പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍; ചാരത്ത് ഇനിമുതല്‍ ചാരു ഉണ്ടാകും

ക്രിക്കറ്റ് താരങ്ങളും ഫുട്‌ബോള്‍ താരങ്ങളും കുറഞ്ഞക്കാലയളവില്‍ തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നവരാണ്. ചെറിയ വയസില്‍ തന്നെ കായിക രംഗത്തേക്ക് ചുവടുവെക്കുന്ന താരങ്ങള്‍ ഓരോ മത്സരങ്ങള്‍ കഴിയുമ്പോഴും ആരാധകരുടെ ഹൃദയം കീഴടക്കാറുണ്ട്. ഇത്രത്തില്‍ ക്രിക്കറ്റിലേക്ക് വന്ന മലയാളി താരം ശ്രീശാന്തിന് ശേഷം വീണ്ടും മലയാളികളുടെ അഭിമാനമായി എത്തിയ താരമാണ് സഞ്ജു സാംസണ്‍. മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജുവിനെ കുറിച്ച് പുതിയൊരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.

താരം വിവാഹിതനാകാന്‍ പോവുകയാണ് എന്നാണ് വാര്‍ത്ത. ഏറെ നാളായി പ്രണയത്തിലായിരുന്ന തിരുവനന്തപുരം സ്വദേശിനി ചാരു എന്ന കുട്ടിയുമായാണ് താരത്തിന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഏറെ കാലത്തിന് ശേഷം സഞ്ജു പ്രണയവും വിവാഹവും വെളിപ്പെടുത്തിയിരിക്കുന്നത്. 2013 ഓഗസ്റ്റ് 22ന് രാത്രി 11.11നാണ് താന്‍ ആദ്യമായി ചാരുവിന് സന്ദേശം അയച്ചതെന്ന് സഞ്ജു പറഞ്ഞു. കാമുകിക്കൊപ്പമുളള ഒരു ചിത്രം പങ്കുവെയ്ക്കാനും ചാരുവുമായി പ്രണയത്തിലാണെന്ന് ലോകത്തോട് വിളിച്ച് പറയാനും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി താന്‍ കാത്തിരിക്കുകയായിരുന്നുവെന്നും സഞ്ജു പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ഡിസംബര്‍ 22നാണ് സഞ്ജു വിവാഹിതനാവുന്നതെന്നും വിവരമുണ്ട്. ഒരുമിച്ച് സമയം ചെലവഴിച്ച തങ്ങള്‍ക്ക് ഒരുമിച്ച് പൊതു ഇടത്തില്‍ നടക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സഞ്ജു പറഞ്ഞു. തങ്ങളുടെ ഇഷ്ടം സന്തോഷത്തോടെ അംഗീകരിച്ച മാതാപിതാക്കള്‍ക്ക് സഞ്ജു നന്ദി പറഞ്ഞു. ‘ഞങ്ങള്‍ ഒരുമിച്ച് സമയം ചെലവഴിച്ചു. ഒരുമിച്ച് നടക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍, ഇന്ന് മുതല്‍ ഞങ്ങള്‍ക്ക് അതിന് സാധിക്കും. ഞങ്ങളുടെ ഇഷ്ടം സന്തോഷത്തോടെ അംഗീകരിച്ച മാതാപിതാക്കള്‍ക്ക് നന്ദി. നിന്നെ പോലെ വിശേഷപ്പെട്ട ഒരാളെ കൂടെ ലഭിക്കുന്നതില്‍ ഞാന്‍ സന്തോഷവാനാണ് ചാരു. നിങ്ങളുടെ എല്ലാവരുടേയും അനുഗ്രഹം ഞങ്ങള്‍ക്കൊപ്പം ഉണ്ടാവണം’ സഞ്ജു പറഞ്ഞു.

