പ്രകൃതിയുടെ വിക്യതിയാണ് പരുന്തുംപാറ

p

കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് പരുന്തുപാറ. പീരുമേട് താലൂക്കിലുള്ള പ്രകൃതി രമണീയമായ ഈ സ്ഥലം പീരുമേടിനും തേക്കടിക്കും ഇടയിലായി പീരുമേട്ടില്‍നിന്നും ഏകദേശം 8 കി.മീ. ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. പീരുമേടില്‍ നിന്ന് 6 കിലോമീറ്ററും, തേക്കടിയില്‍ നിന്ന് 25 കിലോമീറ്ററും, ദേശീയപാത 220 ല്‍ നിന്ന് 3 കിലോമീറ്ററും അകലെയാണ് ഈ സ്ഥലം. വളര്‍ന്നു വരുന്ന വിനോദസഞ്ചാര കേന്ദ്രമാണിത്. സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈര്‍മല്യവും അടുത്തറിയാന്‍ ഒരുപാട് സ്വദേശീയ സഞ്ചാരികള്‍ ഇവിടെ എത്തുന്നു. നഗരത്തിന്റെ തിരക്കും കോലാഹലവും വിട്ട് നിബിഡ വനങ്ങളുടെ ശാന്തമായ ദൃശ്യം ആസ്വദിക്കാന്‍ ഉചിതമായ മലമ്പ്രദേശം ആണിത്. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ കുമരകത്തിനും തേക്കടിക്കും ഇടയിലെ ഇടവേള കേന്ദ്രമായി പരുന്തുംപാറയെ വളര്‍ത്തിയെടുക്കാന്‍ ഉള്ള പദ്ധതികള്‍ ജില്ലയിലെ ടൂറിസം വികസന സമിതി തയ്യാറാക്കുന്നുണ്ട്

ഇടുക്കി ജില്ലയുടെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഇതുവരെ ഉള്‍ക്കൊള്ളിച്ചിട്ടില്ലെങ്കിലും മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളോട് കിടപിടിക്കുന്ന ഭൂമനോഹാരിത പരുന്തുംപാറക്കുണ്ട്. തെളിഞ്ഞ ആകാശമാണെങ്കില്‍ ശബരിമല കാടുകള്‍ ഇവിടുന്നു കാണാവുന്നതാണ്. മകരജ്യോതി ദര്‍ശിക്കുവാന്‍ മണ്ഡല കാലത്ത് ആയപ്പഭക്തര്‍ ഇവിടെ എത്താറുണ്ട്. വിശാലമായ ഉയര്‍ന്ന പ്രദേശമായതിനാല്‍ ഇവിടെ നിന്നു നോക്കുമ്പോള്‍ നാലുപാടും വളരെ ദൂരത്തോളം ഉള്ള മലനിരകള്‍ കാണുവാന്‍ കഴിയും. മഞ്ഞു മൂടി ഇടയ്കിടെ കാഴ്ച മറയുകയും താമസിയാതെ കാറ്റടിച്ച് ദൂരെയുള്ള മലനിരകള്‍ പ്രത്യക്ഷമാകുകയും ചെയ്യുന്നത് മനോഹരമായ ഒരു അനുഭവമാണു്. ഇവിടുത്തെ ഒരു പാറക്കെട്ടിന് മഹാകവി രവീന്ദ്ര നാഥ ടാഗോറിന്റെ ശിരസ്സുമായി അത്ഭുതകരമായ സാമ്യമുണ്ട്. ഇത് ടാഗോര്‍ പാറ എന്നു് അറിയപ്പെടുന്നു. ഭ്രമരം എന്ന ചലച്ചിത്രത്തിന്റെ ചില പ്രധാന ഭാഗങ്ങള്‍ പരുന്തുംപാറയിലാണു ചിത്രീകരിച്ചത്.

You must be logged in to post a comment Login