തിരുവനന്തപുരം: ‘ഞങ്ങള്‍ക്കും പറയാനുണ്ട്’ എന്ന പ്രമേയത്തില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തില്‍ ശ്രദ്ധേയമായത് പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജിന്റെ സാന്നിധ്യം. ശനിയാഴ്ച വൈകീട്ടു പാളയത്ത് നിന്നാരംഭിച്ച റാലിയില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ കേരളത്തിലെ പല ഭാഗങ്ങളില്‍ നിന്നായി മൂന്ന് ലക്ഷത്തോളം പേരാണ് പങ്കെടുത്തത്.
നിറഞ്ഞ കൈയടി നല്‍കിയാണ് പി.സി.ജോര്‍ജിന്റെ പ്രസംഗം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കേട്ടത്. അസലാമു അലൈയ്ക്കും എന്ന് പറഞ്ഞുകൊണ്ടാണ് പി.സി.ജോര്‍ജ് സംസാരിച്ചു തുടങ്ങിയത്. പോപ്പുലര്‍ ഫ്രണ്ടിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ സമ്മേളനത്തില്‍ പങ്കെടുത്ത ലക്ഷകണക്കിന് വരുന്ന അണികള്‍ നല്‍കിയതെന്ന് പിസി പറഞ്ഞു. തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് ആവശ്യത്തിന് മറുപടി നേതൃത്വം നല്‍കികഴിഞ്ഞുവെന്നും പിസി ജോര്‍ജ് പറഞ്ഞു.പോപ്പുലര്‍ ഫണ്ട്, എസ്ഡിപിഐ എന്നിവരുമായുള്ള തന്റെ ദീര്‍ഘകാലത്തെ ബന്ധക്കുറിച്ചും പിസി സംസാരിച്ചു. ഇവിടെ ഈ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് തന്നോട് പലരും ഫോണിലൂടെയും നേരിട്ടും പറഞ്ഞുവെന്നും എന്നാല്‍ അവര്‍ക്ക് താന്‍ നല്കിയ മറുപടി തനിക്ക് ഒറ്റ വാപ്പയേ ഉള്ളുവെന്നാണ് എന്നും വരാമെന്ന് പറഞ്ഞാല്‍ പിസി വന്നിരിക്കുമെന്നും പി.സി.ജോര്‍ജ് പറഞ്ഞപ്പോള്‍ വേദിയിലുണ്ടായിരുന്നവരും ജാഥയിലെത്തിയവരും വലിയ കൈയടി നല്കി.
സമ്മേളനം വലിയ വിജയമായിരുന്നുവെന്നും പൊലീസിന്റേയും മറ്റ് അധികാരികളുടേയും ഭാഗത്ത് നിന്നും ഇത് അലങ്കോലമാക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടുവെന്നും ജോര്‍ജ് പറഞ്ഞു. വെള്ളയംമ്പലം ജംങ്ഷനില്‍ നിന്നും ആരംഭിച്ച ജാഥ വലിയ രീതിയില്‍ ജന ജീവിതത്തെ ബാധിച്ചുവെന്ന പ്രചരണം തള്ളിക്കളയുന്നു. ലക്ഷങ്ങള്‍ പങ്കെടുത്ത ജാഥയില്‍ ഒരു ബുദ്ധിമുട്ടുമില്ലാതെയാണ് താന്‍ എംഎല്‍എ ഹോസ്റ്റലില്‍ നിന്നും ഇവിടെ സമ്മേളന വേദിയായ പുത്തരികണ്ടം മൈദാനത്തിലെത്തിയതെന്നും ജോര്‍ജ് വ്യക്തമാക്കി. മാന്യതയില്ലാതെയാണ് ചില പൊലീസുകാര്‍ ജാഥയിലെ അംഗങ്ങളോട് പെരുമാറിയത്. ഈ കഷ്ടതകളൊക്കെ സഹിച്ച് ഇവിടെ എത്തിയ സ്ത്രീകള്‍ ഇന്ന് കൂടുതല്‍ ശക്തരാണ്. ഇനി ഒരിക്കലും പോപ്പുലര്‍ ഫണ്ടിനെ വിട്ട് പോകാന്‍ കഴിയാത്ത ആവേശം അവര്‍ക്ക് ലഭിച്ചു. 1969 മുതല്‍ തലസ്ഥാനത്ത് സജീവമായുള്ളയാളാണ് താന്‍. ഇത്രയും ജനങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പരിപാടിക്ക് പങ്കെടുക്കുന്നത് കണ്ടിട്ടില്ല. ജാഥയെ ബുദ്ദിമുട്ടിക്കാന് ശ്രമിച്ച പിണറായിയുടെ ചില വൃത്തികെട്ട പൊലീസുകാര്‍ ഈ ഊളത്തരം ഇനിയും കാണിച്ച് പ്രസ്ഥാനത്തെ കൂടുതല്‍ വളര്‍ത്തണമെന്നും പിസി പറഞ്ഞു.
തിരുവനന്തപുരത്തെ ഈ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ എല്ലാ മാധ്യമപ്രവര്‍ത്തകരേയും തനിക്ക് നേരിട്ട് അറിയാവുന്നവരാണെന്നും അതുകൊണ്ട് തന്നെ ഈ പരിപാടി റിപ്പോര്‍ട്ട് ചെയ്ത് ഇതിന്റെ വാര്‍ത്തകള്‍ നല്കാന് മനസ്സ് കാണിക്കണമെന്നും പി സി ജോര്‍ജ് ആവശ്യപ്പെട്ടു. മാധ്യമ മുതലാളിമാരും അത് ശ്രദ്ധിക്കണമെന്നും പി.സി കൂട്ടിച്ചേര്‍ത്തു.
