പേറെടുക്കാന്‍ വന്ന വയറ്റാട്ടി ഇരട്ടപെറ്റാല്‍…


 

വീണ്ടും പറയേണ്ടി വരുന്നു സമരചുംബനത്തെക്കുറിച്ച്. കൊച്ചിയില്‍ നിന്ന് കോഴിക്കോട്ട് വഴി ആലപ്പുഴയില്‍ എത്തുമ്പോഴും , കാലത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിയാനാവാത്തവര്‍ എതിര്‍പ്പുമായി തെരുവിലുണ്ട്. “ചിരട്ടയില്‍ കടല്‍ വെള്ളമെടുത്ത് ഓരോരുത്തരും വെയിലില്‍ വറ്റിച്ച് കുറുക്കി പിറ്റേന്നു മുതല്‍ ഉപ്പ് ഉണ്ടാക്കി ഉപയോഗിക്കാനാകുമോ’  എന്ന ചോദ്യം കൊണ്ടല്ല ഗാന്ധിയുടേയും കേളപ്പന്റെയും ഉപ്പ് കുറുക്കല്‍ സമരത്തെ അഭിസംബോധന ചെയ്യേണ്ടത് എന്ന് ഈ സാംസ്കാരിക നിരക്ഷരര്‍ എന്നാണാവോ ഇനി പഠിക്കുക.  ഉപ്പ് കുറുക്കല്‍ ഒരു സമര രൂപമായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമര കാലത്തിനുശേഷം വീണ്ടും ഉപ്പ് കുറുക്കല്‍ സമരം നടന്നു തൊണ്ണുറുകളില്‍. ചെറുസംഘങ്ങളുടെ ഗ്രാമീണ ഉപ്പളങ്ങള്‍ക്ക് അനുമതി നിഷേധിച്ച്‌കൊണ്ട്് ഇന്ത്യയിലെ ഉപ്പ് വ്യാപാരം കുത്തക കമ്പനിയെ ഏല്പിച്ച സമയത്ത്. ഗോയിറ്റര്‍ രോഗം വര്‍ദ്ധിക്കുന്നു എന്നും, അതിന് പരിഹാരം സാദാ ഉപ്പിനു പകരം അയഡൈസ്ഡ് ഉപ്പ് ഉപയോഗിക്കുകയാണ് എന്നും വലിയ ആരോഗ്യ പരിപാലന പ്രചരണഘോഷത്തോടെയാണ് ടാറ്റാ കമ്പനിയുടെ കുത്തക ഉപ്പ് വിപണിയില്‍ ആധിപത്യം നേടിയത്.അടിയന്തിരാവസ്ഥയിലെ “”നാവടക്കൂ പണിയെടുക്കു” എന്ന ആജ്ഞയെ ഓര്‍മ്മിപ്പിക്കും വിധം വന്നു പുതിയ ഒരു മുന്നറിയിപ്പ്  “ഇനി ഉപ്പ് എന്ന് പറയരുത് സ്പ്രിങ്കിള്‍ എന്നു പറയുക’.ഇന്ത്യയിലെ കടലോര ശൃംഖലയിലെ ഒട്ടേറെ ഗ്രാമീണ ഉപ്പളങ്ങള്‍ തകരുകയും ആയിരക്കണക്കിന്  “ഉപ്പ് കര്‍ഷകര്‍’ തൊഴില്‍ രഹിതരാകുകയും ചെയ്ത ആ സന്ദര്‍ഭത്തിലാണ് ദേശാഭിമാനപ്രസ്ഥാനങ്ങള്‍ വീണ്ടും ഉപ്പ് കുറുക്കി സമരം ചെയ്തത്.
