പൊരുതിക്കീഴടങ്ങി പാക്കിസ്ഥാൻ; ഓസീസ് ജയം 41 റൺസിന്

പാക്കിസ്ഥാനെതിരയ ലോകകപ്പ് മത്സരത്തിൽ ഓസ്ട്രേലിയക്ക് ജയം. 41 റൺസിനാണ് ഓസ്ട്രേലിയ ജയം കുറിച്ചത്. 308 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാൻ 45.4 ഓവറിൽ 266 റൺസിന് എല്ലാവരും പുറത്തായി. റൺസെടുത്ത ഇമാമുൽ ഹഖാണ് പാക്കിസ്ഥാൻ്റെ ടോപ്പ് സ്കോറർ. ജയത്തോടെ അവസാന നാലിലേക്കുള്ള സാധ്യത ഓസ്ട്രേലിയ സജീവമാക്കി.

മൂന്നാം ഓവറിൽ തന്നെ ഫഖർ സമാനെ (0) പാറ്റ് കമ്മിൻസ് പുറത്താക്കിയെങ്കിലും ബാബർ അസമും ഇമാമുൽ ഹഖും ചേർന്ന് വളരെ മികച്ച രീതിയിൽ ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടു പോയി. രണ്ടാം വിക്കറ്റിൽ 54 റൺസിൻ്റെ മികച്ച കൂട്ടുകെട്ടുയർത്തിയ ഇരുവരും പതിനൊന്നാം ഓവറിൽ വേർപിരിഞ്ഞു. 30 റൺസെടുത്ത ബാബർ അസമിനെ കോൾട്ടർനൈൽ കെയിൻ റിച്ചാർഡ്സൻ്റെ കൈകളിലെത്തിക്കുകയായിരുന്നു.

പിന്നീട് ഇമാമുൽ ഹഖിനൊപ്പം ചേർന്ന മുഹമ്മദ് ഹഫീസും മികച്ച നിലയിൽ ബാറ്റ് ചെയ്തു. ആക്രമണാത്മക ബാറ്റിംഗ് പുറത്തെടുത്ത ഹഫീസ് ഇമാമുൽ ഹഖിനൊപ്പം മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 80 റൺസാണ്. 26ആം ഓവറിലാണ് ഈ കൂട്ടുകെട്ട് തകരുന്നത്. 53 റൺസെടുത്ത ഇമാമുൽ ഹഖിനെ അലക്സ് കാരിയുടെ കൈകളിലെത്തിച്ച പാറ്റ് കമ്മിൻസ് തൻ്റെ വിക്കറ്റ് നേട്ടം രണ്ടാക്കി ഉയർത്തി.

27ആം ഓവറിൽ മുഹമ്മദ് ഹഫീസിൻ്റെ വിക്കറ്റിട്ട ക്യാപ്റ്റൻ ആരോൺ ഫിഞ്ച് പാക്കിസ്ഥാനെ വലിയ അപകടത്തിലേക്ക് തള്ളി വിട്ടു. 46 റൺസെടുത്ത ഹഫീസിനെ സ്റ്റാർക്ക് പിടികൂടുകയായിരുന്നു. തുടർന്ന് ഷൊഐബ് മാലിക്കിനെ (0) കമ്മിൻസും ആസിഫ് അലി (5), ഹസൻ അലി (32) എന്നിവരെ കെയിൻ റിച്ചാർഡ്സണും പുറത്തായതോടെ ഓസീസ് വിജയം മണത്തു.

എന്നാൽ തോൽക്കാൻ സമ്മതിക്കാതെ പോരാടിയ വഹാബ് റിയാസ് ഓസീസിന് ഭീഷണിയായി. സർഫറാസിനൊപ്പം ക്രീസിലുറച്ചു നിന്ന വഹാബ് എട്ടാം വിക്കറ്റിൽ 64 റൺസാണ് കൂട്ടിച്ചേർത്തത്. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ 45ആം ഓവറിൽ വിക്കറ്റ് കീപ്പർ അലക്സ് കാരിക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങിയ വഹാബ് റിയാസ് 39 പന്തുകളിൽ 45 റൺസെടുത്തിരുന്നു. ഓവറിലെ അഞ്ചാം പന്തിൽ മുഹമ്മദ് ആമിറും (0) തൊട്ടടുത്ത ഓവറിൽ സർഫറാസ് അഹ്മദും (40) പുറത്തായതോടെ ഓസീസ് ലോകകപ്പിലെ രണ്ടാം ജയം കുറിച്ചു. ആമിറിനെ സ്റ്റാർക്ക് ക്ലീൻ ബൗൾഡ് ആക്കിയപ്പോൾ ഇല്ലാത്ത റണ്ണിനോടിയ സർഫറാസിനെ മാക്സ്‌വൽ നേരിട്ടുള്ള ത്രോയിലൂടെ പുറത്താക്കുകയായിരുന്നു.

You must be logged in to post a comment Login