പേനയ്ക്കുള്ളിലെ നന്മയുടെ വിത്തുകള്‍

Weekend-March-12-1

അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ആര്‍ട്ട് ഗ്യാലറി ഡിസൈനര്‍ ജോലി ഉപേക്ഷിച്ച് മലയാള മണ്ണില്‍ സാമൂഹ്യസേവനത്തിന്റെ പാതകളില്‍ വൈവിധ്യമാര്‍ന്ന പരീക്ഷണങ്ങള്‍ നടത്തുകയാണ് ഡിസൈനര്‍ ലക്ഷ്മി എന്‍ മേനോന്‍. അമ്മൂമ്മത്തിരി, പേപ്പര്‍ പേന, വിത്തുപേന,ഓറഞ്ച് അലേര്‍ട്ട്, തുടങ്ങിയ കണ്ടെത്തലുകളിലൂടെ ലക്ഷ്മി പറഞ്ഞു തരുന്ന സന്ദേശങ്ങള്‍ നന്‍മയുടെ തിരിനാളം തെളിയിക്കുന്നവയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ ജോലിക്കായി പോയ ലക്ഷ്മി അവിടെ ജുവല്ലറി ഡിസൈനിംഗില്‍ പരിശീലന ശേഷം സാന്‍ഫ്രാന്‍സിസ്‌കോയിലെ ഗ്യാലറിയില്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്നതിനിടയിലാണ് പേപ്പര്‍ പേന നിര്‍മാണം പഠിക്കുന്നത്. ”പലതും പഠിക്കുന്നതിനിടയില്‍ ഇതും പഠിച്ചു. അന്ന് ഒരു സംരംഭം എന്ന ചിന്ത തന്നെ ഉടലെടുത്തിരുന്നില്ല. പത്ത് വര്‍ഷത്തിനുശേഷം നാട്ടില്‍ അവധിക്കെത്തിയപ്പോള്‍, പ്ലാസ്റ്റിക് പേനകള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചെറുതല്ല എന്ന തിരിച്ചറിവ് എന്നെ ഇത്തരം പ്രവര്‍ത്തനത്തിലേക്ക് അവിചാരിതമായി നയിക്കുകയായിരുന്നു. പിന്നെ പ്രവര്‍ത്തനങ്ങള്‍ പ്യുവര്‍ ലിവിംഗ് എന്ന സംഘടനക്കൊപ്പമായി.”

എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റം സ്വദേശിനിയാണ് ലക്ഷ്മി. പി.കെ. നാരായണനും ശ്രീദേവിയുമാണ് മാതാപിതാക്കള്‍. അച്ഛനും സുഹൃത്തുക്കളും സായാഹ്നങ്ങളില്‍ വീട്ടില്‍ ഒത്തുചേര്‍ന്ന് നടത്തിയിരുന്ന സംഭാഷണങ്ങളില്‍ സാമൂഹ്യ തിന്മകള്‍ക്കെതിരെയും ഗുണപരമായ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ അനിവാര്യതയും വിഷയീഭവിച്ചിരുന്നു. അത്തരം കൂട്ടായ്മകളിലെ കേള്‍വിക്കാരിയും പങ്കാളിയും ആയിരുന്നു കുട്ടിക്കാലത്ത് ലക്ഷ്മി. ഇന്നത്തെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലേക്ക് ഈ പെണ്‍മനസ്സിനെ കൈപിടിച്ചിറക്കിയത് ആ അനുഭവമാണ്.

