പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു; യുഡിഎഫ് എംഎല്‍എമാരുടെ സത്യാഗ്രഹം അഞ്ചാം ദിവസത്തിലേക്ക്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. നിയമസഭാ കവാടത്തിന് മുന്നില്‍ യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന സത്യാഗ്രഹ സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി സഭ പിരിയുകയായിരുന്നു.

സഭാ നടപടികള്‍ തടസപ്പെടുത്തുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. സത്യാഗ്രഹം സംബന്ധിച്ച് ചര്‍ച്ച നടത്താമെന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ മാറിയെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്പീക്കറുടെ ചേംബറില്‍ ചര്‍ച്ചയാകാമെന്ന് പ്രതിപക്ഷം പറഞ്ഞിട്ടും നടപടിയുണ്ടായില്ല.

അതേസമയം ശബരിമല പ്രശ്നം ഉന്നയിച്ച് നിയമസഭാ കവാടത്തില്‍ മൂന്ന് യുഡിഎഫ് എംഎൽഎമാ‍ർ നടത്തുന്ന സത്യാഗ്രഹ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. പ്രശ്ന പരിഹാരത്തിന് സ്പീക്കർ മുൻ കൈ എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഇടപെട്ടിട്ടില്ല. ശബരിമലയിൽ ഏ‍ർപ്പെടുത്തിയ നിരോധനാജ‍്ഞ പിൻവലിക്കണമെന്നതുള്‍പ്പെടെ ആവശ്യപ്പെട്ടാണ് എംഎൽഎമാരുടെ സത്യാഗ്രഹ പ്രതിഷേധം.

അതിനിടെ ശബരിമല വിഷയത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണന്‍റെ നിരാഹാര സമരവും അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. സമരത്തിന് ഐക്യാദാർഢ്യമർപ്പിച്ച് മഹിളാ മോർച്ച പ്രവർത്തകർ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും.

You must be logged in to post a comment Login