പൊമ്പിളൈ ഒരുമൈയുടെ സത്യാഗ്രഹം അവസാനിപ്പിക്കാന്‍ ഇടപെടില്ലെന്ന് എം.എം.മണി; ‘സ്ത്രീ പീഡനത്തിന്റെ പേരില്‍ ആക്ഷേപം കേള്‍ക്കുന്നത് കോണ്‍ഗ്രസുകാര്‍, കമ്യൂണിസ്റ്റുകളല്ല’

തിരുവനന്തപുരം: തന്റെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ പെീമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തിവരുന്ന സത്യഗ്രഹ സമരം അവസാനിപ്പിക്കാന്‍ ഇടപെടില്ലെന്ന് മന്ത്രി എം.എം. മണി. സമരം തുടങ്ങിയത് യുഡിഎഫും ബിജെപിയും ആം ആദ്മി പാര്‍ട്ടിയും മാധ്യങ്ങളുമാണ്. ഇനിയും ആ പാവം സ്ത്രീകള്‍ സമരം തുടരുന്നത് കഷ്ടമാണെന്നും മന്ത്രി പറഞ്ഞു.

പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിനെ തുടര്‍ന്ന് നിരാഹാര സമരം അവസാനിപ്പിച്ച പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍, റിലേ സത്യാഗ്രഹത്തിന് തുടക്കം കുറിച്ചിരുന്നു. സമരത്തിന് പിന്തുണയര്‍പ്പിച്ച് ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരും രംഗത്തുണ്ട്. അതേസമയം, യഥാര്‍ഥത്തില്‍ സ്ത്രീ പീഡനം നടത്തുന്നത് കോണ്‍ഗ്രസുകാരാണെന്ന് മന്ത്രി ആരോപിച്ചു. സോളര്‍ കേസുമായി ബന്ധപ്പെട്ട് എന്തെല്ലാം വൃത്തികേടുകളാണ് അവര്‍ കാട്ടിക്കൂട്ടിയത്. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വലിയ സ്ത്രീ പീഡനത്തിന്റെ ആളുകളാണ്. ചരിത്രകാരന്‍മാര്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളതാണ്. കമ്യൂണിസ്റ്റ് നേതാക്കളാരും ഇത്തരത്തില്‍ സ്ത്രീപീഡനത്തിന്റെ പേരില്‍ ആക്ഷേപം നേരിട്ടിട്ടില്ലെന്നും മണി ചൂണ്ടിക്കാട്ടി.

മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടിനെയും മണി വിമര്‍ശിച്ചു. എല്ലാവരും പങ്കെടുക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത്. ചെന്നിത്തല പങ്കെടുക്കില്ലെന്ന് പറഞ്ഞത് കയ്യേറ്റം ഒഴിപ്പിക്കുന്നതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കാന്‍ അദ്ദേഹത്തിനു ബുദ്ധിമുട്ടുള്ളതിനാലാണ്. അഞ്ചു കൊല്ലം ഭരിച്ചിട്ടും കയ്യേറ്റം ഒഴിപ്പിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

You must be logged in to post a comment Login