പെരിയ ഇരട്ടക്കൊലപാതകം; പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കൃപേഷിന്റെ അച്ഛന്‍; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും, കൃപേഷും കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ ഹൈക്കോടതിയെ സമീപിക്കും. കൊല നടത്തിയത് പുറത്തുനിന്നുള്ളവരാണെന്നും പിന്നില്‍ കൂടുതല്‍ പേരുണ്ടെന്നും കൃഷ്ണന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലാത്തതിനെ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതെന്ന് കൃഷ്ണന്‍ വ്യക്തമാക്കി.

പീതാംബരന് മാത്രമായി ഇത്തരമൊരു കൊലപാതകം ചെയ്യാനാകില്ലെന്നാണ് കൃഷ്ണൻ പറയുന്നത്. സിപിഐഎം അറിയാതെ കൊലപാതകം നടക്കില്ല. അടിപിടി പ്രശ്നമാണ് ഇത്തരമൊരു കൊലപാതകത്തിലെത്തിച്ചതെന്നും മുഖ്യമന്ത്രിയോ സിപിഐഎം നേതാക്കളോ ഫോണിൽ പോലും വിളിച്ച് ആശ്വസിപ്പിക്കാത്തതിൽ വലിയ മനോവിഷമം ഉണ്ടെന്നും കൃഷ്ണൻ  പറഞ്ഞു.

അതേസമയം, പ്രാദേശിക തര്‍ക്കത്തിനിടെ കൃപേഷും ശരത് ലാലും തന്നെ ആക്രമിച്ചപ്പോള്‍ പാര്‍ട്ടി സഹായിക്കാതിരുന്നതിലെ അപമാനം കാരണമാണ് കൊല നടത്തിയതെന്നാണ് അറസ്റ്റിലായ സി.പി.ഐഎം ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം എ. പീതാംബരന്റെ മൊഴി. കൊല്ലപ്പെട്ട കൃപേഷും ശരത്‌ലാലുമായി താന്‍ വഴക്കില്‍ ഏര്‍പ്പെട്ടത് ചില പ്രാദേശിക പ്രശ്‌നങ്ങളുടെ പേരിലാണ്. ഇരുവരും തന്നെ ആക്രമിച്ചത് പാര്‍ട്ടിയില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ലോക്കല്‍ കമ്മിറ്റി അംഗമെന്ന പരിഗണന പോലും കിട്ടാതിരുന്നപ്പോഴാണ് കടുത്ത തീരുമാനമെടുത്തതെന്നും പീതാംബരന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

എന്നാല്‍ പീതാംബരന്റെ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. മുന്നാട് സഹകരണ കോളേജിലുണ്ടായ തര്‍ക്കവുമയായി ബന്ധപ്പെട്ട് പീതാംബരനെ കൈയേറ്റം ചെയ്ത സംഘത്തില്‍ കൃപേഷ് ഉണ്ടായിരുന്നില്ലെന്നും ആ സമയം കൃപേഷ് വീട്ടിലുണ്ടായിരുന്നതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇക്കാരണത്താല്‍, കൈയേറ്റശ്രമ കേസില്‍ പൊലീസ് കൃപേഷിനെ പ്രതി ചേര്‍ത്തിരുന്നുമില്ല. കൃപേഷ് തന്നെ ആക്രമിച്ചെന്ന് പാര്‍ട്ടിയില്‍ പരാതിപ്പെട്ടിട്ടും തനിക്ക് അനുകൂലമായ നടപടിയുണ്ടായില്ലെന്ന് പീതാംബരന്‍ പറയുന്നു.

You must be logged in to post a comment Login