പ്രകൃതിയോട് വിനയപൂര്‍വ്വം

  • നീരജ വര്‍മ്മ

പ്രകൃതിയ്ക്കുവേണ്ടി മുഴുവന്‍ വിഭവങ്ങളും സംരക്ഷിക്കേണ്ടതുണ്ട് എന്ന ഡീപ്പ് ഇക്കോളജിയെക്കുറിച്ചുള്ള അറിവാണ് ഒളിംപസ് നല്‍കുന്നത്. ഇക്കോ- ലിറ്ററസിയിലൂടെ മുഴുവന്‍ പൗരന്മാര്‍ക്കും ഡീപ്പ്- ഇക്കോളജിയെക്കുറിച്ചുള്ള സന്ദേശമെത്തിക്കുക എന്ന ശ്രമത്തിലാണിദ്ദേഹം. മനസ്സും പ്രകൃതിയും തമ്മിലുള്ള അഗാധമായ ബന്ധത്തെക്കുറിച്ചും അദ്ദേഹം വാചാലനാകുന്നു.

Page.pmdഒളിംപസ് സന്തോഷിനെ അന്വേഷിച്ചിറങ്ങുമ്പോള്‍ മൂന്നു ദിവസത്തെ ഒരു മഴക്യാമ്പിനെക്കുറിച്ചറിയുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പാലക്കാട് തത്തമംഗലത്തുള്ള മേട്ടുപാളയത്തെ നീലിക്കാടില്‍ ഒരു ഇക്കോ- വില്ലേജിന്റെ പണിപ്പുരയിലെത്തി നില്‍ക്കുന്ന സന്തോഷിനെ ഒരൊറ്റ യാത്ര കൊണ്ടു മനസ്സിലാക്കാന്‍ പ്രയാസമാണെന്ന തിരിച്ചറിവായിരുന്നു കിട്ടിയത്. പരസ്പരം പരിചയപ്പെടുത്തിയതിനുശേഷം നവഗോത്രഗുരുകുലത്തെക്കുറിച്ചു പറഞ്ഞുതുടങ്ങി. നവഗോത്രകുലത്തിന്റെ ആസ്ഥാനം ഈ വീടാണെങ്കിലും കുറേക്കൂടി വിപുലമായ രീതിയിലെത്തിക്കാനുള്ള ശ്രമത്തില്‍ ആലത്തൂരിലുള്ള പാടൂര്‍ എന്ന സ്ഥലത്ത് ഒരു ഇക്കോ- വില്ലേജിനായി സ്ഥലം കണ്ടെത്തിയിരുന്നു. ഇക്കോ വില്ലേജിനകത്ത് ശാന്തിയും സുസ്ഥിരതയും സമാധാനവുമുള്ള ഒരു പൊതുമനുഷ്യസമൂഹം ഉണ്ടാവുന്നു എന്ന സന്തോഷം.

1981 ല്‍ കുട്ടികളുടെ സയന്‍സ് ക്ലബ് ആയി ഗ്രാമോദയ ഉണ്ടായെങ്കിലും 1986 ല്‍ ഒളിംപസ് എന്ന ഗ്രാമപദ്ധതിയായി മാറുകയായിരുന്നു അത്. 1986- 87 ല്‍ ആദ്യത്തെ മഴക്യാമ്പ് മുതലമടയില്‍ സംഘടിപ്പിക്കുകയും ചെയ്തു. 1988 സദ്ഗുരു യോഗാശ്രമത്തിലെത്തുകയും സദ്ഗുരു വിളയോടി മണി ഏട്ടനെന്ന ഗുരുവില്‍ നിന്ന് ഇക്കോളജിയെക്കുറിച്ച് കൂടുതലായിട്ടറിയുകയും ചെയ്യുകയായിരുന്നു. ഗുരുനാഥന്റെ സതീര്‍ത്ഥ്യത്തായിരുന്നു സദ്ഗുരു വിളയോടി മണി ഏട്ടന്‍. ഒരു ഗുരുവിന്റെ രണ്ടുശിഷ്യന്മാര്‍. അധ്യാപകരായിരുന്ന അച്ഛനമ്മമാരില്‍ നിന്നാണ് അന്വേഷണപാടവം തുടങ്ങിയത്. ഗ്രീക്ക്മിത്തോളജിയിലെ സ്വര്‍ഗ്ഗമെന്ന പദത്തിന്റെ അര്‍ത്ഥം തന്നെയാണ് ഒളിംപസ് എന്ന പ്രസ്ഥാനത്തിന്റെ നാമകരണത്തിനിടയാക്കിയത്. ഭൂമിയെങ്ങനെയാണ് സ്വര്‍ഗ്ഗമാകുന്നതെന്നദ്ദേഹം പറയുന്നു. ഞാന്‍ മനുഷ്യനായതുകൊണ്ട് ഇച്ഛാശക്തി എനിക്കാണുളളതെന്ന് ദാര്‍ഷ്ട്യത്തോടെ ഭൂമിയ്ക്കകത്തിരുന്നു കൊണ്ട് പറയുന്നു. വിഭവങ്ങള്‍ അവനുവേണ്ടി മാത്രമാണ് സംരക്ഷിക്കേണ്ടതെന്നവന്‍ വിശ്വസിക്കുന്നു.

