പ്രകൃതി മറക്കാത്ത ഓണസങ്കല്പങ്ങള്‍

”മൂടിയ കാടിന്നിരുളണി
മഞ്ഞു പുതപ്പുകള്‍ മാറ്റി
വരികെന്നുയിരിനുമുയിരേ
പൊന്നും ചിങ്ങപ്പൂങ്കതിരേ”
എന്നൊരു വിളി മലയാളമഹാകവിയുടെ നാവില്‍ നിന്നുയരണമെങ്കില്‍ ഓണത്തിന് പ്രകൃതിയോട്, മനുഷ്യജീവിതത്തോട് അത്രമാത്രം ഗാഢബന്ധമുണ്ടായിരിക്കണം. വല്ലായ്മയുടെയും വറുതിയുടേയും  ഇരുളിമയുടേയും കറുത്ത തിരശ്ശീലനീക്കി, പഞ്ഞമാസത്തിന് അറുതി വരുത്തി, കാഞ്ചനത്തേരില്‍ വന്നെത്തുന്ന സ്വപ്‌നമാണ് മലയാളിക്ക് ഓണം.
സാങ്കല്പികമായ ഒരു കെട്ടുകഥയുടെ, മഹാബലി, വാമനസംഗമത്തിന്റെ പിന്‍ബലം മാത്രമല്ല, മറിച്ച് ഇനി അണയാനിരിക്കുന്ന ശുഭകരമായ നല്ല നാളകളെക്കുറിച്ചുള്ള സങ്കല്പം കൂടിയാണ് ഓണത്തിന്റെ സന്ദേശം. കേരളമെന്നൊരു രാജ്യവും അതില്‍ ജീവിക്കുന്ന ഒരൊറ്റ മലയാളിയെങ്കിലും ജീവിച്ചിരിക്കുന്നിടത്തോളം കാലവും ഓണമെന്ന സുന്ദര പ്രതീക്ഷ ഇവിടെ തുടരുക തന്നെ ചെയ്യും.
പഴമയുടെ, ഗ്രാമസംസ്‌കൃതിയുടെ നന്മ മുഴുവന്‍ ആവാഹിച്ചുവരുന്ന ഒരുത്സവമാണ് ഓണം. പൂവിളിയും പൊന്നൂഞ്ഞാലും പൂക്കളവും പൊന്‍വെയിലുമെല്ലാം ഓണത്തിന്റെ മാത്രം പ്രത്യേകതയാണ്. ഓണത്തിന്റെ  നിറം  മഞ്ഞയാണെന്ന് കവികള്‍ അടയാളപ്പെടുത്തുന്നു. മൂത്തുപഴുത്ത നെല്‍ക്കതിരിന്റെ പൊന്നാഭ, മഞ്ഞനിറമുള്ള ഓണത്തുമ്പികള്‍. പൂക്കളത്തില്‍ കുട നിവര്‍ത്താന്‍ വിരിഞ്ഞുനില്‍ക്കുന്ന മഞ്ഞ മത്തപ്പൂവുകള്‍, മഞ്ഞ പിഴിഞ്ഞ ഓണപ്പൂവാട, മഞ്ഞനിറമാര്‍ന്ന നേന്ത്രക്കുലകള്‍, മഞ്ഞക്കസവുകോടി, മഞ്ഞനിറമുള്ള ഓണവില്ല്, മാവേലിത്തമ്പുരാന്റെ ചേലയ്ക്കും ഓലക്കുടയ്ക്കും കൂടി മഞ്ഞനിറം, ചുറ്റിയിരിക്കുന്ന വില്ലിസും മഞ്ഞ. അങ്ങനെ ആകെക്കൂടി വറുത്തുപ്പേരിക്ക് കൂടി മഞ്ഞനിറമാകുമ്പോള്‍ ഓണത്തെ പൊന്നോണമെന്നല്ലാതെ എന്തു വിശേഷിപ്പിക്കാന്‍.
