പോളിയോ നാടകത്തിലെ പ്രവചനം അന്വേഷണത്തില്‍ വസ്തുതയാകുമ്പോള്‍


  • കെ.എം. സന്തോഷ്‌കുമാര്‍

ഇന്ത്യയിലെ അഞ്ചു വയസില്‍ താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കുംവേണ്ടി നിര്‍ബന്ധമായി കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് പോളിയോ നിര്‍മാര്‍ജ്ജന പള്‍സ് പോളിയോ യജ്ഞം. ഇതിനെതിരേ ഇന്ത്യയിലെ അറിയപ്പെടുന്ന നാടകകൃത്തും സംവിധായകനും നടനും നാടകപരിശീലകനുമായ ജോണ്‍ ടി. വേക്കനും ഗ്രാമീണ നാടകവേദിയിലെ സജീവ സാന്നിദ്ധ്യമായ വൈക്കം ഭാസിയും ചേര്‍ന്നു രചിച്ച് വേക്കന്‍ സംവിധാനം ചെയ്ത് വൈക്കം തിരുനാള്‍ നാടകവേദി കേരളത്തില്‍ 1997, 98, 99 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി അവതരിപ്പിക്കപ്പെട്ട നാടകമാണ് ‘പോളിയോ’.

പത്തു രംഗങ്ങള്‍, നൂറിലേറെ കഥാപാത്രങ്ങള്‍, അവതരിപ്പിക്കുന്നത് സ്ത്രീ പുരുഷന്മാരായ ഇരുപത്തെട്ട് അഭിനേതാക്കള്‍, കൂടാതെ നാടകമവതരിപ്പിക്കുന്ന വേദിയിലെ കുട്ടികളും രക്ഷകര്‍ത്താക്കളും, ഓരോ രംഗങ്ങള്‍ക്കുമിടയിലെ സമയദൈര്‍ഘ്യം പത്തു സെക്കന്റ്, അഭിനേതാക്കള്‍ക്ക് വേഷപ്പകര്‍ച്ച നല്കാന്‍ രണ്ടു മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, നാടകത്തിന്റെ സംഗീതസംവിധായകനായി നിശ്ചയിച്ചിരുന്നത് അറിയപ്പെടുന്ന ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ശരത്ചന്ദ്ര മറാട്ടെ… എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നിമിത്തം അത് നിര്‍വഹിച്ചതാകട്ടെ സമീപകാലത്ത് നിര്യാതനായ പ്രശസ്ത കീബോര്‍ഡിസ്റ്റ് സാംസണ്‍ മാനുവല്‍, പരിശീലനകാലം ഒരു വര്‍ഷം, അരങ്ങിലെത്തിക്കാന്‍ ചെലവായത് അഞ്ചു ലക്ഷം രൂപ… ഈ നാടകത്തിന്റെ പരിശീലനം വൈക്കത്ത് നാടകക്കളരിയില്‍ നടന്നുകൊണ്ടിരുന്ന വേളയില്‍ തന്നെ കേരളത്തിലെ അഭിനയരീതികള്‍ പഠിക്കുവാന്‍ അമേരിക്ക, അയര്‍ലന്റ്, സ്‌പെയിന്‍, ചൈന എന്നീ രാജ്യങ്ങളില്‍നിന്ന് എത്തിച്ചേര്‍ന്ന കലാകാരന്മാരെ ഈ നാടകത്തിന്റെ പ്രമേയവും ആവിഷ്‌ക്കാര ശൈലിയും അത്ഭുതപ്പെടുത്തി. ആദ്യാവതരണം എറണാകുളം ടൗണ്‍ഹാളില്‍, ഉദ്ഘാടകന്‍ എം. വി. ദേവന്‍, ആദ്യാവതരണം ഇന്റലിജന്‍സ് ബ്യൂറോയുടെ നിരീക്ഷണത്തിന് വിധേയമാകുകയും നാടകനിരോധനത്തെക്കറിച്ച് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച, പരിശീലനകാലത്തും അവതരണകാലത്തും ഇന്ത്യയില്‍ ഒരു നാടകത്തിനും ലഭിച്ചിട്ടില്ലാത്തത്ര മാധ്യമശ്രദ്ധ… അങ്ങനെ സവിശേഷതകളേറെയുള്ള നാടകമായിരുന്നു പോളിയോ.

രാജാവ് നഗ്‌നനാണെന്ന് വിളിച്ചു പറയുന്നതിന് നിഷേധിയുടെ സാഹസികത മാത്രം പോരാ, കാഴ്ചകളിലെ തിരിച്ചറിവുകളോടുള്ള പ്രതിബദ്ധതയും അതിലുപരി ജനപക്ഷ നിലപാടും ആവശ്യമാണ്. അതുകൊണ്ടാണ് നമ്മുടെ ‘മാധ്യമപ്രശസ്തരായ’ പല നിഷേധികള്‍ക്കും മാധ്യമകോളങ്ങളെ നിറയ്ക്കുവാനുള്ള വൃഥാ വിവാദങ്ങള്‍ക്കും ഏതെങ്കിലും തട്ടകങ്ങളില്‍ സ്വന്തം നിലയുറപ്പിക്കാനുള്ള കസര്‍ത്തുകള്‍ക്കുമപ്പുറത്തേയ്ക്ക് അവരുടെ വിഗ്രഹഭഞ്ജനങ്ങളെ വളര്‍ത്താനാകാതെ വരുന്നത്. അത്തരം വ്യവസ്ഥാപിത നിഷേധികളില്‍നിന്ന് ജനപക്ഷ ആഭിമുഖ്യമുള്ള ഒരു കലാകാരന്‍ എങ്ങനെ വേറിട്ട് നില്ക്കുന്നു എന്നതാണ് ‘പോളിയോ’ എന്ന നാടകം അവതരിപ്പിക്കുന്നതിലൂടെ ജോണ്‍ ടി. വേക്കന്‍ പ്രകടിപ്പിച്ചത്. പെരുമഴയായി പെയ്യുന്ന സാമൂഹ്യ ദുരിതങ്ങള്‍ക്കുകീഴെ നേര്‍ത്തൊതുങ്ങിപ്പോവുന്ന ജനകീയ പ്രതിഷേധങ്ങള്‍ക്ക് നാവ് നല്കാനുള്ള ഒരു കലാകാരന്റെ തീക്ഷ്ണവ്യഗ്രതയാണ് വേക്കന്റെ ‘പോളിയോ’ എന്ന നാടകത്തിലൂടെ നമുക്ക് ദര്‍ശിക്കാനാവുന്നത്.

ഏറെ പരസ്യപ്രചാരണഘോഷത്തോടെ നമ്മുടെ നാട്ടില്‍ നടപ്പിലാക്കിയ പള്‍സ് പോളിയോ പദ്ധതിക്കെതിരെ ഒരു സാമൂഹ്യ സംഘടന പ്രതിഷേധിക്കുന്നതും ഈ പദ്ധതിയെക്കുറിച്ചുള്ള അവരുടെ അന്വേഷണത്തിലൂടെ വെളിപ്പെടുന്ന ഞെട്ടിപ്പിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങളും പദ്ധതിക്കു പിന്നിലെ രാജ്യദ്രോഹഭരണാധികാരികളുടെ ദുഷ്‌ചെയ്തികളുമാണ് ഈ നാടകത്തിന്റെ ഒരേകദേശ പ്രമേയ പരിസരം. പോളിയോ പദ്ധതിയെ എതിര്‍ത്തതിന്റെ പേരില്‍ തടവറയിലാകുന്ന നവോത്ഥാനപ്രസ്ഥാനപ്രവര്‍ത്തകര്‍ക്കും അതിന്റെ നേതാവായ മാനവേന്ദ്രപ്രസാദിനും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റവാളികള്‍ ഭരണാധികാരികള്‍ തന്നെയാണെന്ന് തെളിയിക്കാനാവുന്നതിലൂടെ നാടകം അവസാനിക്കുന്നു.

