പ്രതിഷേധം ശക്തമാക്കി കച്ചവടക്കാര്‍; ഇറച്ചിക്കോഴികളെ തമിഴ്‌നാട്ടിലേക്ക് മാറ്റി

പാലക്കാട്: ഇന്നു മുതല്‍ ഇറച്ചിക്കോഴികളെ 87 രൂപയ്ക്കു വില്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തതോടെ പ്രതിഷേധം ശക്തമാക്കി കച്ചവടക്കാര്‍. ഇന്നലെ അര്‍ധരാത്രിയില്‍ കേരളത്തിലുള്ള ഇറച്ചിക്കോഴികളെ തമിഴ്‌നാട്ടിലേക്ക് മാറ്റി. ഒട്ടേറെ ലോഡുകളാണ് രാത്രി അതിര്‍ത്തി കടന്നുപോയത്. തമിഴ്‌നാട്ടിലെ വന്‍കിട കമ്പനികളാണ് കേരളത്തിലുള്ള കോഴികളെ തിരിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ 110 രൂപയാണ് ഇറച്ചിക്കോഴി വില. 87 രൂപയ്ക്ക് കേരളത്തില്‍ കോഴികളെ വില്‍ക്കാന്‍ കഴിയില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.

അതേസമയം, കോഴികളെ മാറ്റാന്‍ വ്യാപാരികള്‍ക്ക് അനുവാദമുണ്ടെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. വില കുറയ്ക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, കെപ്‌കോയെയും കോഴികളെ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് വ്യാപാരികള്‍ അറിയിച്ചു. സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയുള്ള വില്‍പ്പനയും തടയും. വന്‍കിട കമ്പനിസ്റ്റാളുകളെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. പ്രതിഷേധം ശക്തമാക്കുമെന്ന് കേരള പൗള്‍ട്രി ഫെഡറേഷനും വ്യക്തമാക്കി.

You must be logged in to post a comment Login