പേടിഎമ്മിലൂടെ ഫോണ്‍ബില്‍ അടയ്ക്കരുത്; സ്വീകരിക്കില്ലെന്ന് ബിഎസ്എന്‍എല്‍

കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്‌നിലൂടെ ഇപെയ്‌മെന്റ് ഉള്‍പ്പെടെയുള്ളവ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് വ്യക്തമായ വിശദീകരണില്ലാതെ ബിഎസ്എന്‍എല്‍ പേടിഎം പോലൊരു ജനകീയ സേവനത്തെ അകറ്റി നിര്‍ത്തുന്നത്.


paytm

തിരുവനന്തപുരം: പ്രമുഖ പെയ്‌മെന്റ് വോളറ്റ് സേവനമായ പേടിഎമ്മിലൂടെ ഫോണ്‍ബില്‍ അടയ്ക്കുന്ന ബിഎസ്എന്‍എല്‍ വരിക്കാര്‍ സൂക്ഷിക്കുക. പേടിഎമ്മിലൂടെ ലഭിക്കുന്ന പെയ്‌മെന്റുകള്‍ ഇനി മുതല്‍ സ്വീകരിക്കുകയില്ലെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. പേടിഎമ്മിലൂടെ പണം അടയ്ക്കുന്നവരുടെ ഫോണുകള്‍ ഡിസ്‌കണക്ട് ചെയ്യപ്പെട്ടേക്കാമെന്നും പൊതുമേഖല ഭീമനായ ബിഎസ്എന്‍എല്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്‌നിലൂടെ ഇപെയ്‌മെന്റ് ഉള്‍പ്പെടെയുള്ളവ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് വ്യക്തമായ വിശദീകരണില്ലാതെ ബിഎസ്എന്‍എല്‍ പേടിഎം പോലൊരു ജനകീയ സേവനത്തെ അകറ്റി നിര്‍ത്തുന്നത്.

പേടിഎം വഴിയുള്ള പണമിടപാടുകള്‍ സ്വീകരിക്കുകയില്ലെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചതോടെ ആശയകുഴപ്പത്തിലായിരിക്കുകയാണ് ചിലര്‍. ഇതുവരെ നടത്തിയ പെയ്‌മെന്റുകള്‍ സ്വീകരിക്കുകയില്ലേ? ആ പണമൊക്കെ നഷ്ടപ്പെടുമോ? എന്ന് തുടങ്ങിയ സംശയങ്ങളാണ് വരിക്കാര്‍ ഉയര്‍ത്തുന്നത്. ഓണ്‍ലൈന്‍ ബില്‍ പെയ്‌മെന്റെന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ആദ്യമെത്തുന്ന റിസല്‍ട്ട് പേടിഎം ആയിരിക്കും. ഇതനുസരിച്ച് സ്വാഭാവികമായും ആളുകള്‍ പേടിഎം വോളറ്റിലില്‍നിന്ന് ബില്‍ തുക അടയ്ക്കുകയും ചെയ്യും. എന്നാല്‍, ഇനി മുതല്‍ ഇത് വേണ്ടെന്നാണ് ബിഎസ്എന്‍എല്‍ പറയുന്നത്.

പേടിഎമ്മിലൂടെ പണമിടപാടുകള്‍ക്ക് നിരവധി പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് പേടിഎമ്മിന് വിലക്ക് ഏര്‍പ്പെടുത്തുന്നത് എന്നാണ് കമ്പനിയുടെ ഔദ്യോഗിക വിശദീകരണം. പേടിഎമ്മുമായി കമ്പനിക്ക് യാതൊരുവിധ സഹകരണവുമില്ല. പേടിഎമ്മില്‍ അടയ്ക്കുന്ന തുക ബിഎസ്എന്‍എല്‍ അക്കൗണ്ടില്‍ എത്തുകയില്ലെന്നും കമ്പനി ഔദ്യോഗികമായി അറിയിച്ചു. ഫെബ്രുവരി 22 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വന്നുവെന്ന് അറിയിച്ച ബിഎസ്എന്‍എല്‍ കേരള ചീഫ് ജനറല്‍ മാനേജര്‍ എല്‍. അനന്തരാമന്‍ ഇത് ദേശീയ തലത്തിലുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണോ എന്ന കാര്യം വിശദീകരിച്ചിട്ടില്ല.

തേര്‍ഡ് പാര്‍ട്ടി വെബ്‌സൈറ്റുകളില്‍നിന്നും ആപ്പുകളില്‍നിന്നും ചെയ്യുന്ന ബിഎസ്എന്‍എല്‍ മൊബൈല്‍ സിംകാര്‍ഡ് റീച്ചാര്‍ജുകള്‍ വിജയകരമാകുന്നില്ലെന്ന പരാതികളും ഉയരുന്നുണ്ടെന്ന് ബിഎസ്എന്‍ല്‍ അറിയിച്ചു. ഓണ്‍ലൈന്‍ റീച്ചാര്‍ജിംഗിനായും ബില്‍ പെയ്‌മെന്റിനായും ബിഎസ്എന്‍എല്‍ ഔദ്യോഗിക വെബ്‌സൈറ്റിനെയോ അംഗീകൃത കൗണ്ടറുകളിലോ എത്തണമെന്നാണ് ബിഎസ്എന്‍എല്‍ പറയുന്നത്.

You must be logged in to post a comment Login