പെരിയ ഇരട്ടക്കൊല: രക്തക്കറ പുരണ്ട വടിവാളും പ്രതിയുടെ വസ്ത്രവും കണ്ടെത്തി

 

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന വടിവാള്‍ കണ്ടെത്തി. 68 സെന്റീമീറ്റര്‍ നീളമുള്ള വാളില്‍ രക്തക്കറ കണ്ടെത്തി. കൊല നടത്തുമ്പോള്‍ പ്രതി സുരേഷ് ധരിച്ചിരുന്ന ഷര്‍ട്ടും കണ്ടെത്തി. മറ്റ് പ്രതികള്‍ ഉപേക്ഷിച്ച വസ്ത്രങ്ങള്‍ കത്തിച്ച നിലയിലാണ്.  അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ശാസ്ത്രീയപരിശോധന നടത്തും. അതേസമയം,  പ്രതികളായ  അനില്‍കുമാറും വിജിനുമായി വെളുത്തോളിയില്‍ പൊലീസ് തെളിവെടുപ്പ് നടത്തി.

അതേസമയം, കാസര്‍കോട്ടെ ഇരട്ടക്കൊലപാതകം ഹീനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊലപാതകത്തെ ഒരു രീതിയിലും ന്യായീകരിക്കാന്‍ കഴിയില്ല. വീണ്ടുവിചാരമില്ലാത്തവര്‍ നടത്തിയ പ്രവര്‍ത്തനമാണിത്. തെറ്റായ ഒന്നിനെയും പാര്‍ട്ടി ഏറ്റെടുക്കില്ല. ശക്തമായ നടപടിക്കു പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതുപക്ഷത്തെയും സിപിഎമ്മിനെയും അപകീര്‍ത്തിപ്പെടുത്തിയ രണ്ട് കൊലപാതകങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. കൊലപാതകത്തോടെ നല്ല രീതിയില്‍ മുന്നോട്ടുപോകുന്ന സര്‍ക്കാരിനെയും പാര്‍ട്ടിയെയും അവഹേളിക്കുന്ന രീതിയില്‍ കാര്യങ്ങളെത്തിയെന്നും പിണറായി വ്യക്തമാക്കി.

തെറ്റായ ഒരു കാര്യം ഏറ്റെടുക്കേണ്ട ചുമതല പാര്‍ട്ടിക്കില്ല. കൊലപാതകം നടന്നതിന് പിന്നാലെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അതിനെ തള്ളിപ്പറഞ്ഞത് ഈ നിലപാടിന്റെ ഭാഗമായിട്ടാണ്. ഇത്തരം ആളുകള്‍ക്ക് പാര്‍ട്ടിയുടെ ഒരു പരിരക്ഷയും ലഭിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊലപാതകത്തിനു ശേഷം നടന്ന മറ്റനേകം കാര്യങ്ങളുണ്ട്. അക്രമം നടത്താന്‍ ലൈസന്‍സ് ലഭിച്ചെന്ന ധാരണയില്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ അഴിഞ്ഞാടി. ഇത് ആരും തള്ളിപ്പറഞ്ഞതായോ ആരും പ്രതികരിച്ചതായോ കണ്ടില്ല. ഇവരും ശക്തമായി നടപടി നേരിടേണ്ടിവരുമെന്നും പിണറായി പറഞ്ഞു.

രാജ്യത്ത് സിപിഎം ഏറ്റവും കൂടുതല്‍ ആക്രമണം നേരിടുന്ന സമയമാണിത്. പാര്‍ട്ടിക്ക് എല്ലാ കാര്യത്തിലും വ്യക്തമായ നിലപാടുണ്ട്. സിപിഎമ്മിനെതിരെ ആക്രമണം അഴിച്ചവിട്ടത് കോണ്‍ഗ്രസാണെന്നും കാസര്‍കോട് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനോദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതിനിടെ, പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം ക്രൈംബ്രാ‍ഞ്ച് ഐജി: എസ്.ശ്രീജിത്തിനെ ഏല്‍പിച്ചതിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി‍. ടിപി വധക്കേസ്, ശബരിമല തുടങ്ങി സിപിഎം പ്രതിക്കൂട്ടിലായിടത്തെല്ലാം ശ്രീജിത്തിന് ചുമതല നല്‍കുന്നു. കെവിന്‍ കേസില്‍ വീഴ്ച വരുത്തിയ എസ്പിയും അന്വേഷണസംഘത്തിലുണ്ട്.

You must be logged in to post a comment Login