പൊലീസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘം: രമേശ് ചെന്നിത്തല

പൊലീസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിജിപിയുടെ അഴിമതി മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ചീഫ് സെക്രട്ടറിയുടെ പങ്ക് അന്വേഷിക്കണമെന്നും വെടിയുണ്ടകള്‍ കാണാതായത് യുഡിഎഫ് കാലത്താണെന്നത് വ്യാജ പ്രചാരണമാണെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുന്‍ ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ തന്‍റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് സര്‍ക്കാരിന് ബോധ്യമുണ്ടെങ്കില്‍ അതുകൂടി അന്വേഷണത്തിന് വിധേയമാക്കണം. സംസ്ഥാനത്തെ മുഖ്യമന്ത്രി കൈയാളുന്ന ഒരു വകുപ്പിനകത്ത് കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ട് അത് ആരും പുറത്തുപറയരുത്, മുഖ്യമന്ത്രി വിശദീകരിക്കുമെന്ന് പറയുന്ന ഒരു പാര്‍ട്ടിയെ ആദ്യമായി കാണുകയാണ്. അഴിമതിയുടെ ചെളിക്കുണ്ടിലാണ് ആഭ്യന്തര വകുപ്പെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഫണ്ടടക്കം വിനിയോഗിക്കുന്നത് ചട്ടങ്ങള്‍ പാലിക്കാതെയാണ്. ചീഫ് സെക്രട്ടറിയും നിയമം ലംഘിച്ചിരിക്കുകയാണ്. പൊലീസിന്റെ വാഹനത്തില്‍ ചീഫ് സെക്രട്ടറി സഞ്ചരിക്കുന്നത് എങ്ങനെയാണ്. ചീഫ് സെക്രട്ടറിയും ഉള്‍പ്പെടുന്ന കൂട്ടുകച്ചവടമാണ് നടക്കുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

You must be logged in to post a comment Login