പൊളിഞ്ഞത് കര്‍ഷകന്റെ കണ്ണില്‍ പൊടിയിട്ട് കയ്യേറ്റക്കാരെ സഹായിക്കാനുള്ള ശ്രമം

Untitled-1 copyകെ.ജെ മനോജ്
ഇടുക്കി: പത്ത് വര്‍ഷം മുമ്പുവരെയുള്ള കൈവശ ഭൂമിക്ക് പട്ടയം നല്‍കാനുള്ള സര്‍ക്കാര്‍ വിജ്ഞാപനം, കടുത്ത എതിര്‍പ്പിനെ തുടര്‍ന്നു പിന്‍വലിച്ചെങ്കിലും തിടുക്കത്തിലുണ്ടായ വിജ്ഞാപനത്തിനു പിന്നിലെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടുന്നു.
പട്ടയനടപടികള്‍ കൂടുതല്‍ അനിശ്ചിതത്വത്തിലാക്കിയേക്കുമായിരുന്ന വിജ്ഞാപനമാണ് ഒരു ദിനം പിന്നിടും മുമ്പേ പിന്‍വലിച്ച് റവന്യൂ മന്ത്രിയും സര്‍ക്കാരും പ്രതിഷേധത്തില്‍നിന്നു തടിയൂരിയത്. എങ്കിലും ദുരൂഹതയും പ്രതിഷേധവും ബാക്കി.  പതിറ്റാണ്ടുകളായി പട്ടയത്തിനായി മുറവിളി കൂട്ടി കാത്തിരിക്കുന്ന ലക്ഷത്തിലധികം വരുന്ന കര്‍ഷകരുടെ ആവശ്യം യാഥാര്‍ത്ഥ്യമാക്കാന്‍ ഇനിയും കഴിയാതിരിക്കെ, പൂ ചോദിച്ചവര്‍ക്കു പൂക്കാലമെന്ന മട്ടില്‍ നടത്തിയ ഉദാരസമ്മാനമായ ഭൂമിചട്ട ഭേദഗതിക്കു പിന്നില്‍ വന്‍കിട റിസോര്‍ട്ട്-ഭൂമാഫിയയെ സഹായിക്കുകയായിരുന്നു ലക്ഷ്യമെന്ന ആരോപണമാണ് പരക്കെ ഉയരുന്നത്.
1977 ജനുവരി ഒന്നിനു മുമ്പു കുടിയേറിയ മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം നല്‍കുമെന്ന പ്രഖ്യാപിത ലക്ഷ്യം നിറവേറ്റാതെ, 2005 ജൂണ്‍ ഒന്നു വരെ ഭൂമി കൈവശം വച്ചിരിക്കുന്ന എല്ലാവര്‍ക്കും പട്ടയം നല്‍കുമെന്നു സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത് യഥാര്‍ത്ഥ കുടിയേറ്റ കര്‍ഷകരെ ആശങ്കയിലാക്കിയിരുന്നു. ഉപാധി രഹിത പട്ടയം വേണമെന്ന കര്‍ഷക ആവശ്യം നിറവേറ്റാന്‍ കഴിയാത്തതിനെ ചൊല്ലി പ്രതിഷേധം ശക്തമായി തുടരുമ്പോഴാണ് കയ്യേറ്റക്കാരെ സഹായിക്കുംവിധം വിജ്ഞാപനം ഉണ്ടായത്.  ഇതുവരെയുള്ള പട്ടയ നടപടികള്‍ പരിശോധിച്ചാല്‍, കര്‍ഷകരെ കണ്ണീരിലാക്കാന്‍ വിവിധ കേന്ദ്രങ്ങള്‍ നടത്തിയ ശ്രമങ്ങളും ബോധപൂര്‍വമായ കാലവിളംബവും വ്യക്തമാണ്.
എല്ലാ കടമ്പകളും കടന്ന് പട്ടയസ്വപ്നം സാക്ഷാല്‍കരിക്കപ്പെടുമെന്ന ഘട്ടത്തില്‍ വന്ന ഭൂമിചട്ട ഭേദഗതി കുടിയേറ്റക്കാര്‍ക്ക് നഷ്ടവും കയ്യേറ്റക്കാര്‍ക്ക് തുണയുമാകുമെന്നു ഉറപ്പായിരുന്നു. 1980-കള്‍ക്കുശേഷം കേരളത്തിലൊരിടത്തും കുടിയേറ്റമുണ്ടായിട്ടില്ല എന്ന വസ്തുത മറന്നുള്ള നീക്കമാണ് പുതിയതെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. 2005 വരെയുള്ള കൈവശഭൂമിക്ക് പട്ടയം നല്‍കാനുണ്ടായ നീക്കം പ്രാബല്യത്തിലായിരുന്നെങ്കില്‍ ഭൂമാഫിയയ്ക്ക് വന്‍ നേട്ടമാകുമായിരുന്നു.