അതെ സമരരൂപങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് രൂപം കൊള്ളുകയും പിന്നീട് തുടരുകയോ കാലഹരണപ്പെടുകയോ ചെയ്യുന്നതാണ്. പിന്നീട് ഒരു പക്ഷേ പുതിയ രൂപത്തില്‍ പുനരവതരിച്ചു എന്നും വരാം. എക്കാലത്തും എല്ലാവര്‍ക്കും ഒരേപോലെ സ്വീകരിക്കാവുന്ന സമരരൂപങ്ങള്‍ ഇല്ല. എല്ലാ സമരങ്ങളും മുദ്രാവാക്യങ്ങളും ഒരു കാലത്തും എല്ലാവര്‍ക്കും സ്വീകാര്യമായിരിന്നിട്ടുമില്ല.Untitled-5-copy3
ശ്രീകോവിലിന്റെ ഗര്‍ഭഗൃഹങ്ങളില്‍  മാത്രം നടത്തിയിരുന്ന, നിയതമായ മന്ത്ര- ആചാര വിധി പ്രകാരം മാത്രം നടത്തിയിരുന്ന വിഗ്രഹ പ്രതിഷ്ഠയാണ്, നദിയില്‍ നിന്ന് മുങ്ങിയെടുത്ത ഒരു പാറക്കല്ല് മാത്രം ഉപയോഗിച്ച് പൊതു സ്ഥലത്ത്, അക്കാലത്തെ എല്ലാ ആചാര- സംസ്കാര- ശീലങ്ങളേയും ലംഘിച്ച് ഒരു മനുഷ്യന്‍ നടത്തിയത്, കഴിഞ്ഞ നൂറ്റാണ്ടില്‍. അത് ചെയ്തത് ശ്രീനാരായണ ഗുരുവാണ്. അതിനെ അന്നത്തെ ധര്‍മ്മശാസ്ത്രത്തിന് വിരുദ്ധമെന്ന് പറഞ്ഞ് എതിര്‍ത്തവര്‍ ഭൂരിപക്ഷമായിരുന്നു. ആ ശക്തികളാണോ അതോ ആചാരലംഘകനായ ശ്രീനാരായണ ഗുരുവാണോ പിന്നീട് ചരിത്ര പുരുഷനായത് എന്നത് നമുക്കറിയാവുന്നതാണ്. പിന്നീടിന്നു വരെയുള്ള വിഗ്രഹ പ്രതിഷ്ഠകള്‍ ഒന്നും അങ്ങനെയല്ല നടന്നത്. പക്ഷെ അത്തരമൊരു പ്രകോപന പ്രവൃത്തി ജാതിമേല്‍ക്കോയ്മവാദികള്‍ക്ക് ആവശ്യമായിരുന്നു.  ആ ശിവലിംഗ പ്രതിഷ്ഠ ഒരു സമരരൂപമായിരുന്നു.
“”ഇനി നമുക്ക്  അമ്പലങ്ങള്‍ക്ക് തീ കൊളുത്താം” എന്ന് ആഹ്വാനം ചെയ്ത വി.ടി. ഭട്ടതിരിപ്പാടിനെ ക്ഷേത്രധ്വംസകനായല്ല ചരിതം വിലയിരുത്തുന്നത്, മറിച്ച്  കാലത്തിന്റെ ഊര്‍ജ്ജമായ സാമൂഹ്യ നവോത്ഥാന നായകനായാണ്.  അന്ധവിശ്വാസങ്ങളുടെ ജീര്‍ണ്ണതകള്‍ക്കെതിരായ ആ ആഹ്വാനത്തെ വാക്യാര്‍ത്ഥത്തിന്റെ കേവലതയിലല്ല സമൂഹം പിന്നീട് സ്വാംശീകരിച്ചിട്ടുള്ളത്.
