പൌരത്വ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍; പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

പൌരത്വ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍; പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

പൌരത്വ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്‍ അവതരിപ്പിക്കുന്നത്. ബില്ലിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

പാകിസ്താന്‍,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങള്‍ ഒഴികയുള്ള അഭയാര്‍ത്ഥികള്‍ക്ക് പൌര്വത്വത്തിന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍ . വിഷയം രാജ്യത്തെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അടക്കം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചതിന് പിന്നാലെയാണ് സഭയില്‍ ബില്‍ എത്തുന്നത്. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കും. 9 ആം തിയതി മുതല്‍ 12 വരെ പാര്‍ലമെന്റില്‍ ഉണ്ടായിരിക്കണമെന്ന് ബി.ജെ.പി എം.പിമാര്‍ക്ക് പാര്‍ട്ടി വിപ്പ് നല്‍കിയിട്ടുണ്ട്. ആദ്യം ചര്‍ച്ചയും പിന്നീട് ബില്ല് പാസാക്കുകയുമാണ് നടപടി ക്രമം. എന്നാല്‍ ബില്ലിനെ സഭയില്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

ലോക്സഭയില്‍ പാസായാല്‍ 11ന് തന്നെ രാജ്യസഭയിലും ബില്‍ എത്തും. ബില്‍ സഭയില്‍ പാസായില്‍ സുപ്രീം കോടതിയെ ഇക്കാര്യത്തില്‍ സമീപിക്കാനാകും പ്രതിപക്ഷം ശ്രമിക്കുക. രണ്ട് പ്രധാന ഭേദഗതികള്‍ വേണമെന്നും വോട്ടെടുപ്പ് വേണമമെന്നും സി.പി.എം അടക്കമുള്ള ഇടത് പാര്‍ട്ടികള്‍ ആവശ്യപ്പെടും. കോണ്‍ഗ്രസിന് പുറമെ ഇടത് പാര്‍ട്ടികള്‍ , ആര്‍.ജെ.ഡി , ഡി.എം.കെ, മുസ്ലീംലീഗ് , എസ്.പി , ബി.എസ്.പി, ആം ആദ്മി പാര്‍ട്ടി എന്നിവര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യും. ശിവസേനയും തൃണമൂല്‍ കോണ്‍ഗ്രസും സഭയില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് കണ്ടറിയേണ്ടത്. എന്‍.ഡി.എ ഘടകക്ഷികള്‍ അല്ലെങ്കിലും ബി.ജെ.ഡി, ടി.ആര്‍.എസ്, വൈ.എസ്‍.ആര്‍ എസ്.പി എന്നീ പാര്‍ട്ടികളും ബില്ലിനെ സഭയില്‍ അനുകൂലിച്ചേക്കും.

You must be logged in to post a comment Login