പോര്‍ഷെയുടെ ലക്ഷ്വറി എസ് യു വി കെയിനിന്റെ പ്ലാറ്റിനം എഡിഷന്‍ ദിലീപ് സ്വന്തമാക്കി

ജനപ്രിയ നായകന്‍ ദിലീപ് വീണ്ടും പോര്‍ഷെ കെയിന്‍ വാങ്ങി. ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ ലക്ഷ്വറി എസ് യു വി കെയിനിന്റെ പ്ലാറ്റിനം എഡിഷനാണ് ദിലീപ് സ്വന്തമാക്കിയത്. വെള്ള നിറത്തിലുള്ള പോര്‍ഷെ പനമേര സ്വന്തമായുള്ള ദിലീപ് ഇത്തവണ വാങ്ങിയത് മഹാഗണി മെറ്റാലിക് നിറമുള്ള കെയിനാണ്. കൊച്ചിയിലെ പോര്‍ഷെ ഡീലര്‍ഷിപ്പില്‍ നിന്നാണ് താരം കാര്‍ സ്വന്തമാക്കിയത്. നേരത്തെ കുഞ്ചാക്കോ ബോബനും കെയിന്‍ പ്ലാറ്റിനം എഡിഷന്‍ ഡീസല്‍ മോഡല്‍ വാങ്ങിയിരുന്നു.

dileep-porsche

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും യുവതാരം പൃഥ്വിരാജിനും പോര്‍ഷയുടെ ലക്ഷ്വറി എസ് യു വി കെയിന്‍ ഉണ്ട്. ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ മിഡ്‌സൈസ് ലക്ഷ്വറി ക്രോസ്ഓവര്‍ എസ് യു വിയായ പോര്‍ഷെ കെയിന്‍ ഡീസലിന്റെ പ്രത്യേക പതിപ്പാണ് പ്ലാറ്റിനം എഡിഷന്‍.

2002ല്‍ രാജ്യാന്തര വിപണിയില്‍ പുറത്തിറങ്ങിയ കെയിനിന്റെ രണ്ടാം തലമുറയാണ് ഇപ്പോള്‍ വിപണിയിലുള്ളത്. 2967 സിസി കപ്പാസിറ്റി എന്‍ജിനുള്ള കെയിന്‍ 3800 മുതല്‍ 4400 വരെ ആര്‍പിഎമ്മില്‍ 245 ബിഎച്ച് പി കരുത്തും 1750 ആര്‍പിഎമ്മില്‍ 550 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കെയിനിന് 7.3 സെക്കന്റുകള്‍ മാത്രം മതി. പരമാവധി വേഗത 221 കിലോമീറ്ററാണ്. ഏകദേശം 1.10 കോടി രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്‌സ്‌ഷോറൂം വില.

You must be logged in to post a comment Login