പെരിയ ഇരട്ടക്കൊലപാതകം: പീതാംബരന്‍ കുറ്റക്കാരനെന്ന് ഉദുമ എംഎല്‍എ; കൊലപാതകം കരുതിക്കൂട്ടി ചെയ്തത്; പാര്‍ട്ടി വിശദമായ അന്വേഷണം നടത്തും

 


കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ മുന്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്‍ കുറ്റക്കാരനെന്ന് ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമന്‍. പാര്‍ട്ടി അന്വേഷണത്തില്‍ ഇക്കാര്യം ബോധ്യപ്പെട്ടു. കൊലപാതകം കരുതിക്കൂട്ടി ചെയ്തതാണ്. പാര്‍ട്ടി വിശദമായ അന്വേഷണം നടത്തുമെന്നും കുഞ്ഞിരാമന്‍ പറഞ്ഞു. കേസില്‍ കൂടുതല്‍ പാര്‍ട്ടിക്കാരുണ്ടെങ്കില്‍ പൊലീസ് നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇരട്ടക്കൊലപാതകത്തിന് ശേഷം മുഖ്യപ്രതി എ പീതാംബരന്‍ അടക്കമുള്ള നാല് പേര്‍ ഒളില്‍ കഴിഞ്ഞത് പാര്‍ട്ടി ഓഫീസിലെന്ന് മൊഴി. ഞായറാഴ്ച രാത്രി നടന്ന കൃത്യത്തിനു ശേഷം ഇവര്‍ തിങ്കളാഴ്ച പുലര്‍ച്ചെവരെ ചട്ടംചാലിനടുത്തെ പാര്‍ട്ടി ഓഫീസിലാണ് കഴിഞ്ഞിരുന്നത്. കസ്റ്റഡിയുള്ളവരാണ് ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്.

അതേസമയം കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായ മറ്റു മൂന്നു പേര്‍ ഞായറാഴ്ച രാത്രി പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തരുടെ വീടുകളില്‍ തങ്ങി. നേരംപുലര്‍ന്നതോടെ എല്ലാവരേയും രഹസ്യകേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. ദേശീയപാത ഒഴിവാക്കി മറ്റു വഴികളിലൂടെയാണ് ഇവരെ ഒളിസങ്കേതത്തില്‍ എത്തിച്ചത്. ഇതിന് പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം ലഭിച്ചിരുന്നെന്നും കസ്റ്റഡിയിലുള്ളവര്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. പിന്നീട് പീതാംബരന്‍ അടക്കമുള്ളവരെ പൊലീസ് സ്‌റ്റേഷനില്‍ ഹാജരാക്കിയത് ഉന്നത നേതാക്കള്‍ ഇടപെട്ടിട്ടാണെന്നും ഇവര്‍ മൊഴി നല്‍കി.

കൊലയുടെ ഭീകരതയും സ്വഭാവവും പരിഗണിച്ച് കൊലയ്ക്കു പിന്നില്‍ കണ്ണൂരില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘമുണ്ടെന്ന് പറഞ്ഞാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ ഇരട്ടക്കൊലപാതകത്തില്‍ സര്‍ക്കാരും സി.പി.ഐ.എമ്മും പ്രതരോധത്തിലാവുകയും, മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും സംഭവത്തെ തള്ളിപ്പറയുകയും ചെയ്തതിനു പിന്നാലെ അന്വേഷണസംഘത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ആഭ്യന്തര വകുപ്പ്.

കൊലയ്ക്കു പിന്നില്‍ കണ്ണൂരില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘമുണ്ടെന്ന് ആദ്യം പറഞ്ഞ പൊലീസ്, സി.പി.എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന എ. പീതാംബരന്റെ അറസ്റ്റോടെ സംഭവത്തെ പ്രാദേശികവിഷയം മാത്രമായി ചിത്രീകരിച്ച് മലക്കംമറിയുകയാണെന്നാണ് സൂചന. സി.പി.എം നേതൃത്വം പീതാംബരനെ കൈയൊഴിയുകയും, ഉന്നതതല സമ്മര്‍ദ്ദം ശക്തമാവുകയും ചെയ്തതിനെ തുടര്‍ന്നാണ് കൊലയാളികളെ പിടികൂടാന്‍ മുന്നിട്ടുനിന്ന രണ്ട് ഉദ്യോഗസ്ഥരെ അന്വേഷണസംഘത്തില്‍ നിന്ന് മാറ്റിയതെന്ന് ആക്ഷേപമുണ്ട്.

You must be logged in to post a comment Login