അതെ, മുദ്രാവാക്യങ്ങളും സമരരൂപങ്ങളുമെല്ലാം കേവലാര്‍ത്ഥങ്ങള്‍ക്കും ഉപരിവപ്ലവ കാഴ്ചകള്‍ക്കുമപ്പുറം അത് ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ ആഴങ്ങളിലാണ് പരിശോധിക്കേണ്ടത്. അത്തരമൊരു വീക്ഷണ വിശാലതയില്ലാത്തവരാണ്, നാളെ മുതല്‍ തെരുവില്‍ സംഭോഗം ചെയ്യുമോ എന്ന് സദാചാര നെറ്റി ചുളിക്കുന്നത് .അകത്ത് ചെയ്യേണ്ടത് തെരുവില്‍ ആകരുത് എന്ന് സി പി എം നേതാവ് ഉപദേശിക്കുമ്പോള്‍ അതേയുക്തികൊണ്ട് ഒരു മറു ചോദ്യം ഉണ്ടാവില്ലേ? അടുക്കളയില്‍ ചെയ്യേണ്ടത് തെരുവില്‍ ആകാമോ? ഇന്ധനവില വര്‍ദ്ധനവിനെതിരെ വഴിയരുകില്‍ അടുപ്പുകൂട്ടി കഞ്ഞിവച്ച ഇടതു നേതാവ് അതിനെന്തു മറുപടി പറയും.
ചുംബനം എന്ന വാക്കേ അസന്മാര്‍ഗ്ഗികം എന്ന് പറഞ്ഞവരാണ് സദാചാര വാദികള്‍. അവരില്‍ ചിലര്‍ ആലപ്പുഴയില്‍ സമര ചുംബനത്തിനെതിരെ ഒരു അഗതി മന്ദിരത്തില്‍ “സ്‌നേഹ ചുംബനം’ എന്ന  പരിപാടി നടത്തി. ആരും ചോദിക്കാനില്ലാത്തതുകൊണ്ടാവും അവിടു ത്തെ അന്തേവാസികളായ സ്ത്രീകളെ സ്‌നേഹചുംബനക്കാര്‍ ഉമ്മവച്ചു. ചുംബിക്കപ്പെട്ട സ്ത്രീകള്‍ക്ക് തങ്ങളെ ഉമ്മവച്ച ആ ആണുങ്ങളെ  മുന്‍പരിചയമുണ്ടാവാന്‍ സാധ്യതയില്ല. ഉദ്ദേശം അമ്പതിനും എഴുപതിനും  ഇടക്കു പ്രായം തോന്നിക്കുന്ന സ്ത്രീകളെ അപരിചിതരായ മുതിര്‍ന്ന അന്യപുരുഷന്മാര്‍ ചുംബിച്ചത് സദാചാരവും; ഭാര്യാഭര്‍ത്താക്കന്‍മാരോ പ്രണയിതാക്കളോ സുഹൃത്തുക്കളോ ആയവര്‍, ഒരേ ആശയത്തിനുവേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കുന്നവര്‍ സമരത്തിന്റെ ഭാഗമായി ഉമ്മവച്ച് പ്രതിഷേധിക്കുന്നത് കടുത്ത സദാചാര ലംഘനവും ! എന്തായിത് കഥ.
ആലപ്പി  യൂത്ത്  ഫെഡറേഷന്‍ എന്ന് നാളിതുവരെ നാമാരും കേട്ടിട്ടില്ലാത്ത ഒരു സംഘടനയുടെ പേരില്‍ കുറെയാളുകള്‍ക്ക് ആ പാവം അഗതികളെ ഉമ്മവയ്ക്കാന്‍ നിര്‍ത്തി കൊടുത്ത, സ്ഥാപനം നടത്തിപ്പിന്റെ ഉത്തരവാദിത്വമുള്ള നഗരസഭാധികൃതര്‍ക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്. നാളെ മറ്റേതെങ്കിലും സംഘടന അവരുടെ ഒരു പ്രതിഷേധ പരിപാടിക്കായി ഈ അഗതികളുടെ സേവനമാവശ്യപ്പെട്ടാല്‍ എന്തുചെയ്യുമോ ആവോ!