പ്യുവര്‍ ലിവിംഗ്/ഗുഡ് കര്‍മ ഫൗണ്ടേഷന്‍
പ്യുവര്‍ ലിവിംഗ് സോഷ്യല്‍ എന്റര്‍പ്രൈസസ്- ഒരു സാമൂഹ്യ സന്നദ്ധ സംഘടനയാണ്. ഈ സംഘടനയുമായി ബന്ധപ്പെട്ട് ധാരാളം പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. പ്രകൃതിക്കും മനുഷ്യനും ഹാനികരമാകാതെ ജീവിതശൈലി സ്യഷ്ടിച്ചെടുക്കുവാന്‍ ഈ സംഘടന സഹായിക്കുന്നു. ഈ ആശയങ്ങളില്‍ അധിഷ്ഠിതമായി അമ്മൂമ്മത്തിരി, വിത്തുപേന,ഓറഞ്ച് അലേര്‍ട്ട്, തുടങ്ങിയ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതോടൊപ്പം ലക്ഷ്മി, പ്യുവര്‍ ലിവിംഗന്റെയും സഹോദരന്‍ തുടക്കമിട്ട ഗുഡ് കര്‍മ ഫൗണ്ടേഷന്‍ എന്ന ഫാമിലി ട്രസ്റ്റിന്റെയും മേല്‍നോട്ടവും നിവ്വഹിക്കുന്നു.ആരോഗ്യസുരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും വേണ്ട ധനസഹായങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്. സാമൂഹ്യപ്രതിബദ്ധത കാത്തു സൂക്ഷിച്ചു കൊണ്ടാണ് ഗുഡ് കര്‍മ ഫൗണ്ടേഷനും പ്രവര്‍ത്തിക്കുന്നത്.പേപ്പര്‍പേന നിര്‍മിക്കുന്ന അംഗവൈകല്യമുള്ളവര്‍ക്ക് നിര്‍മാണത്തിന് ആവശ്യമായ മെഷീനോ മറ്റ് ഉപകരണങ്ങളോ വാങ്ങുന്നതിന് ഗുഡ് കര്‍മ ട്രസ്റ്റ് പിന്തുണ നല്‍കുന്നു.

അമ്മൂമ്മത്തിരി

90 വയസ്സായ എന്റെ അമ്മൂമ്മയ്ക്ക് എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം. വീട്ടിലേക്ക് വേണ്ട വിളക്കുതിരി തിരിക്കുന്നത് അമ്മൂമ്മയാണ്. നാമം ജപിച്ച് ആത്മാര്‍ത്ഥമായാണ് അമ്മൂമ്മ തിരിതിരിക്കുന്നത്. ഇത് കാണാനുളള രസവും അമ്മൂമ്മയെ കൂടുതല്‍ സമയം പിടിച്ചിരുത്താനും കൂടുതല്‍ നൂല്‍വാങ്ങിക്കൊടുത്തു. ഏറെ നൂലിന് ഏറെ തിരികള്‍തിരിച്ചപ്പോള്‍ അമ്മൂമ്മയ്ക്ക് ഏറെ സന്തോഷം. അത് അയല്‍വീടുകളിലും ബന്ധുവീടുകളിലും കൈമാറിയപ്പോള്‍ അവര്‍ക്കും സന്തോഷം.പിന്നീട് കാഴ്ച്ച മങ്ങിതുടങ്ങിയ അച്ചന്റെ സഹോദരിക്കും നല്‍കി. ആ അമ്മൂമ്മയും കൂടുതല്‍ ഉല്‍സാഹഭരിതയായി കാണപ്പെട്ടപ്പോഴാണ് വൃദ്ധസദനങ്ങളിലെ അമ്മൂമ്മമാരെക്കുറിച്ച് ഓര്‍ത്തത്. നാല് ചുവരിന്റെ ഏകാന്തതയില്‍ വീര്‍പ്പുമുട്ടുന്ന അവര്‍ക്ക് ഇത് ആശ്വാസമേകുമെന്ന് തോന്നി.സാമൂഹ്യക്ഷേമവകുപ്പ് നടത്തുന്ന എറണാകുളത്തെയും തിരുവനന്തപുരത്തെയും അമ്പലപ്പുഴയിലെയും വൃദ്ധസദനങ്ങളില്‍ കൈത്തറിയില്‍നിന്നുള്ള കഴിനൂല്‍ നല്‍കി. ഇപ്പോള്‍ ഈ അമ്മൂമ്മമാര്‍ക്ക് പ്രതിദിനം 100 രൂപയിലധികം വരുമാനം ലഭിക്കുന്നു. തിരി പായ്ക്ക് ചെയ്യുന്നത് ഭിന്നശേഷിയുള്ളവര്‍ക്കുള്ള ബഡ്‌സ് എന്ന സ്ഥാപനത്തിലെ അന്തേവാസികളാണ്. പായ്ക്ക് ചെയ്ത് ആവശ്യക്കാര്‍ക്ക് ഓര്‍ഡര്‍ പ്രകാരം എത്തിച്ചുകൊടുക്കും.കേട്ടറിഞ്ഞ് നിരവധിപേര്‍ അമ്മൂമ്മത്തിരിക്ക് എത്തുന്നു. വിവാഹത്തിനും മറ്റും റിട്ടേണ്‍ ഗിഫ്റ്റായി അമ്മൂമ്മത്തിരി കൊടുക്കുന്നവരുണ്ട്. വലിയക്ഷേത്രങ്ങള്‍ തിരിയെടുക്കാന്‍ തയ്യാറായാല്‍ അത് ഏറെ സഹായകരമാകും. അമ്മൂമ്മത്തിരിയില്‍നിന്ന് ലഭിക്കുന്ന വരുമാനം പൂര്‍ണമായും അമ്മൂമ്മമാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് ഉപയോഗിക്കുന്നത്.