ഓസ്‌ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ ഉള്‍പ്പെട്ട ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ ഇടംനേടിയതിന്റെ സന്തോഷത്തിനിടെയാണ് തന്റെ വിവാഹക്കാര്യവും സഞ്ജു വെളിപ്പെടുത്തിയത്. കേരളത്തിന് വേണ്ടി രഞ്ജി മത്സരത്തില്‍ ഡബിള്‍ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി ഇതിനോടകം തന്നെ കരസ്ഥമാക്കാന്‍ സഞ്ജുവിനു കഴിഞ്ഞു. വളരെ ചെറിയ പ്രായത്തില്‍ തന്നെ ക്രിക്കറ്റ് മേഖലയിലേക്ക് വരവറിയിച്ച ഒരു കളിക്കാരനാണ് സഞ്ജു. കാല്‍പന്തു കളിയില്‍ ശ്രദ്ധയാര്‍ന്ന ഒരു സംസ്ഥാനത്തുനിന്നും ഉദിച്ചുയര്‍ന്ന ഒരു യുവപ്രതിഭ എന്ന നിലയില്‍ സഞ്ജു ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്നു. കേരളത്തില്‍ നിന്നും വളര്‍ന്ന നല്ല ഇനം വിളവാണ് സഞ്ജുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കമന്റേറ്ററായ ഹര്‍ഷ ഭോഗ്ലെ ഒരിക്കല്‍ ട്വിറ്റ് ചെയ്തിരുന്നു.

2013 സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിനുവേണ്ടിയാണ് സഞ്ജു ആദ്യം കളിച്ചത്. ഐപിഎല്ലില്‍ അര്‍ദ്ധസെഞ്ചുറിനേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ്. 2013 ഏപ്രില്‍ 29ന് റോയല്‍ ചലഞ്ചേഴ്‌സ് ബെഗളൂരിനെതിരെ സഞ്ജു തന്റെ ആദ്യ ഐപിഎല്‍ അര്‍ദ്ധസെഞ്ചുറി നേടി. 2012ലെ ഐപിഎല്‍ ടൂര്‍ണമെന്റില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്നെങ്കിലും സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിച്ചില്ല. കിങ്‌സ് ഇലവണ്‍ പഞ്ചാബ് ടീമിനെതിരെയുള്ള മത്സരത്തില്‍ തന്റെ ഐപിഎല്‍ അരങ്ങേറ്റം കുറിച്ചു സഞ്ജു അരങ്ങേറ്റ മത്സരത്തില്‍ തന്നെ 27 റണ്‍സും, മൂന്ന് ക്യാച്ചുകളും, ഒരു റണ്‍ ഔട്ടും സ്വന്തം പേരില്‍ കുറിച്ച് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

പിതാവ് ഡല്‍ഹിയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ആയിരുന്നതിനാല്‍ ക്രിക്കറ്റിന്റെ ആദ്യപാഠങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് തന്നെ പഠിച്ചു. ചെറുപ്പത്തില്‍ തന്നെ ക്രിക്കറ്റിനോടുള്ള സഞ്ജുവിന്റെ അഭിനിവേശത്തെ പ്രോത്സാഹിപ്പിച്ചതും പരിപൂര്‍ണ പിന്തുണ നല്‍കിയതും അച്ഛന്‍ തന്നെ ആയിരുന്നു.പിന്നീട് തിരുവനന്തപുരത്ത് ജൂനിയര്‍ തലങ്ങളില്‍ സഞ്ജു തന്റെ മികവു കാട്ടി. അങ്ങനെ സഞ്ജുവിനെ കേരള അണ്ടര്‍ 19 ക്രിക്കറ്റ് ടീമിലേക്ക് പരിഗണിച്ചു. പിന്നീട് കൂച്ച് ബീഹാര്‍ ട്രോഫിയിലെ ഉജ്ജ്വല പ്രകടനം 2012ലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിലേക്കുള്ള വഴി തുറന്നു കൊടുത്തു.

You must be logged in to post a comment Login