പ്രകൃതിയ്ക്കുവേണ്ടി മുഴുവന്‍ വിഭവങ്ങളും സംരക്ഷിക്കേണ്ടതുണ്ട് എന്ന ഡീപ്പ് ഇക്കോളജിയെക്കുറിച്ചുള്ള അറിവാണ് ഒളിംപസ് നല്‍കുന്നത്. ഇക്കോ- ലിറ്ററസിയിലൂടെ മുഴുവന്‍ പൗരന്മാര്‍ക്കും ഡീപ്പ്- ഇക്കോളജിയെക്കുറിച്ചുള്ള സന്ദേശമെത്തിക്കുക എന്ന ശ്രമത്തിലാണിദ്ദേഹം. മനസ്സും പ്രകൃതിയും തമ്മിലുള്ള അഗാധമായ ബന്ധത്തെക്കുറിച്ചും അദ്ദേഹം വാചാലനാകുന്നു. നമ്മുടെ വിശ്വാസത്തിനനുസരിച്ച് പ്രകൃതിയും പ്രതികരിക്കുന്നു. പ്രകൃതിയില്‍ നാം സുരക്ഷിതരാണ് എന്ന ബോധത്തിലല്ല നമ്മള്‍ കുട്ടികളെ വളര്‍ത്തുന്നത്. അരക്ഷിതരായ അവരുടെ മനസ്സുകള്‍ക്ക് അരക്ഷിതത്ത്വം പ്രകൃതിയും തിരിച്ച് നല്‍കുന്നു. നമ്മുടെ ഭയമെന്നത് സമൂഹത്തിന്റെ ഭയമാണ്. കരച്ചിലെന്നും കരച്ചിലായി തുടരുന്നു. സുരക്ഷിതത്ത്വബോധമുള്ള സമൂഹത്തില്‍ ശാന്തിയും സമാധാനവും കൈവരിക്കാന്‍ പ്രയാസമില്ല.

1971 ല്‍ ഇക്കോളജിയെക്കുറിച്ചു ലോകം ചിന്തിച്ചു തുടങ്ങിയ കാലത്താണ് തന്റെ ജനനമെന്നതും താനീ പ്രസ്ഥാനത്തിന്റെ അമരക്കാരനായതിലെ യാദൃച്ഛികതയായി അദ്ദേഹം കാണുന്നു. സഹധര്‍മ്മിണിയായ പൊന്നിയും രണ്ടു മക്കളും പ്രസ്ഥാനത്തില്‍ സജീവമായി ജീവിക്കുന്നു. ഗ്രീന്‍സ്‌കൂള്‍ എന്ന സങ്കല്പമനുസരിച്ചാണ് മക്കളെ പഠിപ്പിച്ചിരുന്നതെങ്കിലും ഇപ്പോഴവര്‍ സാധാരണ സ്‌കൂളില്‍ പോകുന്നുണ്ട്. ഇക്കോ-ഗ്രാമം സജീവമാകുമ്പോള്‍ ഗ്രീന്‍സ്‌കൂള്‍ പദ്ധതിയില്‍ കൂടുതല്‍ പ്രധാന്യത്തോടെ കുട്ടികളെ തിരിച്ചവിടെ തന്നെ പഠിപ്പിക്കാമെന്നവര്‍ പറയുന്നു. ഗോത്രസമൂഹം ഭൂമിയെ നശിപ്പിക്കുകയല്ല ചെയ്തത്.

പ്രകൃതിക്കിണങ്ങി ഭൂമിയില്‍ ജീവിക്കുകയാണുണ്ടായത്. അവന്റെ ഉയര്‍ച്ചയും അതായിരുന്നു. പഴയതിലേക്ക് തിരിച്ചു നടക്കാന്‍ പ്രയാസമായതിനാല്‍ പുതിയതൊന്നിനെ കണ്ടെത്തുകയേ നിവൃത്തിയുള്ളൂ. അങ്ങിനെയാണ് ഗോത്രസമൂഹത്തിന്റെ നന്മകളുമായി നവഗോത്ര സമൂഹം ഉടലെടുക്കുന്നത് കാലുഷ്യമില്ലാത്ത സമൂഹം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തില്‍ ഭാഗവാക്കാന്‍ മനുഷ്യകുലത്തിനാവട്ടെ എന്നാശംസിച്ചുകൊണ്ട് ഇവിടെ ഭൂമിയുടെ കണ്ണാടി എന്നെഴുതിയ വാചകത്തില്‍ കണ്ണോടിച്ച് നിലത്തിട്ട പുല്‍പ്പായയില്‍ ചമ്രം പടഞ്ഞിരുന്ന ഞാന്‍ രണ്ടു മണിക്കൂറിനുശേഷമെഴുന്നേറ്റ് ഇറങ്ങുമ്പോള്‍ സന്തോഷ് എന്ന മനുഷ്യന്റെ ഉയരങ്ങളെക്കുറിച്ചൊന്നുമറിയാന്‍ കഴിഞ്ഞില്ലെന്നാണ് തോന്നിയത്.

You must be logged in to post a comment Login