വിത്ത് ലൗ

അന്‍പത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഉള്ള നമ്മുടെ സംസ്ഥാനത്ത് ഒരു വിദ്യാര്‍ത്ഥിക്ക് മൂന്നു പേന വീതം മാസത്തില്‍ വേണ്ടിവരുന്നുണ്ടെങ്കില്‍ പരിസ്ഥിതിയില്‍ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് എത്രയാണെന്ന ചിന്തയില്‍ നിന്നാണ് പേപ്പര്‍ പേനയെന്ന ആശയം ഉടലെടുത്തത്. അത് പ്യുവര്‍ ലിവിംഗിലൂടെ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രിന്റിങ് പ്രസുകളിലെ പേപ്പര്‍ വേസ്റ്റ് സ്വരൂപിച്ച് റീഫില്‍ ഒഴികെയുള്ള ഭാഗങ്ങള്‍ പേപ്പര്‍ കൊണ്ട് നിര്‍മ്മിച്ചു. അനാഥാലയങ്ങളില്‍ ക്രാഫ്റ്റ് വര്‍ക്ക് എന്ന നിലയിലായിരുന്നു തുടക്കം. പിന്നീട് പേനയോടൊപ്പം ചെടികളുടെ വിത്തുകൂടി നല്‍കാന്‍ കഴിഞ്ഞാല്‍ ഉചിതമെന്ന് തോന്നി. ചീര, മുളക്, വഴുതന തുടങ്ങിയവയുടെ വിത്തുകള്‍,പേനയുടെ ചുവടുഭാഗത്ത് നിറച്ചു. അങ്ങനെ അത് ‘വിത്ത് ലൗ’എന്നായി. വേനല്‍ച്ചൂട് തന്ന ചൂട്ചിന്ത. പേനയില്‍ വെച്ച് കൊടുക്കാന്‍ കഴിയുന്ന ചെറിയ മരത്തിന്റെ വിത്തുളള അഗസ്ത്യമരത്തില്‍ ചെന്നുപെടുകയായിരുന്നു. തണല്‍മരമായി വളരുന്നതോടൊപ്പം മികച്ച ഔഷധഗുണമുള്ളതുമാണ്. വിത്തിന് നല്ല വിലയള്ളതിനാല്‍ നാണ്യവിളയായും ഉപയോഗിക്കാനാവും.
വിളക്കുമരങ്ങള്‍

