പ്രത്യേക ദിവസങ്ങളില്‍ യുവതീ പ്രവേശനം സാധ്യമാകുമോയെന്ന് ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി; സര്‍ക്കാര്‍ സാവകാശ ഹര്‍ജി നല്‍കില്ല; സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷവും ബിജെപിയും എടുത്തത് ഒരേ നിലപാട്

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷവും ബിജെപിയും എടുത്തത് ഒരേ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാരിന് മുന്‍വിധി ഉണ്ടായിരുന്നില്ല. സര്‍ക്കാരിന് ദുര്‍വാശിയില്ല. വിശ്വാസികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കും. ശബരിമല കൂടുതല്‍ യശസ്സോടെ ഉയര്‍ന്നു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുവതീ പ്രവേശനത്തില്‍ സര്‍ക്കാരിന് മുന്നില്‍ വേറെ വഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുവതീ പ്രവേശനത്തില്‍ സര്‍ക്കാരിനു മറ്റൊരു മാര്‍ഗമില്ല. പ്രതിപക്ഷത്തിനും ബിജെപിക്കും നല്ല ബുദ്ധി ഉണ്ടാകട്ടെ. സെപ്റ്റംബറിലെ ഉത്തരവ് നിലനില്‍ക്കുന്നതായാണ് കോടതി പറഞ്ഞത്. 10-50 വയസിന് ഇടയിലുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ വരാം. ക്രമീകരണം ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടതാണ്.  ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ചില പ്രത്യേക ദിവസങ്ങളില്‍ യുവതികള്‍ക്ക് ദര്‍ശനം സാധിക്കുമോയെന്ന് പരിശോധിക്കും. സര്‍ക്കാരിന് മുന്‍വിധിയില്ലെന്നും കോടതി പറഞ്ഞത് അനുസരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്‍പ് കോടതി വിധി ഉണ്ടായപ്പോള്‍ അതു നടപ്പിലാക്കുകയാണു ചെയ്തത്. ആ വിധിക്കു വ്യതിയാനം വരുത്തിയിട്ടില്ല. നാളെ കോടതി മറ്റൊരു കാര്യം പറഞ്ഞാല്‍ അതു നടപ്പിലാക്കും. ഇതു ദുര്‍വാശിയുടെ പ്രശ്‌നമില്ല. ജനാധിപത്യ രാജ്യമാണ് നമ്മുടേത്. കോടതി വിധി നടപ്പിലാക്കുന്നതു ദുര്‍വാശിയല്ല. വിശ്വാസികള്‍ക്ക് എല്ലാ സംരക്ഷണവും കൊടുക്കും. ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. ശബരിമല യശസോടെ ഉയര്‍ന്നുവരാന്‍ ക്രമീകരണം ഉണ്ടാക്കും.

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം പരാജയമായിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്ന് ആരോപിച്ച് യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച അലസിയത്.സര്‍വകക്ഷിയോഗം പ്രഹസനമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിന് പിടിവാശിയാണ്. സാവകാശം തേടണം. ശബരിമലയിൽ പ്രശ്നം പരിഹരിക്കാനുള്ള അവസരം സർക്കാർ കളഞ്ഞു കുളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

”ഇറങ്ങിപ്പോവുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. സർക്കാർ തുടക്കം മുതലെടുത്ത നിലപാട് തെറ്റാണ്. രണ്ട് ആവശ്യങ്ങളാണ് സർക്കാരിന് മുന്നിൽ യുഡിഎഫ് മുന്നോട്ടുവച്ചത്. ഒന്ന് വിധി നടപ്പാക്കാൻ സാവകാശഹർജി നൽകണം എന്നതായിരുന്നു, രണ്ട് -വിധി നടപ്പാക്കുന്നത് നിർത്തി വയ്ക്കണമെന്നതും. രണ്ട് ആവശ്യവും സർക്കാർ തള്ളിക്കളഞ്ഞു. അതുകൊണ്ടാണ് യുഡിഎഫ് ഇറങ്ങിപ്പോന്നത്. ബിജെപിയും സിപിഐഎമ്മും പ്രശ്നം പരിഹരിക്കപ്പെടാതിരിക്കാൻ ഒത്തു കളിയ്ക്കുകയാണ്.” ചെന്നിത്തല സർവകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

സർക്കാരിനോട് രണ്ടു കാര്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് മുഖ്യമന്ത്രി നിഷേധിച്ചു. വിധി നടപ്പാക്കുന്നതിൽ സാവകാശം തേടണമെന്നും ജനുവരി 22 വരെ വിധി നടപ്പാക്കുന്നതു നിർത്തണമെന്നുമാണ് ആവശ്യപ്പെട്ടത്. സർവകക്ഷി യോഗം പ്രഹസനമായിരുന്നു. സമവായത്തിനുള്ള ഒരുനീക്കവും ഉണ്ടായില്ല. ഇനി എന്തു പ്രശ്നമുണ്ടായാലും ഉത്തരവാദി മുഖ്യമന്ത്രിയാണ്. സർക്കാർ ബിജെപിയുടെയും ആർഎസ്എസിന്റെയും കയ്യാങ്കളിക്ക് കൂട്ടുനിൽക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

രൂക്ഷവിമർശനമാണ് ബിജെപിയും കോൺഗ്രസും സർവകക്ഷിയോഗത്തിൽ സർക്കാരിനെതിരെ ഉന്നയിച്ചത്. സർക്കാർ വിശ്വാസികളെ പരിഗണിക്കുന്നില്ലെന്നും അപമാനിക്കുകയാണെന്നും ബിജെപി സംസ്ഥാനാധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള യോഗത്തിൽ ആരോപിച്ചു. വിധി നടപ്പാക്കാൻ സാവകാശം തേടിയുള്ള ഹർജി നൽകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

നിയമപരമായ കാര്യങ്ങൾ കൂടി ചർച്ച ചെയ്യുന്ന യോഗത്തിൽ നിയമമന്ത്രി എ.കെ.ബാലൻ പങ്കെടുത്തില്ല. സുപ്രീംകോടതി ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെ വിട്ടുവീഴ്ച വേണമെന്ന തരത്തിൽ പ്രസ്താവന നടത്തിയതു കൊണ്ടാണ് എ.കെ.ബാലനെ യോഗത്തിലേയ്ക്ക് ക്ഷണിക്കാതിരുന്നതെന്നാണ് സൂചന. ശബരിമലയിൽ പ്രശ്നപരിഹാരത്തിനായി സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷിയോഗം 11 മണിയ്ക്കാണ് തുടങ്ങിയത്. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം നടന്നത്.

പന്തളം- തന്ത്രി കുടുംബങ്ങളുമായുള്ള ചർച്ച ഇന്ന് വൈകിട്ട് നടക്കുന്നുണ്ട്. നിയമസഭയിൽ പങ്കാളിത്തമുള്ള എല്ലാ കക്ഷികളെയും സർവ്വകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഉച്ചയ്ക്കുശേഷം മൂന്നിനായിരിക്കും തന്ത്രികുടുംബത്തിന്‍റെയും, പന്തളം കൊട്ടാരത്തിന്‍റെയും പ്രതിനിധികൾ പങ്കെടുക്കുന്ന പ്രത്യേകയോഗം.

You must be logged in to post a comment Login