പോണ്‍സെറ്റി ടെക്‌നിക്; ഓപ്പറേഷനില്ലാതെ കാല്‍പാദത്തിന്റെ വളവ് മാറ്റാം

baby-leg11

തിരുവനന്തപുരം: നിങ്ങളുടെ കാല്‍പാദങ്ങള്‍ക്ക് വളവുണ്ടോ? എങ്കില്‍ വിഷമിക്കേണ്ട. ഓപ്പറേഷനില്ലാതെ തന്നെ ഇത്തരം വളവുകള്‍ മാറ്റാവുന്നതാണ്. ജന്മനായുള്ള കാല്‍പാദത്തിന്റെ വളവ് (ക്ലബ് ഫൂട്ട്) ഓപ്പറേഷനില്ലാതെ പരിഹരിച്ച് വിജയം നേടിയിരിക്കുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. പോണ്‍സെറ്റി ടെക്‌നിക് എന്ന നൂതനമായ പ്ലാസ്റ്റര്‍ സംവിധാനത്തോടെയാണ് ഓര്‍ത്തോപീഡിക്‌സ് വിഭാഗം ഈ ചികിത്സ നടത്തുന്നത്.

കേരളത്തില്‍ ജനിക്കുന്ന കുട്ടികളില്‍ 800ല്‍ ഒരാള്‍ക്ക് വീതം ഇങ്ങനെ കാലില്‍ വളവ് കാണുന്നു. അപൂര്‍വമായി കാലില്‍ ഒരെല്ലില്ലാതെ ജനിക്കുന്ന കുട്ടികളേയും ഈ ചികിത്സയിലൂടെ നേരെയാക്കാന്‍ കഴിയും. ഇരട്ടക്കുട്ടികള്‍, ഗര്‍ഭാശയ മുഴ, ഫ്‌ളൂയിഡിന്റെ കുറവ്, കുട്ടിക്ക് ഗര്‍ഭാശയത്തില്‍ കിടക്കാനുള്ള സ്ഥലക്കുറവ് എന്നിങ്ങനെ ഗര്‍ഭാവസ്ഥയില്‍ അമ്മമാര്‍ക്കുണ്ടാകുന്ന വിവിധ പ്രശ്‌നങ്ങളാണ് കുട്ടികളുടെ കാലിന് ജന്മനാ വളവുണ്ടാകാന്‍ പ്രധാന കാരണം. ഗര്‍ഭാവസ്ഥയില്‍ തന്നെ ഈ വളവ് അള്‍ട്രാസൗണ്ട് സ്‌കാനിംഗിലൂടെ തിരിച്ചറിയാവുന്നതാണ്.

ഒരു കുഞ്ഞ് ജനിച്ച് ഒരാഴ്ച കഴിഞ്ഞാണ് ഈ ചികിത്സാ രീതി ആരംഭിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ നാലോ അഞ്ചോ പ്ലാസ്റ്റര്‍ കൊണ്ട് കുഞ്ഞിന്റെ കാല് നേരെയാക്കാന്‍ കഴിയുന്നു. നേരെയാക്കിയ കാല്‍ വീണ്ടും വളയാതിരിക്കാന്‍ പ്രത്യേകം രൂപകല്‍പന ചെയ്ത ഷൂസ് അഞ്ചുവയസുവരെ രാത്രികാലങ്ങളില്‍ ഇടേണ്ടതാണ്. പതിനാല് വയസുവരെയുള്ള കുട്ടികളില്‍ ഈ ചികിത്സ നടത്തി വിജയിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യൂര്‍ എന്ന സംഘടനയുമായി സഹകരിച്ചാണ് മെഡിക്കല്‍ കോളേജ് ഈ ചികിത്സ നടപ്പാക്കുന്നത്. ചികിത്സയ്ക്കാവശ്യമായ പ്ലാസ്റ്ററും ഷൂസും സൗജന്യമായി നല്‍കുന്നതും ഈ സംഘടനയാണ്.

You must be logged in to post a comment Login