത് തന്നെയല്ലേ പലരൂപത്തില്‍ ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുന്നത്?ആശാന്റെ സീതയുടെ ചോദ്യശരങ്ങള്‍ ഇന്നും  പ്രസക്തമെന്ന് സമകാലികസംഭവങ്ങള്‍ പേര്‍ത്തും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ‘അനുശയക്ലാന്താസ്യനാം കാന്തനെ’ (പശ്ചാത്താപ വിവശനായ രാമന്‍) പൗരസമക്ഷം കണ്ട് അന്നിലയില്‍ ലോകം വെടിഞ്ഞ അഭിമാനിയായ സീതയുടെ; ചോദ്യശരങ്ങളില്‍ ഇളകിപ്പോകാത്ത സിംഹാസനങ്ങള്‍ ഉണ്ടാവില്ല എന്നുതന്നെ പറയാം. സ്ത്രീസമത്വത്തെക്കുറിച്ചുള്ള ആലോചനകള്‍ക്കൊണ്ട് പ്രക്ഷുബ്ധമായ വര്‍ത്തമാനത്തില്‍ അടിമത്വത്തിന്റെയും ആണധികാരത്തിന്റെയും ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ വെമ്പുന്ന മാനിനിയായ സീതയെ അവതരിപ്പിച്ചുകൊണ്ട് ഒരു നൂറ്റാണ്ടുമുമ്പ് രചിക്കപ്പെട്ട കാവ്യം അതിന്റെ നൂറ് സംഭവബഹുലമായ സംവംത്സരങ്ങള്‍ പിന്നിടുമ്പോള്‍ ആ കാവ്യം നിങ്ങളുടെ വായനാമേശമേല്‍ തുറന്നിരിക്കട്ടെ. അതാവട്ടെ ആശാനുള്ള ആദരം.

You must be logged in to post a comment Login