നമ്മുടെ സമസ്ത സാമൂഹ്യ മണ്ഡലങ്ങളും അതിസങ്കീര്‍ണ്ണമായ രീതിയില്‍ വൈദേശികാടിമത്തത്തിന് കീഴ്‌പ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ചരിത്രഘട്ടത്തില്‍, ഈ നാടകമുയര്‍ത്തുന്ന പല വിഷയങ്ങളും ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. വൈദ്യശാസ്ത്ര മേഖലയില്‍ പുതിയ പരിപാടികള്‍ അവതരിപ്പിക്കപ്പടുമ്പോള്‍, ഒരു ജനതയുടെ നിലനില്പുമായി ബന്ധപ്പെടുന്ന വിഷയം എന്ന തലത്തില്‍ അത് ഏറെ ഗൗരവതരമായി ചര്‍ച്ചചെയ്യപ്പടേണ്ടതുണ്ട്. ബഹുരാഷ്ട്ര കോര്‍പ്പറേറ്റ് ചൂഷണ തന്ത്രങ്ങളുടെ ഇക്കാലത്ത് അലസബുദ്ധിയോടെ ഒരു വിദേശബന്ധമുള്ള പദ്ധതിയെ സ്വീകരിക്കുന്നത് ആത്മഹത്യാപരമാണ്.

ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളില്‍ ഒപ്പുവെക്കപ്പെട്ട ഇന്‍ഡോ-അമേരിക്കന്‍ വാക്‌സിന്‍ കരാറും വിദേശരാജ്യങ്ങളില്‍ നിരോധിച്ചതടക്കമുള്ള നൂറുകണക്കിന് ബ്രാന്‍ഡ് അനാവശ്യ മരുന്നുകള്‍ നമ്മുടെ വിപണിയില്‍ വിറ്റഴിക്കപ്പെടുന്നുണ്ട് എന്ന പഠന-കമ്മീഷന്‍ റിപ്പോര്‍ട്ടുകളും തൊണ്ണൂറുകളില്‍ വൈക്കത്ത് ജനങ്ങളില്‍നിന്ന് രക്തസാമ്പിളുകള്‍ ശേഖരിച്ച് വിദേശികള്‍ നടത്തിയ എയ്ഡ്‌സ് സര്‍വ്വേ അനധികൃതമായിരുന്നു എന്ന ആരോപണവും നമ്മുടെ വിവിധ സസ്യ-ജന്തു വിഭാഗങ്ങളുടെയും ആദിമനിവാസികളുടെയും ജനിതക വൈവിധ്യങ്ങളെക്കുറിച്ച് പഠിക്കുവാന്‍ വിദേശികള്‍ രഹസ്യമായി ശ്രമിക്കുന്നതിന്റെ വാര്‍ത്തകള്‍ക്കു പിന്നാലെ വെച്ചൂര്‍ പശുവിന്റെയും വിവിധ ഔഷധസസ്യങ്ങളുടേയും പേറ്റന്റ് അമേരിക്കന്‍ ഇന്സ്റ്റിറ്റിയൂട്ട് തരപ്പെടുത്തിയെന്ന വസ്തുതയുടെയടക്കം പശ്ചാത്തലത്തില്‍ പോളിയോ വാക്‌സിന്‍ പദ്ധതിയെക്കുറിച്ച് ഉത്ക്കണ്ഠപ്പടാതിരിക്കാനാവില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അത്തരമൊരു ദിശയില്‍ ഈ നാടകമുന്നയിക്കുന്ന വിഷയങ്ങളോട് പൂര്‍ണ്ണമായും യോജിക്കുവാന്‍ ആവാത്തവര്‍ക്കുപോലും ഇതിലെ ക്രിയാത്മക വിമര്‍ശനങ്ങളോട് ഗുണപരമായ സംവാദം അനുപേക്ഷണീയമാണ്.