വിത്തുപേന പല പ്രമുഖരും പ്രതീകാത്മകമായിനട്ടിട്ടുണ്ട്. ചട്ടിയില്‍ മണ്ണ് നിറച്ച് അതില്‍ പല പ്രമുഖരും നടുന്ന വിത്ത്‌പേന പിന്നീട് വീട്ടിലേക്ക് പറിച്ച് നടുന്നു. നട്ട് പരിപാലിച്ച് പോരുന്ന ഇവയെ വിളക്കുമരങ്ങള്‍ എന്നാണ് വിളിക്കുന്നത്. കൂടുതല്‍ മഹാന്മാരുടെ പേരിലുള്ള മരങ്ങള്‍ നട്ട് വീടിനുചുറ്റും മരങ്ങളുടെ ഒരു മ്യൂസിയം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. എം.ടി. വാസുദേവന്‍നായര്‍, സുഗതകുമാരി, മാര്‍ ക്രിസോസ്റ്റം, മമ്മൂട്ടി, ഇ.ശ്രീധരന്‍ എന്നിവര്‍ ഇതുവരെ ഇതില്‍ പങ്കാളികളായി.

ഓറഞ്ച് അലര്‍ട്ട്

നമ്മുടെ റോഡുകള്‍ അപകടം സൃഷ്ടിക്കുന്നവയാകുമ്പോള്‍ അതിനായി ഒരു മുന്‍കരുതല്‍ എന്ന ആശയത്തില്‍ നിന്ന് ഉടലെടുത്തതാണ് ഓറഞ്ച് അലേര്‍ട്ട്.റോഡുകളുടെ അപകടാവസ്ഥ ഡ്രൈവര്‍മാരെ ഓര്‍മ്മപ്പെടുത്താന്‍ 50 അടി അപ്പുറവും ഇപ്പുറവും ഓറഞ്ച് നിറത്തില്‍ ദീര്‍ഘത്രികോണം വരയ്ക്കുകയെന്നതാണ്ആശയം. ജനകീയ പിന്തുണയോടെ ഈ സിഗ്‌നല്‍ സംവിധാനം വ്യാപിപ്പിക്കാനാണ് ശ്രമം. മാഞ്ഞുപോകുന്ന തരത്തില്‍ എക്സ്റ്റീരിയര്‍ പെയിന്റാണ് വരയ്ക്കാന്‍ ഉപയോഗിക്കുന്നത്. കേട്ടറിഞ്ഞ് നിരവധിപേര്‍ ഇപ്പോള്‍ ഇതിന് തയ്യാറായി മുന്നോട്ടുവരുന്നു. ഈ ആവശ്യത്തിന് സൗജന്യമായി പെയിന്റ് നല്‍കാമെന്ന് ബെര്‍ജര്‍ കമ്പനിയും സമ്മതിച്ചു.

ആക്രിയോളജി

ആക്രി സാധനങ്ങളാണ് പ്രിയപ്പെട്ട അസംസ്‌കൃതവസ്തു. നമ്മള്‍ നിസ്സാരമെന്നുകരുതി വലിച്ചെറിയുന്ന സാധനങ്ങളില്‍നിന്ന് അതിന്റെ ഒരുപാട് വൈവിധ്യങ്ങള്‍ തീര്‍ക്കാം. ‘ആക്രിയോളജി’ എന്നാണ് ലക്ഷ്മിയിട്ടിരിക്കുന്ന പേര്. അത്തരം വര്‍ക്കിന് ആരാധകര്‍ ഏറുകയാണ്. വൈക്കോല്‍കൊണ്ടുള്ള ‘ഹേ ആര്‍ട്ടില്‍’എം.മുകുന്ദന്റെ പ്രവാസം എന്ന പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. പുസ്തകത്തിന്റെ 10,000 കോപ്പിയിലും ഹേ ആര്‍ട്ടായിരുന്നു. അഞ്ചുതരം ഡിസൈന്‍ ഉപയോഗിച്ചു. ഡിസി ബുക്‌സിന്റെ ഷോപ്പും മറ്റും ഡിസൈന്‍ ചെയ്തിട്ടുണ്ട് ഇവര്‍. വല്ലപ്പോഴും കല്യാണങ്ങളുടെ വേദി രൂപ കല്‍പ്പന ചെയ്യാറുണ്ട്. തികച്ചും ജൈവമായ രീതിയിലാണ് ഇവയെല്ലാം ചെയ്യാറ്.

