പെരിയ ഇരട്ടക്കൊലപാതകം വ്യക്തി വൈരാഗ്യം മൂലമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്; സിപിഐഎം നേതാക്കള്‍ക്ക് പങ്കില്ല

കാസര്‍കോട്: പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകം വ്യക്തി വൈരാഗ്യം മൂലമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. കൊലപാതകത്തില്‍ സി.പി.ഐ.എം ജില്ലാ നേതാക്കള്‍ക്കോ ഉദുമ എം.എല്‍.എയ്‌ക്കോ പങ്കില്ലെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം പീതാംബരനെ ശരത് ലാല്‍ മര്‍ദ്ദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതിനിടയില്‍ കൃപേഷ് യാദൃശ്ചികമായി കൊല്ലപ്പെടുകയായിരുന്നു.എന്നാല്‍ കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍ പീതാംബരന്‍ തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചന.

അതേസമയം, കേസ് അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അടുത്ത ആഴ്ച ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയുന്നതിനാവശ്യമായ രേഖകളെല്ലാം കോണ്‍ഗ്രസ് നേതൃത്വം ശേഖരിച്ചു തയ്യാറാക്കി കഴിഞ്ഞു. പ്രമുഖ ക്രിമിനല്‍ അഭിഭാഷകനും മുന്‍ ഡി.സി.സി പ്രസിഡന്റുമായ അഡ്വ. സി.കെ ശ്രീധരനും മുന്‍ പ്രോസിക്യൂഷന്‍ ജനറല്‍ ടി.ആസിഫലിയും അടക്കമുള്ള ഒരു കമ്മറ്റിയെ തന്നെ കോണ്‍ഗ്രസ് നേതൃത്വം ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകം സംബന്ധിച്ച് ലോക്കല്‍ പൊലീസ് ആദ്യം നടത്തിയതും പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തും നടത്തുന്ന അന്വേഷണവും തൃപ്തികരമല്ലെന്നാണ് പാര്‍ട്ടിയുടെ പരാതി.

You must be logged in to post a comment Login