തോടും പാടവും തൊടിയും മലകളും ഓണത്തിനു വേണ്ടി പൂചൂടുകയാണ്. നമ്മുടെ കൃഷിരീതികള്‍ പോലും മുന്‍കാലങ്ങളില്‍ ഓണാഘോഷങ്ങളെ കണക്കാക്കിയായിരുന്നു. ആകുലതകളും വേദനകളും നിറഞ്ഞ നിത്യമായ അലോസരതകളില്‍ നിന്ന് ഒരല്‍പ നേരത്തേക്കുള്ള വിടുതല്‍ ഓണത്തെ നമ്മുടെ ദിവ്യ സങ്കല്പങ്ങളില്‍ ഒന്നാക്കുന്നു.
മലയാളികള്‍ക്ക് ആണ്ടുപിറപ്പും സമൃദ്ധിയുമൊക്കെയാണ് ഓണം. കേരളത്തില്‍ ബുദ്ധമത സംസ്‌ക്കാരത്തിന്റെ ഭാഗമായുണ്ടായതാണ് ഓണാഘോഷമെന്നു വിശ്വസിക്കപ്പെടുന്നു. കൊല്ലവര്‍ഷം 825-ലാണ് ആദ്യമായി കേരളത്തില്‍ ഓണാഘോഷം തുടങ്ങിയതെന്നും ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു.
അതിപ്രാചീനമായ ചന്ദ്രോത്സവമെന്ന മണിപ്രവാളത്തിലും ഭാസ്‌കരരവിവര്‍മ്മയുടെ തൃക്കാക്കര ശാസനത്തിലും ഓണപരാമര്‍ശങ്ങളുണ്ട്. നാഗരിക നവ്യതകളെ തോളിലേറ്റുന്ന ഇന്നത്തെ ജനത ഓണത്തെ പിന്‍തള്ളിയാലും പ്രകൃതി ആ നന്മകളെ പ്രതിഫലിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
”നന്ദി തിരുവോണമേ നന്ദി
നീ വന്നുവല്ലേ?
അടിമണ്ണിടിഞ്ഞു കടയിളകിച്ചരിഞ്ഞൊരു
കുഞ്ഞുതുമ്പയില്‍ ചെറുചിരിവിടര്‍ത്തി നി വന്നുവല്ലോ
നന്ദി തിരുവോണമേ നന്ദി”
എന്ന് കക്കാട് എഴുതുന്നത് പൊലിഞ്ഞുപോയൊരു സത്ക്കാലവാഴ്‌വിന്റെ ചരിത്രം മാത്രമല്ല. എല്ലാ പ്രതീക്ഷയും കൊഴിഞ്ഞിടത്ത് ഒരു തുമ്പപ്പൂവെങ്കിലും വിടര്‍ത്തി പ്രകൃതിയോട് രമ്യത പ്രഖ്യാപിക്കുന്ന നന്മയുടെ പ്രതീകമായിട്ടാണ്.
ഓണത്തിന്റെ നിത്യനൂതനയ്ക്ക് നിദാനമായി വര്‍ത്തിക്കുന്നത് നാം എന്നെന്നും മാറോട് അണയ്ക്കാന്‍ കൊതിക്കുന്ന മനോഹര സങ്കല്പങ്ങളുടെ സാക്ഷാത്ക്കാരമെന്ന സ്വപ്‌നമാണ്. കേരളത്തില്‍ മാത്രമല്ല തമിഴകം ഒട്ടാകെ ഓണം കൊണ്ടാടിയിരുന്നുവെന്ന് ചരിത്രവസ്തുതകള്‍ വ്യക്തമാക്കുന്നു. ക്രിസ്ത്വാബ്ദത്തിലെ ആദ്യശതകങ്ങളില്‍ രചിയ്ക്കപ്പെട്ട മാങ്കുടി മരുതനാരുടെ മധുരൈ കാഞ്ചിയില്‍ മധുരയില്‍ നടത്തിയിരുന്ന ഓണാഘോഷത്തെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. കൃഷ്ണവര്‍ണനായ മഹാവിഷ്ണു ശത്രുസംഹാരത്തിനായി അവതരിച്ച സുദിനമായി മധുരാപുരവാസികള്‍ ഓണത്തെ കൊണ്ടാടുന്നു. മധുരയില്‍ ഏഴ് ദിവസമായിരുന്നു ഓണാഘോഷം. അന്ന് നഗരവാസികള്‍ക്ക് നല്‍കിയിരുന്ന വിഭവസമൃദ്ധമായ സദ്യയെക്കുറിച്ച് മധുരൈകാഞ്ചിയില്‍, വിവരണമുണ്ട്. അന്ന് നടത്തിയിരുന്ന ചേരിപ്പോരെന്ന കായികവിനോദത്തിന്റെ പരിണാമമാണ് പില്‍ക്കാലത്ത് നാം ആഘോഷിക്കുന്ന ഓണത്തല്ല് എന്ന വിനോദം. ഓണത്തിന് ഒരു ജാതിമതരാഷ്ട്രീയത്തിന്റെയും ആവശ്യമില്ല. അതൊരു ജനതയുടെ കൂട്ടായ്മയുടെ ആഘോഷമാണ്.  ഓണത്തിന് എത്തിച്ചേരാത്ത ഭര്‍ത്താക്കന്മാരെ വിവാഹമോചനത്തിന്റെ വക്കോളമെത്തിച്ച പ്രശ്‌നങ്ങളും പഴയ തറവാടുകളില്‍ നിലനിന്നിരുന്നതായി ‘മലബാര്‍ ആന്‍ഡ് ഇറ്റ്‌സ് ഫോക്ക്’ എന്ന കൃതിയില്‍ ചരിത്രകാരനായ ഇളംകുളംകുഞ്ഞന്‍പിള്ള വിവരിക്കുന്നു. ഇത് ഓണത്തിന്റെ പ്രാധാന്യത്തെ എടുത്തുകാട്ടുന്നുണ്ട്. ഇന്ന് ഈ നിലയാകെ മാറി. എം.വി.കൃഷ്ണവാരിയരുടെ ഒരു ഓണക്കവിതയില്‍
”ഉളളത്തില്‍ കള്ളക്കര്‍ക്കട-
മെങ്ങനെ പൊന്നോണം പുലരാന്‍”
എന്ന അവസ്ഥയായിരിക്കുന്നു ഇന്ന്. ശാസ്ത്രം ഓണത്തെ കിനാവ് എന്ന് വിശേഷിപ്പിക്കുമ്പോഴും ലോകചരിത്രം ഓണത്തെ കളവായ ഒരു ഐതിഹ്യത്തിന്റെ പിന്‍ബലമെന്ന് വിമര്‍ശിക്കുമ്പോഴും മലയാളിയുടെ ഹൃദയത്തില്‍ നിന്ന് മൗന മന്ത്രണമായുയരുന്ന സുന്ദരസ്വപ്‌നം തന്നെയാണ് ഓണം.  അതിനാല്‍ കുന്നും കാടും മേടും മരവും പൂത്താലമേന്തുന്ന പൊന്നോണത്തെ പ്രകൃതി ഒരിക്കലും മറക്കുന്നില്ല. അത് തന്നെയാണ് ഓണത്തിന്റെ സ്വീകാര്യതയും.

