പെരുമാള്‍ മുരുകന്റെ പുസ്തകത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി റദ്ദാക്കി

perumalചെന്നൈ: പ്രശസ്ത തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്റെ വിവാദമായ ‘മാതൊരുഭഗന്‍’ (അര്‍ദ്ധനാരീശ്വരന്‍) എന്ന പുസ്തകം നിരോധിച്ച നാമക്കല്‍ ജില്ലാ ഭരണകൂടത്തിന്റെ നടപടി മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ജില്ലാ ഭരണകൂടത്തിന്റെ നടപടി ആവിഷ്‌കാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ചീഫ് ജസ്റ്റിസ് എസ്.കെ.കൗള്‍, ജസ്റ്റിസ് പുഷ്പ സത്യനാരായണ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. പെരുമാള്‍ മുരുകനെ പോലെ സമാനമായ അനുഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ സാഹചര്യങ്ങള്‍ പൊലീസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിശദമാക്കി മാനദണ്ഡങ്ങളും കോടതി പുറത്തിറക്കി. മുരുകനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികളും ബെഞ്ച് തള്ളിയിട്ടുണ്ട്.  മാതൊരുഭഗന്‍’ ( അര്‍ദ്ധനാരീശ്വരന്‍ ) എന്ന പേരില്‍ 2010ല്‍ പ്രസിദ്ധീകരിച്ച നോവലില്‍ അദ്ദേഹം ഹിന്ദുവനിതകളെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് തമിഴ്‌നാട്ടിലെ നാമക്കല്‍ , മധുര, ജില്ലകളില്‍ കുറെ ദിവസമായി ഹിന്ദുസംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് അധികൃതര്‍ നടത്തിയ ഒത്തുതീര്‍പ്പുചര്‍ച്ചയില്‍ വിവാദ പരാമര്‍ശങ്ങള്‍ നീക്കാമെന്ന് മുരുകന്‍ അറിയിച്ചു. അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിച്ചു. വില്‍ക്കാതെ ഇരിക്കുന്ന പുസ്തകത്തിന്റെ മുഴുഴന്‍ പ്രതികളും തിരിച്ചെടുക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് താന്‍ എഴുത്തു നിറുത്തുകയാണെന്ന് നാമക്കല്‍ ഗവ. ആര്‍ട്‌സ് കോളജില്‍ തമിഴ് പ്രൊഫസര്‍ കൂടിയായ മുരുകന്‍ പ്രഖ്യാപിക്കുകയായിരുന്നു

You must be logged in to post a comment Login