കൃത്യമായ സാമൂഹ്യലക്ഷ്യവുമായി ബന്ധപ്പെട്ട് ഒരു നാടകം അവതരിപ്പിക്കുമ്പോള്‍ അല്ലെങ്കില്‍ സാമൂഹ്യ പ്രക്ഷോഭങ്ങളുടെ ഉല തെളിക്കുവാനുള്ള സന്ദേശം പ്രചരിപ്പിക്കുവാനുള്ള ലക്ഷ്യത്തോടെ ഒരു കലാവിഷ്‌ക്കാരം നിര്‍വ്വഹിക്കുമ്പോള്‍, സാധാരണ സംഭവിക്കാറുള്ള ഗൗരവതരമായ വീഴ്ചകള്‍ ഈ നാടകത്തിന് സംഭവിച്ചിട്ടില്ല എന്നതാണ് ഇതിന്റെ കലാപരമായ ശ്രേഷ്ഠത. ആവിഷ്‌ക്കാരത്തില്‍ സര്‍ഗ്ഗാത്മകതയുടെ സാന്നിദ്ധ്യമില്ലാതെ, കലാപരമായ സൗന്ദര്യമില്ലാതെ, കേവലം മുദ്രാവാക്യപരമായി അധോഗമിക്കുന്ന ദുര്യോഗം സാധാരണയായി ഇത്തരം ശ്രമങ്ങള്‍ക്ക് സംഭവിക്കാറുണ്ട്. എന്നാല്‍ അത്തരം പരിമിതികളെ മറികടക്കുവാന്‍ സംവിധായകനായ വേക്കന് കഴിഞ്ഞിട്ടുണ്ട് എന്നത് ശ്ലാഘനീയമാണ്. വേഷങ്ങളും വര്‍ണ്ണങ്ങളുംകൊണ്ട് പ്രമേയപരിസരവുമായി സൗന്ദര്യപരമായി ഒത്തിണങ്ങുന്ന ദൃശ്യവ്യാഖ്യാനം സൃഷ്ടിക്കുവാന്‍ ഒരുതരം ഇന്ദ്രജാലം പാടവം തന്നെ ഇതിന്റെ ശില്പികള്‍ കാട്ടിയിട്ടുണ്ട് എന്നത് നാടകത്തിന്റെ ഏറ്റവും വലിയ സവിശേഷതയാണ്.

ചരിത്രപുരുഷന്മാരുടെ ജീവിതകഥാവതരണങ്ങളിലും പുരാണവിഷയങ്ങളിലും കേവല വൈകാരിക കുടുംബകഥകളിലും മാത്രമായി മിക്കവാറും നമ്മുടെ കമേഴ്‌സ്യല്‍ നാടകങ്ങളും, അരങ്ങിലെ അക്കാദമിക് പരീക്ഷണങ്ങളായി പല അമേച്വര്‍ സംഘങ്ങളും ഒതുങ്ങിപ്പോവുന്ന ഇക്കാലത്ത് വളരെ ഗൗരവമേറിയ ഒരു വിഷയം ഏറ്റവും കലാപരമായി രംഗാവിഷ്‌കരണം നടത്തുന്നതിലൂടെ വൈക്കം തിരുനാള്‍ നാടകവേദി മലയാളനാടകവേദിക്ക് ഒരു ദിശാസൂചകമാകുകയാണ്. തിന്മകളോട് തന്മയീഭവിക്കുന്നവര്‍ ജനനേതാക്കളോ അവതാരപുരുഷന്മാരോ ആയി വാഴ്ത്തപ്പെടുന്ന ഒരു കാലത്ത്, ജനപക്ഷത്തുനിന്ന് സംസാരിക്കുവാനും അധികാരത്തിന്റെ ദുര്‍വൃത്തികളോട് സൃഷ്ടിപരമായി കലഹിക്കുവാനും ‘പോളിയോ’ പ്രകടിപ്പിച്ച തന്റേടം നമ്മുടെ തലമുറയ്ക്ക് തുടര്‍യാത്രകളിലെ ചുവടുവെയ്പുകള്‍ക്കുള്ള ദൃഢതയാകും.

 

നാടകം അവതരിപ്പിക്കപ്പെട്ട കാലത്ത് മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലെ പത്രങ്ങളിലും വാരികകളിലും നാടകത്തെക്കുറിച്ച് ചര്‍ച്ചകളും പഠനങ്ങളും നടന്നു. കാരണം, നാടകം മുന്നോട്ടുവെച്ച ആശയങ്ങളും അഭിപ്രായങ്ങളും അത്രമാത്രം ഗൗരവമുള്ളതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായിരുന്നു. പോളിയോ നാടകത്തിന്റെ പ്രസക്തിയും പ്രാധാന്യവും മനസ്സിലാക്കിയ മലയാളത്തിലെ ഒരു പ്രമുഖ വാരിക പത്തു രംഗങ്ങള്‍ പത്തു ലക്കങ്ങളിലായി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചെങ്കിലും മെഡിക്കല്‍ ലോബികളുടെ സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്ന് മാറ്റിവെച്ചു എന്നറിയാന്‍ കഴിഞ്ഞു. പിന്നീട്, നാടകത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌ക്കാരിക പ്രാധാന്യത്തെക്കുറിച്ച് രണ്ടു പ്രമുഖരുടെ പഠനങ്ങള്‍ പ്രസിദ്ധീകരിച്ച് പ്രായശ്ചിത്തം ചെയ്തു.