ശ്രീകല ചിങ്ങോലി

pookalam-designs-onam-celebration

ഓണം  ചേരശാസനങ്ങളില്‍

കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണത്തെക്കുറിച്ചുള്ള ആദ്യത്തെ സാഹിത്യപരമായ പരാമര്‍ശം കാണുന്നത് മധുരൈ കാഞ്ചി എന്ന സംഘസാഹിത്യ കൃതിയിലാണ്. ഇതിനുശേഷം ഓണത്തെക്കുറിച്ചുള്ള ആധികാരികമായ പരാമര്‍ശമുള്ളത് രണ്ടാം ചേരരാജാക്കന്മാരുമായി ബന്ധപ്പെട്ട ശാസനങ്ങളിലാണ്. ചേരശാസനങ്ങളില്‍ ഭൂരിപക്ഷവും ക്ഷേത്രഭരണവുമായി ബന്ധപ്പെട്ടതാണ്. (എ ഡി 849-ലെ തരിസപ്പള്ളി ശാസനം, എ ഡി 1000-ലെ ജൂത ശാസനം എന്നിവയാണ് ചേരശാസനങ്ങളില്‍ മതേതരസ്വഭാവം ഉള്ളവ), ക്ഷേത്രത്തിലെ ഒരുത്സവം എന്ന നിലയിലാണ് ചേരശാസനങ്ങളില്‍ ഓണം പരാമര്‍ശിക്കുന്നത്.
തിരുവാറ്റവായ ചെപ്പേട് (എ ഡി 861)

