പോലീസുകാരെ കാഴ്ചക്കാരാക്കി ബിജെപിക്കാരുടെ അഴിഞ്ഞാട്ടം; മാധ്യമപ്രവര്‍ത്തകരെയും മര്‍ദിച്ചു

ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്റ്റ്രേറ്റ് കോടതിയിലാണ് ആക്രമണം നടന്നത്.

bjp_1406

ഒറ്റപ്പാലം: കഴിഞ്ഞ ദിവസമുണ്ടായ ഒറ്റപ്പാലം നെല്ലായയില്‍ ഉണ്ടായ ബിജെപി-സിപിഐഎം സംഘര്‍ഷത്തിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ ശ്യാം കുമാര്‍, റിപ്പോര്‍ട്ടര്‍ ചാനലിന്റെ ലേഖകനായ ശ്രീജിത്ത്, പ്രാദേശിക ചാനല്‍ ലേഖകന്‍ അനൂപ് എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു.

അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്റ്റ്രേറ്റ് കോടതിയിലാണ് ആക്രമണം നടന്നത്.

ബിജെപി പ്രവര്‍ത്തകരായ പ്രതികളെ കൊണ്ടു വന്ന പൊലീസ് ജീപ്പിനൊപ്പം എസ്‌കോര്‍ട്ടായി വന്ന ബിജെപി പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരുടെ ഐഡന്റിറ്റി കാര്‍ഡ് ആവശ്യപ്പെടുകയും കൊടുക്കാതെ വന്നപ്പോള്‍ ആക്രമിക്കുകയായിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ ക്യാമറ തട്ടിയെടുത്ത് എറിഞ്ഞുടയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു.

ഒരു എംഎല്‍എയും കേന്ദ്രത്തില്‍ ഭരണവുമില്ലാത്ത സമയത്തും വെട്ടിയിട്ടുണ്ടെന്നും മാധ്യമപ്രവര്‍ത്തകരെ തീര്‍ത്തു കളയുമെന്നും ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി.

You must be logged in to post a comment Login