അവതരിപ്പിച്ച വേദികളിലെല്ലാം ശ്രദ്ധേയമായ ഈ നാടകം പിന്നീട് പുസ്തകമായി പുറത്തുവന്നു. നാടകകൃതി, നാടകം അരങ്ങില്‍ കണ്ട് വിലയിരുത്തുകയും കൃതി പഠനവിധേയമാക്കുകയും ചെയ്ത എം. വി. ദേവന്‍, എസ്.കെ. നായര്‍, കെ. എം. സന്തോഷ്‌കുമാര്‍, ഡോ. വയലാ വാസുദേവന്‍പിള്ള, രാമചന്ദ്രന്‍ മൊകേരി, ഡോ. എച്ച്. സദാശിവന്‍പിള്ള എന്നിവരുടെ ലേഖനങ്ങള്‍, നാടകമവതരിപ്പിച്ചപ്പോഴുണ്ടായ പ്രതികരണം, പോളിയോ വാക്‌സിനെക്കുറിച്ചുള്ള പഠനം ഇങ്ങനെ 240 പേജില്‍ നാലു ഭാഗങ്ങളുള്ള പുസ്തകം 2008-ല്‍ ചരിത്രരേഖപോലെ പ്രകാശിതമായി. പുസ്തകം പുറത്തുവന്നപ്പോള്‍ സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലെ പ്രമുഖരായ സി. ആര്‍. നീലകണ്ഠന്‍, സിവിക് ചന്ദ്രന്‍, പി. സുരേന്ദ്രന്‍, ഡോ. കെ. ശ്രീകുമാര്‍, സാജന്‍ സിന്ധു, രാജേഷ് വര്‍മ്മ തുടങ്ങിവര്‍ പുസ്തകത്തെക്കുറിച്ച് പഠനങ്ങളെഴുതി.

ഇപ്പോള്‍ ഈ നാടകം പ്രസക്തമാകുന്നത് പ്രവചനസ്വഭാവവും ക്രാന്തദര്‍ശിത്വവും സമന്വയിക്കുന്നതുകൊണ്ടാണ്. നാടകത്തില്‍ പറഞ്ഞിരുന്ന രണ്ടു കാര്യങ്ങള്‍ സംഭവിച്ചിരിക്കുന്നു. ഒന്ന്, ഓറല്‍ പോളിയോ വാക്‌സിന്‍ പോളിയോക്ക് പരിഹാരമാര്‍ഗ്ഗമല്ല. രണ്ട്, ഓറല്‍ പോളിയോ വാക്‌സിന്‍ കുട്ടികളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിട്ടുള്ള പഠനം തെളിയിക്കുന്നത്, ഓറല്‍ വാക്‌സിന്‍ ഫലപ്രദമല്ലാത്തതിനാല്‍ അമേരിക്ക, ജര്‍മ്മനി, ബ്രിട്ടന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിരോധിച്ചിരിക്കുന്നു, ഓറല്‍ വാക്‌സിനെടുത്ത കുട്ടികള്‍ക്ക് പോളിയോ രോഗമുണ്ടാകുന്നു. നാടകത്തില്‍ പറഞ്ഞിട്ടുള്ള എന്തെല്ലാമാണ് ഇനി സംഭവിക്കാനിരിക്കുന്നത്…? നാടകം കാണുകയും വായിക്കുകയും ചെയ്തവരിലുള്ള ആകാംക്ഷ തന്നയാണ് വാക്‌സിനെടുത്ത കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ജനകീയാരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ളത്. അത് തന്നെയാണ് ഈ നാടകത്തിന്റെ ഫലശ്രുതിയും.

You must be logged in to post a comment Login