ആര്‍ക്ക്, എവിടെ, എത്ര ഹെക്ടര്‍ സ്ഥലത്തിന് പട്ടയം നല്‍കാനാണ് വിജ്ഞാപനം ഇറക്കിയതെന്ന ചോദ്യം പ്രസക്തമായി നിലനില്‍ക്കുകയാണ്. 1.1.1977നു മുമ്പുള്ള കുടിയേറ്റത്തിന് അംഗീകാരം നല്‍കി പട്ടയം നല്‍കാന്‍ എ. കെ ആന്റണി സര്‍ക്കാര്‍ തീരുമാനിച്ചത് വ്യക്തമായ പഠനത്തിന്റേയും വ്യാപകമായ ആവശ്യത്തിന്റേയും വെളിച്ചത്തിലാണ്.
(ഒന്നാംപേജ് തുടര്‍ച്ച)
എന്നാല്‍ പുതിയ നീക്കത്തിന് ജനങ്ങള്‍ അംഗീകരിക്കുന്ന കാരണമുണ്ടായിരുന്നില്ല. മുന്‍കാലത്തേതു പോലെ, സര്‍ക്കാര്‍ ഭൂമി കയ്യേറ്റക്കാര്‍ക്കു കൈമാറുന്നുവെന്ന പരാതി ഉയര്‍ത്തി കോടതി വിധി സമ്പാദിച്ച് പട്ടയ നടപടികള്‍ ആകെ മരവിപ്പിക്കാന്‍ വരെ കാരണമാകുമായിരുന്നുവെന്നു കര്‍ഷകര്‍ ആശങ്കപ്പെട്ടു.
77’നുശേഷമുള്ള കുടിയേറ്റത്തിന് പട്ടയം നല്‍കണമെന്ന് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളോ, കര്‍ഷക സംഘടനകളോ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നിരിക്കെയാണ് 2005 വരെ പട്ടയം നല്‍കാനുള്ള തീരുമാനത്തിന്റെ സാംഗത്യത്തെ ചോദ്യം ചെയ്യുന്നത്. ഇതിന് അപവാദമായുള്ളത് മൂന്നാറിലെ ഒന്നാം ദൗത്യ സംഘത്തിന്റെ പ്രവര്‍ത്തന കാലയളവില്‍ അതിനെ തടസപ്പെടുത്താന്‍ ശ്രമിച്ച ചില സി.പി.എം നേതാക്കളും മൂന്നാറിലെ പ്രാദേശിക നേതാക്കളുമാണ്. നിലവിലുള്ള മുഴുവന്‍ കൈവശക്കാര്‍ക്കും പട്ടയം നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്.
ഇതിനെ പിന്തുണയ്ക്കാന്‍ ഒരു രാഷ്ട്രീയ നേതൃത്വവും മുമ്പോട്ടു വന്നില്ല. റവന്യൂ വകുപ്പ് ഭരിക്കുന്ന കോണ്‍ഗ്രസിന്റെ ജില്ലാ ഘടകംപോലും ആവശ്യമുന്നയിക്കാത്ത കാര്യത്തിനാണ് ഇപ്പോള്‍ അനുമതി നല്‍കാന്‍ ശ്രമിച്ചത്. 77′ വരെയുള്ള എല്ലാ കൈവശക്കാര്‍ക്കും പട്ടയം നല്‍കണമെന്നും കൈവശക്കാര്‍ 77′ നുശേഷം വിറ്റ ഭൂമിയാണെങ്കില്‍ അതിന്റെ പേരില്‍ പട്ടയം നിഷേധിക്കരുതെന്നും മാത്രമാണ് കോണ്‍ഗ്രസിന്റെ നിലപാട്.
77′ മാനദണ്ഡമാക്കി നടത്തുന്ന പട്ടയ നടപടികള്‍ക്ക് സുവ്യക്തമായ കാഴ്ചപ്പാടുണ്ട്. 1975-ലെ റീസര്‍വെയില്‍ കേരളത്തിലെ 28586 ഹെക്ടര്‍ വനഭൂമി കര്‍ഷകരുടെ കൈവശത്തിലായെന്നു കണ്ടത്തിയാണ് ഇവര്‍ക്ക് പട്ടയം നല്‍കാന്‍ തീരുമാനമുണ്ടായത്.
ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, വയനാട് എന്നീ ജില്ലകളിലാണ് ഇത്രയും ഭൂമിക്ക് പട്ടയം നല്‍കണമെന്നു കണ്ടെത്തിയത്. എന്നാല്‍ 1980 ലെ കേന്ദ വനനിയമം പിന്നീട് തടസമായി. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം നിലനില്‍ക്കേ, ഏലമല മേഖല(സിഎച്ച്ആര്‍)യില്‍ പട്ടയം കൊടുക്കാമോ എന്ന് ആരാഞ്ഞ് അന്നത്തെ മുഖ്യവനപാലകന്‍ കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടിയത് വിനയാകുകയും പട്ടയനടപടികള്‍ അപ്പാടെ നിര്‍ത്തിവയ്പിക്കുകയുമായിരുന്നു. സിഎച്ച്ആര്‍ വനമാണെന്നായിരുന്നു കേന്ദസര്‍ക്കാരിന് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നത്. അതോടെ അനുമതി ആവശ്യം തന്നെ നിഷേധിക്കലിനു കാരണവുമായി. പിന്നീട് 93-ലെ വനഭൂമി കയ്യേറ്റം ക്രമീകരിക്കല്‍ നിയമം കെ. എം മാണി കൊണ്ടുവരികയും കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം നേടുകയുമായിരുന്നു. ഇതിനിടെ കോടതി വ്യവഹരവും സ്‌റ്റേയും സമരങ്ങളുമൊക്കെ യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് പട്ടയം ലഭിക്കുന്നതിന് തടസമായി നിന്നു. 2005 വരെയുള്ളവര്‍ക്കും പട്ടയം എന്നത് സര്‍ക്കാര്‍ ഭൂമി കയ്യേറ്റക്കാര്‍ക്ക് പതിച്ചു നല്‍കുന്നതിന് സമാനമാണെന്നു ചൂണ്ടിക്കാട്ടി ചിലര്‍ കോടതിയെ സമീപിക്കാനൊരുങ്ങവെയാണ് പിന്‍വലിച്ചുള്ള പ്രഖ്യാപനം വന്നത്. ആരെങ്കിലും കോടതിയെ സമീപിച്ചിരുന്നെങ്കില്‍ പട്ടയം സ്വപ്നം വീണ്ടും വൈകുമായിരുന്നുവെന്നും കര്‍ഷകര്‍ പറയുന്നു.
പട്ടയം സംബന്ധിച്ചുള്ള അവ്യക്തതകളും അനിശ്ചിതത്വങ്ങളും ഇപ്പോഴും തുടരുകയാണ്. ഒരു ലക്ഷത്തിലധികം അപേക്ഷകരുണ്ട്. ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശത്ത് പട്ടയം നല്‍കാന്‍ ആരംഭിച്ചെങ്കിലും നിരവധി ഉപാധികളോടെയാണ് പട്ടയം കൈമാറിയിരിക്കുന്നത്. പത്ത് ചെയിന്‍ മേഖലയിലെ ജനങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ മുഖ്യമന്ത്രിയുടെ യോഗത്തിലെടുത്ത തീരുമാനം പോലും അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ ശ്രമം നടന്നു. ടൗണ്‍ഷിപ്പുകള്‍ക്ക് പട്ടയം നല്‍കും എന്ന് ആവര്‍ത്തിക്കുന്നതല്ലാതെ ഒന്നുമുണ്ടായില്ല. പുതിയ വിജ്ഞാപനം കൊണ്ടു വാഗമണ്ണിലെയും മൂന്നാറിലെയുമൊക്കെ റവന്യൂ ഭൂമി അന്യാധീനപ്പെടുമായിരുന്ന സാഹചര്യമാണ് ഉണ്ടായത്.
കര്‍ഷകരെ ആശങ്കയിലാക്കാതെ, ഉപാധിരഹിത പട്ടയം നല്‍കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധകാട്ടുകയാണ് വേണ്ടതെന്നു കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നു. ഉണ്ണാനിരിക്കുന്നവര്‍ക്ക് ഇലയിട്ടിട്ടു മതി ഉണ്ടവര്‍ക്ക് പായിടുന്നത് എന്നാണ് കര്‍ഷകപക്ഷം.

You must be logged in to post a comment Login