പൌരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.എ‌മ്മിന്‍റെ പ്രതിഷേധം

പൌരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.എ‌മ്മിന്‍റെ പ്രതിഷേധം

പൌരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തുടനീള‌ം സി.പി.എ‌മ്മിന്‍റെ പ്രതിഷേധം. ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്കാണ് സി.പി.എം പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചത്. തുടര്‍ സമരപരിപാടികള്‍ സി.പി.എമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കും.

പൌരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമാണെന്നും അതുകൊണ്ട് കേരളത്തില്‍ നിയമം നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തിയത്. കോഴിക്കോട് 16 കേന്ദ്രങ്ങളിലാണ് മാര്‍ച്ച് നടന്നത്. ടൌണ്‍‌ ഏരിയ കമ്മിറ്റിയുടേ നേതൃത്വത്തില്‍ ആദായ നികുതി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനന്‍ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരത്ത് ജനറല്‍ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. പാറശ്ശാല പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് എം.എല്‍.എ സി.കെ ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനമൊട്ടാകെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള തീരുമാനം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് എടുത്തേക്കും.

You must be logged in to post a comment Login