ഓണത്തെക്കുറിച്ചുള്ള ആദ്യത്തെ ലിഖിതമായ പരാമര്‍ശം കാണുന്നത് തിരുവാറ്റവായ ചെപ്പേടിലാണ്. രണ്ടാമത്തെ ചേരപ്പെരുമാളായ സ്ഥാണുരവി കുലശേഖരന്റെ (എ ഡി 843-883) പതിനേഴാമത്തെ ഭരണവര്‍ഷമായ എഡി 861-ല്‍ പുറത്തിറക്കപ്പെട്ട ഈ ശാസനം വട്ടെഴുത്ത് ലിപിയിലാണ്. തിരുവാറ്റവായ ചെപ്പേട് എന്ന പേരിലാണ് ഈ ശാസനം അറിയപ്പെടുന്നത്. കോട്ടയം ജില്ലയിലെ വാഴപ്പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്ന വിഷ്ണു ക്ഷേത്രമാണ് തിരുവാറ്റവായ ക്ഷേത്രം. ഈ ക്ഷേത്രത്തിന് പുഞ്ചപ്പടക്കാലത്ത് ചേന്നന്‍ ചങ്കരന്‍ എന്ന വ്യക്തി ദാനം ചെയ്ത ഭൂമിയിലെ നെല്ലുകൊണ്ട് ഓണമൂട്ട് നടത്തണമെന്ന് ഈ ശാസനം പ്രസ്താവിക്കുന്നു. ഭൂമിയിലെ നെല്ലുകൊണ്ട് ബ്രാഹ്മണര്‍ക്കുള്ള ഊട്ടും നടത്തണമെന്നും ശാസനം പറയുന്നു.
തിരുവല്ല ശാസനം (എ ഡി 12-ാം നൂറ്റാണ്ട്)
ഓണത്തെക്കുറിച്ച് മറ്റൊരു പരാമര്‍ശമുള്ളത് എ ഡി 12-ാം നൂറ്റാണ്ടിലെ തിരുവല്ല ശാസനത്തിലാണ്. 630ഓളം വരികളുള്ള തിരുവല്ല ശാസനം ഏറ്റവും വലിയ ശാസനമാണ്. ഈ ശാസനത്തിന്റെ 403 മുതല്‍ 438 വരെയും, 621-ാമത്തെ വരിയിലുമാണ് ഓണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണുന്നത്. തിരുവല്ല ശാസനത്തിന്റെ 411-ാം വരിയിലെ പരാമര്‍ശപ്രകാരം നെല്ലുവിളയുന്ന മുഞ്ഞനാട്ടിലെ (മുഞ്ഞനാട് എവിടെയാണെന്നു വ്യക്തമല്ല, കുട്ടനാട്ടിലാണെന്നു കരുതപ്പെടുന്നു) ഭൂമി ആവണിയോണത്തിന്റെ അഥവാ തിരുവോണത്തിന്റെ ചിലവു നടത്താനായി നീക്കിവച്ചിരിക്കുന്നു. ഓണവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളാണ് 405 മുതല്‍ 408-ാം വരിവരെ പരാമര്‍ശിക്കപ്പെടുന്നത്. തിരുവല്ല ശാസനത്തിന്റെ 621-ാം വരിയില്‍ തിരുവോണക്കണം എന്നൊരു പരാമര്‍ശവും കാണുന്നു. തിരുവോണാഘോഷത്തിനായി ക്ഷേത്രം നീക്കിവച്ച ഭൂമിയുടെ ഉത്തരവാദിത്വമുള്ള ബ്രാഹ്മണ ഊരാളരുടെ സമിതിയാണ് തിരുവോണക്കണം എന്ന പദംകൊണ്ട് വ്യാഖ്യാനിക്കപ്പെടുന്നത്.
തൃക്കാക്കര ശാസനം (എഡി 1004)
ഓണത്തെക്കുറിച്ചുള്ള മറ്റൊരു പരാമര്‍ശം ചേരരാജാവായ ഭാസ്‌ക്കര രവിയുടെ തൃക്കാക്കര ശാസനത്തിലാണ് (എ ഡി 962-1021). ഭാസ്‌ക്കരരവിയുടെ 42-ാമത്തെ ഭരണവര്‍ഷമായ എ ഡി 1004-ലാണ് തൃക്കാക്കര ശാസനത്തിന്റെ കാലം. ഒമ്പതാമത്തെ തൃക്കാക്കര ക്ഷേത്രരേഖയിലാണ് ഓണത്തെക്കുറിച്ചുള്ള പരാമര്‍ശം കാണുന്നത്. തൃക്കാക്കര ദേവന് പൂരാടം മുതല്‍ തിരുവോണം വരെയുള്ള മൂന്ന് ദിവസങ്ങളില്‍ അനുഷ്ഠിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഈ ശാസനം പരാമര്‍ശിക്കുന്നത്. ഈ ദിവസങ്ങളില്‍ ബ്രാഹ്മണര്‍ക്കും വൈഷ്ണവര്‍ക്കും ക്ഷേത്രത്തില്‍ സൗജന്യമായ ഊട്ട് അഥവാ ഭക്ഷണം ഉണ്ടായിരുന്നുവെന്നും ശാസനം സൂചിപ്പിക്കുന്നു.
താഴേക്കാട് രേഖ (എ ഡി 1024)
താഴേക്കാട് രേഖ രാജസിംഹന്‍ എന്ന ചേരരാജാവിന്റെ മൂന്നാം ഭരണവര്‍ഷവുമായി ബന്ധപ്പെട്ടതാണ്. ഈ രേഖ ഇരിങ്ങാലക്കുടയ്ക്ക് അടുത്തുള്ള താഴേക്കാട് പള്ളിപ്പറമ്പിലുള്ള ഒരു സോപാനക്കല്ലില്‍ നിന്നാണ് കണ്ടെത്തിയത്. താഴേക്കാട് രേഖയുടെ 22-ാം വരിയില്‍ ഓണനെല്ല് എന്ന പദം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഓണനെല്ലിനോടൊപ്പം പടയണി എന്ന പദവും പരാമര്‍ശിക്കപ്പെടുന്നു.
വാമനന്റെ ജന്മദിനാഘോഷം എന്ന നിലയിലാണ് ചേര കാലഘട്ടത്തില്‍ ഓണം ക്ഷേത്രങ്ങളില്‍ ആഘോഷിക്കപ്പെട്ടത്. വാമനന്റെ ജന്മദിനാഘോഷം പിന്നീടെങ്ങനെ മഹാബലിയുടെ ഉത്സവമായി മാറി എന്നത് കൂടുതല്‍ ചര്‍ച്ചകളും പഠനങ്ങളും ആവശ്യപ്പെടുന്ന സംഗതിയാണ്.

എം സി വസിഷ്ഠ

 

 

You must be logged in to post a comment Login