പൊലീസുകാരന്റെ ആത്മഹത്യ; ഉത്തരവ് ലഭിച്ചാൽ ഉടൻ അന്വേഷിക്കാമെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി

ഇടുക്കിയിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉത്തരവ് ലഭിച്ചാൽ ഉടൻ അന്വേഷിക്കാമെന്ന് ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി. തൃശൂർ പൊലീസ് അക്കാദമി എസ്‌ഐയും ഇടുക്കി വാഴവര സ്വദേശിയുമായ അനിൽ കുമാറാണ് മരിച്ചത്. ഇയാൾക്ക് കടുത്ത ജോലി സമ്മർദം ഉണ്ടായിരുന്നെന്നും അക്കാദമിയിൽ മോശമായി ചിത്രീകരിക്കാൻ ശ്രമം ഉണ്ടായിരുന്നതായി പറഞ്ഞിരുന്നെന്നും സഹോദരൻ സുരേഷ് കുമാർ വ്യക്തമാക്കി.

ജോലി ഭാരവും സഹപ്രവർത്തകരുടെ മാനസിക പീഡനവുമാണ് മരണകാരണമെന്ന് വ്യക്തമാക്കിയുള്ള അനിൽ കുമാറിന്റെ കുറിപ്പ് പുറത്ത് വന്നിരുന്നു. ഒരു എഎസ്‌ഐ ഉൾപ്പടെ നാല് പോലീസുകാർ മാനസികമായി പീഡിപ്പിച്ചു. പൊലീസ് കാന്റീനിലെ സാമ്പത്തിക തിരിമറിയും മരണകാരണങ്ങളിലൊന്നാണ്.ആരോപണം തൃശൂർ പോലീസ് അക്കാദമിയിലെ എഎസ്‌ഐ രാധാകൃഷ്ണൻ ഉൾപ്പടെയുള്ളവർക്കെതിരെയാണ്.

കടുത്ത മാനസിക സമ്മർദം ആത്മഹത്യയിലേക്ക് നയിച്ചെന്ന് വ്യക്തമാക്കിയുള്ള കുറിപ്പ് ലഭിച്ചതായി പൊലീസ് അറിയിച്ചിരുന്നു. വാഴവരയിലുള്ള പുരയിടത്തിന് സമീപമാണ് അനിൽ കുമാറിനെ മരിച്ച നിലയിൽ കാണപ്പെട്ടത്. വിഷം ഉള്ളിൽ ചെന്നായിരുന്നു മരണം. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

You must be logged in to post a comment Login