ഗ്രാന്‍ഡ്മാര്‍ക്ക്

പലരും അമ്മൂമ്മത്തിരിക്ക് ഒപ്പം പലഹാരങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയപ്പോള്‍ അച്ചപ്പം, മുറുക്ക് തുടങ്ങിയ പലഹാരങ്ങള്‍ അമ്മൂമ്മമാര്‍ തന്നെ ഉണ്ടാക്കി നല്‍കുന്നു. ഇതിന് കൃത്യമായ വിപണി കണ്ടെത്തുകയാണ് ഗ്രാന്‍ഡ്മാര്‍ക്കിലൂടെ. കേരളത്തിന്റെ വിവിധയിടങ്ങളില്‍ അമ്മൂമ്മമാര്‍ വീട്ടിലുണ്ടാക്കുന്ന സാധനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഈ ട്രേഡ്മാര്‍ക്ക് നല്‍കും. സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും അവര്‍ക്ക് വില്‍പ്പന നടത്താന്‍ ഇത് സഹായകമാകും.

പെന്‍ഡ്രൈവ്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു സമാഹരിച്ച, വലിച്ചെറിയപ്പെട്ട നാല് ലക്ഷം പേനകള്‍ ഉപയോഗിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ ബിനാലെ ഫൗണ്ടേഷന്റെ സഹകരണത്തോടെ ഒരു ഇന്‍സ്റ്റലേഷന്‍ / ശില്‍പം(ബഷീറിയന്‍ സങ്കല്പമായ ‘ഇമ്മിണി ബല്യ ഒന്ന്’) നിര്‍മ്മിക്കുന്നു.

ജലമിത്ര

ശുദ്ധമായ കുടിവെളളം കിട്ടാക്കനിയാകുന്ന ഇക്കാലത്ത് ജലമിത്രമെന്ന പേരില്‍ കുടിവെള്ള വിതരണത്തിന്റെ പുതിയ പദ്ധതിയുടെ തയ്യാറെടുപ്പിലാണ് ലക്ഷ്മി ഇപ്പോള്‍.തെരഞ്ഞെടുക്കപ്പെടുന്ന കുറച്ച് ഇടങ്ങളില്‍ ജല അതോറിറ്റിയുമായി ബന്ധപ്പെട്ട് കുടിവെള്ളം ലഭ്യമാക്കുകയാണ് ആദ്യ പടി.

അടുക്കളയിലും ഉള്ളകങ്ങളിലും വീട്ടമ്മയുടെ മുഷിഞ്ഞു വിരസമായ ജീവിതം തള്ളിയുന്തി അവസാനിച്ചു പോകുന്ന മഹാഭൂരിപക്ഷം സ്ത്രീജീവിതങ്ങള്‍ക്ക് പ്രചോദനവും പാഠപുസ്തകവും ആണ് ലക്ഷ്മി എന്ന ചെറുപ്പക്കാരി. സ്ത്രീശാക്തീകരണത്തിന്റെയും വനിതാവകാശത്തിന്റെയും സാമൂഹ്യസ്ത്രീ സേവനത്തിന്റെയും ഏകദിന അനുഷ്ഠാനമല്ല, സ്ത്രീകളുടെ ക്രിയാശേഷിയുടെ വിശാലമണ്ഡലമെന്ന് തെളിയിക്കപ്പെടുന്നതാണ്, അമേരിക്കയിലെ നക്ഷത്രലോകത്ത് നിന്ന് ഈ മണ്ണിലേക്ക് ഇറങ്ങിവന്ന ലക്ഷ്മി എം. മേനോന്റെ പ്രവര്‍ത്തന വൈവിധ്യങ്ങള്‍.

You must be logged in to post a comment Login