പ്രകൃതിയുടെ ഫോട്ടോഷോപ്പ് അനീഷ് വക

 

ബി. ജോസുകുട്ടി

സമസ്ത വര്‍ണങ്ങളും ചാലിച്ച് വരച്ചെടുത്ത മനോഹരമായ ദൃശ്യമാണ് പ്രകൃതി നമുക്ക് നല്‍കുന്നത്. അതില്‍ സര്‍ഗാത്മകമായ ഒരിടപെടലോടെ പ്രകൃതിയെയും ജീവിതത്തെയും തന്റേതായ നീരീക്ഷണത്തിലൂടെ പരിഭാഷപ്പെടുത്തുകയാണ് അനീഷ് വിജയന്‍ എന്ന ചിത്രകാരന്‍.
റിയലിസ്റ്റിക് സങ്കേതത്തിലൂടെയാണ് അനീഷ് ജീവിതത്തെയും പ്രകൃതിയേയും കോറിയിടുന്നത്. ചിത്രങ്ങള്‍ പ്രഥമ ദര്‍ശനത്തില്‍ ആസ്വാദകനെ വശീകരിക്കണം ഒപ്പം അതിശയിപ്പിക്കുകയും വേണം, എന്ന് റിയലിസ്റ്റിക് രചനാ രീതിയെ അനീഷ് ന്യായീകരിക്കുന്നു. നമ്മുടെ അഭിമാനമായ രാജാ രവിവര്‍മ്മയുള്‍പ്പെടെയുള്ള വിശ്വവിഖ്യാത ചിത്രകാരന്മാരെല്ലാം റിയലിസത്തിന്റെ വക്താക്കളായിരുന്നുവെന്നു അനീഷ് പറയുന്നു വിന്‍സെന്റ് വാന്‍ഗോഗ്, റാഫേല്‍, ഡാവിഞ്ചി എന്നിവരുടെ പെയിന്റുകള്‍ കാലാതിവര്‍ത്തികളാകുന്നത് അതുകൊണ്ടാണെന്നീ ഈ ചിത്രകാരന്‍ മനസ്സിലാക്കുന്നു.
പ്രകൃതിയുടെ സുന്ദരങ്ങളായ ഭാവങ്ങളാണ് അനീഷ് പലപ്പോഴും തന്റെ ക്യാന്‍വാസില്‍ രചിക്കുന്നത് പ്രത്യേകിച്ച് കുട്ടനാടന്‍ കാഴ്ചകള്‍. ഒരു ക്യാമറാമാന്‍ തന്റെ ഫ്രെയിമില്‍ പകര്‍ത്തുന്നതുപോലെ മുന്നില്‍ കാണുന്ന ജീവിതക്കാഴ്ചകളിലെ സൂക്ഷ്മമായ ബിംബങ്ങള്‍ പോലും വിട്ടുകളയാതെ വരച്ചുവെയ്ക്കുന്നു, കുട്ടനാടന്‍ ഗ്രാമങ്ങളിലെ കാര്‍ഷിക സംസ്‌കൃതിയുടെ നേര്‍ചിത്രങ്ങള്‍ ആസ്വാദകരില്‍ ഗൃഹാതുരത്വത്തിന്റെ വയല്‍പ്പച്ച നിറയ്ക്കുന്നു. പുതിയ കാലത്തെ കുട്ടനാട് മറന്നുപോയ ജൈവചിത്രങ്ങളാണ് അനീഷ് നവീന തലമുറയ്ക്ക് പകര്‍ത്തിക്കൊടുക്കുന്നത്. വയലോരത്ത് ചക്രം ചവിട്ടി ജലസേചനം നടത്തുന്ന തൊഴിലാളി, വിളഞ്ഞ നെല്‍ക്കതിരുകള്‍ കൊയ്‌തെടുക്കുന്ന സുന്ദരികളായ സ്ത്രീകള്‍,കൊയ്ത്തുപണിക്ക് മേല്‍നോട്ടം വഹിക്കുന്ന കുടയും പിടിച്ചു നില്‍ക്കുന്ന മധ്യവയ്‌സകന്‍, കൊയ്‌തെടുത്ത കറ്റകളുമായി കനാലിലൂടെ കേവുവള്ള മൂന്നീപ്പോകുന്നവര്‍, കനാലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ചെറുവള്ളത്തിന്റെ അസ്തമയ ദൃശ്യം, യാത്രക്കാരെയും വഹിച്ചുകൊണ്ട് കായലിലൂടെ സഞ്ചരിക്കുന്ന ജലഗതാഗത വകുപ്പിന്റെ മോട്ടോര്‍ ബോട്ട് എന്നിങ്ങനെ കുട്ടനാടന്‍ കാര്‍ഷിക ജീവിതത്തിന്റെ സ്പന്ദനം അനുഭവിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തിവെയ്ക്കുന്നു. യഥാര്‍ത്ഥ ദൃശ്യങ്ങളെ അതേപോലെ വരച്ചിടുന്ന രീതിയല്ല അനീഷിന്റേത്. ദൃശ്യങ്ങള്‍ രചിക്കുമ്പോള്‍ യഥാര്‍ത്ഥ കാഴ്ചയില്‍ നിന്നും വ്യത്യസ്തമായി തന്റേതായ കാഴ്ച വസ്തു അനീഷ് കൂട്ടിച്ചേര്‍ക്കുന്നു. അതു തോട്ടിലേക്ക് ചാഞ്ഞു കിടക്കുന്ന തെങ്ങാകാം, തൊഴിലാളിപ്പെണ്ണുങ്ങളുടെ മനം മയക്കുന്ന സൗന്ദര്യമാകാം, വയലോരത്തു കാണുന്ന ഓലക്കുടിലുകളാവാം. ഇത്തരത്തിലുള്ള ബിംബ കല്പനകളാണ് റിയലിസ്റ്റിക് ചിത്രകാരന്റെ ആസ്വാദകര്‍ക്കുള്ള സംഭാവനകള്‍ എന്ന് അനീഷ് അഭിപ്രായപ്പെടുന്നു. ഇത്തരുണത്തില്‍ അനീഷ് സൃഷ്ടിച്ച കണ്വാശ്രമത്തിലെ ശകുന്തളയുടെ ചിത്രം ഏറെ ശ്രദ്ധേയമാണ്. ആശ്രമാന്തീരക്ഷത്തിലെ ആല്‍ത്തറയില്‍ പ്രണയപാരവശ്യത്തോടെ ദുഷ്യന്തനെ ധ്യാനിച്ചിരിക്കുന്ന ആ മുനികന്യക ഒരു പ്രളയത്തിനു നടുവിലാണ്. ആല്‍ത്തറയിലിരിക്കുന്ന അവളുടെ ഇടതുകാല്‍ ജലത്തിലാണ്ടിരിക്കുന്നു. ജലസമൃദ്ധിയില്‍ താമരകള്‍ വിരിഞ്ഞു നില്‍പ്പുണ്ട്. തോഴികളും മാന്‍കിടാവും വനജ്യോത്സനകളും ശകുന്തളയെ അലോസരപ്പെടുത്താതെ അകന്നുമാറി നില്‍ക്കുന്നുണ്ട്. ആ ആശ്രമകന്യകയില്‍ പെയ്‌തൊടുങ്ങിയ പ്രണയപ്പെരുമഴ സൃഷ്ടിച്ച പ്രളയമാണതെന്ന് അനീഷ് വ്യാഖ്യാനിക്കുന്നു.
ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ടുപോയ വൃദ്ധ ദമ്പതിമാരുടെ ചിത്രം ഒരു നേര്‍ക്കാഴ്ച തന്നെയാണ്. കുടിലിന്റെ വരാന്തയില്‍ കാലുനീട്ടിയിരുന്ന് ചകിരിയില്‍ നിന്നു കയര്‍പിരിക്കുന്ന വൃദ്ധയുടേയും അവര്‍ക്കു കൂട്ടായി സമീപത്തിരിക്കുന്ന വൃദ്ധന്റേയും ചിത്രം കരുത്തുള്ള ഒരു ദാമ്പത്യത്തിന്റെ കഥ പറയുന്നുണ്ട്. ഇങ്ങനെ ജൈവജീവിതത്തിന്റെ നിറങ്ങളില്‍ നിന്നു അനീഷ് രൂപപ്പെടുത്തിയ ചിത്രങ്ങള്‍ കാഴ്ചക്കാരന് വ്യതിരിക്തമായ അനുഭവങ്ങള്‍ നല്‍കുന്നുണ്ട്
