പൊലീസ് ഡ്രൈവറെ മര്‍ദിച്ച കേസ്: എഡിജിപിയുടെ മകളെ രക്ഷിക്കാന്‍ നീക്കം; ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുന്നു

തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദിച്ച കേസില്‍ അന്വേഷണം എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുന്നു. എഡിജിപി സുധേഷ് കുമാറിന്റെ മകളെ രക്ഷിക്കുന്നതിനായി ക്രൈംബ്രാഞ്ച് ഒത്തുകളിക്കുന്നതായാണ് ആക്ഷേപം ഉയരുന്നത്. മൊഴിയെടുപ്പ് പൂര്‍ത്തിയായിട്ടും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാത്ത സാഹചര്യത്തിലാണ് ഇത്തരത്തില്‍ ആക്ഷേപം.

കേസ് അട്ടിമറിക്കാനാണ് ശ്രമമെന്നും നീതി കിട്ടുമെന്ന കാര്യത്തില്‍ പ്രതീക്ഷയില്ലെന്നും ഗവാസ്‌കറും കുടുംബവും പറയുന്നു. കേസിലെ വിവാദങ്ങള്‍ കെട്ടടങ്ങി പ്രളയത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ച സമയത്തായിരുന്നു കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ സജീവമായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലാത്തതെന്നാണ് ആക്ഷേപം. സെപ്റ്റംബര്‍ 11ന് കേസ് രെജിസ്റ്റര്‍ ചെയ്തിട്ട് മൂന്ന് മാസമാകും.

സാക്ഷികളുടെ മൊഴിയടക്കമുള്ള തെളിവുശേഖരണവും എഡിജിപിയുടെ മകളടക്കം നാലു പേരുടെ രഹസ്യ മൊഴിയെടുപ്പും ഇതിനകം പൂര്‍ത്തിയായി. എന്നാല്‍, അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച് തയാറായിട്ടില്ല. 90 ദിവസം കഴിഞ്ഞ് എഡിജിപിയുടെ മകള്‍ കുറ്റക്കാരിയെന്നു കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയാലും അറസ്റ്റും റിമാന്‍ഡും ഒഴിവാക്കാനാണ് കേസ് വൈകിപ്പിക്കുന്നതെന്നാണ് ഗവാസ്‌കറുടെ കുടുംബം ആരോപിക്കുന്നത്.

ഒത്തുതീര്‍പ്പിനുള്ള പല സമ്മര്‍ദങ്ങളെയും അതിജീവിച്ച ഗവാസ്‌കറും കുടുംബവും അന്വേഷണം നേര്‍വഴിയിലാണെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെയാണ് ഇതുവരെ വിശ്വസിച്ചിരുന്നത്. എന്നാല്‍, നിലവിലെ നീക്കങ്ങള്‍ കാണുമ്പോള്‍ നീതി കിട്ടുമോയെന്ന ആശങ്ക ഇവര്‍ പങ്കുവയ്ക്കുന്നു. എഡിജിപിയുടെ മകളും ഗവാസ്‌കറും പരസ്പരം ആരോപണം ഉന്നയിച്ചു ഹര്‍ജികള്‍ നല്‍കിയതിനാല്‍ ഇതില്‍ ആരുടെ ഭാഗത്താണു സത്യമെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണു ക്രൈംബ്രാഞ്ച് ഇനി നല്‍കേണ്ടതാണ്.

You must be logged in to post a comment Login