നരേന്ദ്ര മോദിയുടേത് ഹിന്ദുത്വ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് പിസി പറഞ്ഞു. കുറ്റ കൃത്യങ്ങളും കൊലപാതകവും ദേശ വിരുദ്ധ പ്രവര്‍ത്തനവും നടത്തിവരുന്നവരെന്ന് സിപിഐഎം ആരോപിക്കുന്നു. കൊലപാതക രാഷ്ട്രീയത്തില്‍ ഒന്നാമതുള്ളത് സിപിഐഎം ആണ്. പാര്‍ട്ടിക്കും സര്‍ക്കാരിനും നേതൃത്വം നല്കുന്ന പിണറായി ആദ്യം അതാണ് അവസാനിപ്പിക്കേണ്ടത്. എന്നിട്ടാണ് മറ്റുള്ളവരുടെ മേല്‍ കുതിര കയറേണ്ടത്. ഇന്ന് കേരളം ഭരിക്കാന്‍ ഏറ്റവും യോഗ്യനായ പിണറായി അത് ചെയ്ത് കാണിക്കണമെന്നും പി.സി.ജോര്‍ജ് വ്യക്തമാക്കി.
പൂഞ്ഞാറില്‍ എസ്ഡിപിഐയുമായി ചേര്‍ന്നാണ് ജോര്‍ജിന്റെ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ഈരാറ്റുപേട്ട നഗരസഭയില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ സഖ്യത്തിലാണ്. ഈ വരുന്ന പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ സംസ്ഥാന വ്യപകമായിട്ടും പോപ്പുലര്‍ ഫ്രണ്ട് ,എസ്ഡിപിഐകളുമായി ചേര്‍ന്ന് ശക്തി തെളിയിക്കാനുള്ള നീക്കത്തിലാണ് പിസിയുടെ ജനപക്ഷം.
പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്മാന് ഇ.അബൂബക്കര്‍ ആണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. പോപ്പുലര്‍ ഫ്രണ്ടിന് പറയാനുള്ളത് കേള്‍ക്കാതെ രാജ്യത്തെ ചില മാധ്യമങ്ങള്‍ വിചാരണയും വിധിപ്രസ്താവവും നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ലോകത്ത് ഇസ്ലാമോ ഫോബിയ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇസ്ലാമിനെ അപരത്വമായും മുസ്ലിമിനെ അപരന്മാരായും ചിത്രീകരിക്കുകയാണ്. സംസ്ഥാനത്തെ കലാപഭൂമിയാക്കി മാറ്റാനാണ് ബിജെപിയുടെ ശ്രമം. ഇതിനായാണ് ഉത്തരേന്ത്യന്‍ ബിജെപി നേതാക്കള്‍ ഇവിടെ എത്തുന്നത്. രാജ്യഭരണം ഗുജറാത്തിന്റെ കൈകളിലാണ്. മുഖ്യമന്ത്രി പിണറായി വിജയന് സംഘപരിവാറിന്റെ കയ്യിലെ വടി വാങ്ങിവയ്ക്കണമെന്നും അബൂബക്കര്‍ പറഞ്ഞു.
കെ മുരളീധരന് എംഎല്‍എ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് വിട്ടു നിന്നിരുന്നു. മുരളീധരന്റെ ഫേസ് ബുക്കില്‍ ഇന്നലെ അനേകായിരം പേരെത്തി നടത്തിയ പൊങ്കാലയാണ് പിന്മാറ്റത്തിന് കാരണമായത്. സമ്മേളനത്തിന് മുന്നോടിയായുള്ള അനൗണ്‍സ്മെന്റ് വാഹനത്തിലെല്ലാം തന്നെ ആശംസയറിയിച്ച് വട്ടിയൂര്‍ക്കാവ് എംഎല്‍എ സംസാരിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പൊതു സമ്മേളത്തിന് മുന്‍ കെപിസിസി പ്രസിഡന്റ് എത്തിയില്ല. പൊതു സമ്മേളനം ആരംഭിച്ച ശേഷം പിന്നീട് സ്വാഗത പ്രസംഗത്തിലും മുരളീധരന്റെ പേര് പരാമര്‍ശിച്ചില്ല. പരിപാടിയുടെ അജണ്ഡയില്‍ മാധ്യമങ്ങള്‍ക്ക് നല്കിയ പകര്‍പ്പിലും മുരളീധരന്റെ പേര് ഇല്ലായിരുന്നു.
സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് നാസറുദീന്‍ എളമരം അധ്യക്ഷത വഹിച്ചു. പി.സി.ജോര്‍ജ് എംഎല്‍എ, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി.മുഹമ്മദ് ബഷീര്‍, ദേശീയ സമിതി അംഗം ഇ.എം.അബ്ദുല്‍ റഹ്മാന്, ഓള് ഇന്ത്യ മുസ്!ലിം പഴ്സനല്‍ ലോ ബോര്‍ഡ് വക്താവ് മൗലാനാ സജ്ജാദ് നുഅ്മാനി, ലോ ബോര്‍ഡ് സെക്രട്ടറി മൗലാന ഉംറൈന്‍ മെഹ്ഫൂസ് റഹ്മാന്, ജസ്റ്റിസ് കൊല്‍സെ പാട്ടീല്‍, തേജസ്സ് ചീഫ് എഡിറ്റര്‍ എന്‍.പി.ചെക്കുട്ടി, എ.വാസു, എസ്!ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ.മനോജ് കുമാര്‍, പിഡിപി സീനിയര്‍ വൈസ് ചെയര്മാന് വര്‍ക്കല രാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
You must be logged in to post a comment Login