ആലപ്പുഴയുടെ ചരിത്രവും പരമ്പരാഗതവ്യവസായങ്ങളും ഭൂപ്രകൃതിയും വിഷയങ്ങളാക്കിക്കൊണ്ട് ‘ആലപ്പുഴയുടെ ഋതുഭേദങ്ങള്‍’ എന്ന പേരില്‍ ഒരു ചിത്ര പരമ്പര അനീഷ് തയ്യാറാക്കിയിട്ടുണ്ട്. മുപ്പത് ചിത്രങ്ങളാണ് ഇതിനുവേണ്ടി വരച്ചിട്ടുള്ളത്. വാട്ടര്‍കളറില്‍ വരച്ച ഈ പരമ്പരയുടെ പ്രദര്‍ശനത്തിനു തയ്യാറെടുക്കുകയാണ് അനീഷ്.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അനീഷ് വരച്ചു തുടങ്ങിയത്. മകന്റെ വാസനയെ കണക്കിലെടുത്ത് അച്ഛന്‍ വിജയന്‍ ആര്‍ട്ടിസ്റ്റ് ടി.കെ. പളനിയുടെ അടുത്ത് ചിത്രകലയുടെ പ്രഥമ പാഠങ്ങള്‍ അഭ്യസിക്കാന്‍ വിട്ടു. ആറുവര്‍ഷത്തെ പഠനത്തിനുശേഷം ചിത്രകാരന്‍ ടി.ജി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള ചേര്‍ത്തല ഗീതാ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ചിത്രകലയുടെ നവീന സങ്കേതങ്ങള്‍ അഭ്യസിച്ചു. ഇക്കാലയളവില്‍ പോര്‍ട്രയിറ്റുകളും അനീഷ് വരച്ചു തുടങ്ങി. 2000 ത്തിലാണ് ഗൗരവമായി ചിത്രം വരച്ചു തുടങ്ങിയത്.
സോഷ്യല്‍ മീഡിയ സജീവമായതോടെ വരച്ച ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് തുടങ്ങി. ലണ്ടനിലുള്ള ആഗോളപ്രശസ്തമായ ചിത്രകാരന്മാരുടെ ഓര്‍ഗനൈസേഷനായ മ്യൂസിക് വിത്ത് വിഷന്റെ സ്ഥാപകന്‍ ഡോ. സ്റ്റീവ് എനോ റി യു അനീഷിന്റെ ചിത്രങ്ങള്‍ കണ്ട് ഗോബ്ലേല്‍ ആര്‍ട്‌സ് നെറ്റ് വര്‍ക്ക് എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അനീഷിനെ ചേര്‍ത്തു. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്റ് ,അയര്‍ലണ്ട് എന്നീ രാജ്യങ്ങളിലുള്ള ചിത്രകാരന്മാരുള്‍പ്പെടുന്ന ഗ്രൂപ്പിലെ ഏക ഏഷ്യക്കാരനാണ് അനീഷ്.
പ്രശസ്തമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന എല്ലാവരുടെയും പ്രശംസ ലഭിച്ച പാര്‍ത്ഥസാരഥിയുടെ ചിത്രം അനീഷ് എന്ന മുപ്പത്തെട്ടുകാരന്‍ വരച്ചതാണെന്നു പലര്‍ക്കും അറിയാത്തകാര്യമാണ്. ഏതാനും ടെലിവിഷന്‍ പരമ്പരകളില്‍ കലാസംവിധായകനുമായി പ്രവര്‍ത്തിച്ചിട്ടുള്ള അനീഷ് ചക്കുളത്തുകാവില്‍ താമസിക്കുന്നു. പരസ്യക്കമ്പനിയില്‍ ഡിസൈനറായി ജോലി ചെയ്യുന്ന അനീഷിന്റെ സഹധര്‍മ്മിണി മഞ്ജുവാണ്. മകന്‍ സൂരജ്.

 

You must be logged in to post a comment Login