പൊതുമേഖല സ്ഥാപനങ്ങളിലും ബാങ്കുകളിലും ഇനി ക്യാമ്പസ് റിക്രൂട്ട്‌മെന്റ് ഇല്ല

ന്യൂഡല്‍ഹി: കോളെജുകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളെ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് വഴി പൊതുമേഖല സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കുന്ന രീതി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നു. ഭരണഘടന ലംഘനം ചൂണ്ടിക്കാട്ടി നിയമ മന്ത്രാലയം നല്‍കിയ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകളും പൊതുമേഖല സ്ഥാപനങ്ങളും പ്രൊഫഷണല്‍ കോളെജുകളിലും മറ്റും നടത്തിയിരുന്ന റിക്രൂട്ട്‌മെന്റ് അവസാനിപ്പിക്കുന്നത്.

നേരത്തെ ക്യാമ്പസ് റിക്രൂട്ട്‌മെന്റുകള്‍ സര്‍ക്കാര്‍ കോളേജുകളെയും മറ്റ് പൊതു ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളെയും ഒഴിവാക്കി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രം നടത്തുന്നത് ഭരണഘടന വിരുദ്ധമാണെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. മദ്രാസ് ഹൈക്കോടതിയും ഇതേ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഇത്തരം നടപടികള്‍ 2014ല്‍ മദ്രാസ് ഹൈക്കോടതി തടയുകയും ചെയ്തിരുന്നു. റിക്രൂട്ട്‌മെന്റ് ചില സ്ഥാപനങ്ങളില്‍ മാത്രം നടത്തുന്നത് കുട്ടികളുടെ മൗലികാവകാശങ്ങളെ ലംഘിക്കുന്നുവെന്ന് ബോംബെ ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു. ഈ നിരീക്ഷണത്തെ ശരിവെക്കുകയാണ് സുപ്രീം കോടതി ചെയ്തത്.

ഈ അടുത്ത കാലം വരെ എല്ലാ മഹാരത്‌ന സ്ഥാപനങ്ങളിലെയും പൊതുമേഖല ബാങ്കുകളിലെയും ഇടത്തരം ഓഫീസര്‍മാരെ തെരഞ്ഞെടുത്തിരുന്നത് ഉയര്‍ന്ന എഞ്ചിനീയറിംഗ്, ബിസിനസ് സ്‌കൂളുകളില്‍ നിന്നുമായിരുന്നു.

You must be logged in to post a comment Login