മക്കളുടെ ഉമ്മ നഷ്്ടപ്പെട്ടു പോയവര്‍ക്കുള്ള ഉമ്മയായിരുന്നു എന്നാണ് സംഘാടകരുടെ ഭാഷ്യം. 90 വയസ്സുള്ളവര്‍ വരെ പീഡിപ്പിക്കപ്പെടുന്ന കേരളത്തില്‍, കാണാത്ത, അറിയാത്ത ഈ ആണ്‍ മക്കളുടെ ( പുരുഷന്‍മാരുടെ) ചുംബനത്തില്‍ മാതൃസ്‌നേഹമോ അതോ മറ്റെന്തെങ്കിലും വികാരമോ ആണോ ഉണ്ടായിരുന്നത് എന്നറിയാന്‍ എന്ത് ഉപകരണമാണാവോ അവിടെ  ഉപയോഗിച്ചത് ? അനാഥരായതിനാല്‍  ഇങ്ങനെയൊക്കെ നിന്നു കൊടുക്കേണ്ടി വന്ന ആ പാവങ്ങളോട് നമുക്ക് മാപ്പ് ചോദിക്കാം…
മുപ്പതോളം സംഘടനകള്‍ ആണ് സമരചുംബനക്കാര്‍ക്കെതിരെ പ്രതിഷേധിക്കാന്‍ യോജിച്ചത് എന്നാണ് വാര്‍ത്തകള്‍. ഇതില്‍ ഓരോ സംഘടനയും പത്തുപേരെ വീതം കാവല്‍ നിര്‍ത്തിയാല്‍ ആലപ്പുഴയിലെ ധാതു കരിമണല്‍ ആരും മോഷ്ടിക്കില്ലായിരുന്നു. ആലപ്പുഴയിലെ ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യാമായിരുന്നു.പാന്‍മസാല അടക്കമുള്ള ലഹരി വസ്തുക്കള്‍ വില്‍ക്കുന്ന ഒട്ടനവധി കടകളില്‍ ഒന്നെങ്കിലും പൂട്ടിക്കാമായിരുന്നു. പരിമിതികളും പ്രശ്‌നങ്ങളും ഒട്ടേറെയുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്കു വേണ്ടി ഒരു വിരല്‍ ചൂണ്ടല്‍ എങ്കിലും നടത്താമായിരുന്നു. നാം കണ്ടില്ലല്ലോ ഈ ആലപ്പി യൂത്തുകാരെ അവിടെങ്ങും.

1940 കളില്‍ എറണാകുളത്ത് മേനക തിയേറ്ററില്‍ ഒരച്ഛനും കൗമാരക്കാരിയായ മകളും സിനിമ കാണുന്നു. പ്രണയിതാക്കള്‍ ആലിംഗനം ചെയ്യുന്നു, ചുംബിക്കുന്നു ആ സിനിമയില്‍, മകള്‍ അച്ഛനോട് ചോദിച്ചു. “നാണമില്ലേ അവര്‍ക്ക് ഇങ്ങിനെയൊക്കെ ചെയ്യാന്‍’ ?  അച്ഛന്റെ മറുപടി “” മോളെ സ്‌നേഹമുള്ളിടത്ത് ചുംബനം ആകാം” എന്ന്. കേരളത്തിലെ ഏറ്റവും നല്ല അദ്ധ്യാപകനും, ചിന്തകനും, എഴുത്തുകാരനും കടുത്ത ഗാന്ധിയനുമായിരുന്ന എം.പി. പോള്‍ ആയിരുന്നു ആ അച്ഛന്‍. മകള്‍ റോസി തോമസ്.
“ഉറക്കുന്ന സിംഹം’ എന്ന അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മ പുസ്തകത്തില്‍ റോസി തോമസ് അഭിമാനപൂര്‍വ്വം വിവരിക്കുന്നുണ്ട് ഇത്. പോള്‍ സാറിനെയും റോസിതോമസിനേയും ( സി.ജെ. തോമസിന്റെ വിധവ) ഈ സദാചാരവാദികള്‍ വിചാരണ ചെയ്യുമോ ആവോ?

You must be logged in to post a comment Login