പ്രളയം, ഒരാണ്ട്

  • സനില്‍ രാഘവന്‍

കുഞ്ഞേ പാഠപുസ്തകങ്ങളെല്ലാം
പ്രളയത്തില്‍ ഒലിച്ചുപോയെങ്കിലെന്ത്
തന്നില്ലേ പ്രകൃതി
താളുകള്‍ക്കപ്പുറത്തുള്ള
ജീവിത പാഠം
പഠിച്ചില്ലേ ആദ്യ പാഠമിപ്പഴേ
മനുഷ്യനാണീശ്വരനെന്നും
സ്നേഹമാണ് പ്രതിരോധമെന്നും

2018 ആഗസ്റ്റ് 15 എന്നും ഓര്‍മ്മയായി നില്‍ക്കും. സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യമായ ബ്രിട്ടനില്‍ നിന്നും ഭാരതം സ്വാതന്ത്ര്യം നേടിയ ദിവസം രാജ്യമാകെ സ്വാതന്ത്ര്യ ദിനാഘോഷം നടത്തുമ്പോള്‍ കേരളം വിറങ്ങലോടെയാണ് സ്വാതന്ത്ര്യദിന പുലരിയെ വരവേറ്റത്. ഒരു പക്ഷെ ആ ദിവസം മലയാളിക്ക് ആഹ്ലാദത്തിനിടനല്‍കിയിട്ടില്ല. മറിച്ച് ഭയാനതയുടെ നിമിഷങ്ങളായിരുന്നു. 2018 ആഗസ്റ്റ് മാസം ചെങ്ങന്നൂരുകാര്‍ക്ക് മറക്കാന്‍ കഴിയില്ല. അത്രക്ക് വലിയ ആഘാതമല്ലേ ഈ നാടിന് മഹാപ്രളയം ഏല്‍പ്പിച്ചത്. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് സമാനകളില്ലാത്ത പ്രളയം നാടിനെ ഗ്രസിച്ചത്. നദികളായ പമ്പ ചെങ്ങന്നൂരിന്റെ വടക്കുവശത്തു കൂടി ഒഴുകുമ്പോള്‍, തെക്ക് ഭാഗത്തു കൂടി അച്ചന്‍കോവിലാറും ഒഴുകുന്നു. ഇരു നദികളുടേയും ഒഴുക്കിന് ഒരു താളമുണ്ടായിരുന്നു. ശാന്തമായി ഒഴുകിയ നദികള്‍ അവരുടെ രൗദ്രഭാവം എടുത്തു. ഇതു ചെങ്ങന്നൂരുകാര്‍ക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു.

പമ്പയും, അച്ചന്‍കോവിലാറും ഗതിമാറിയും, വഴിമാറിയും ഒഴുകി. വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ ശ്രമിച്ച ജനത, ജലനിരപ്പ് നോക്കിനില്‍ക്കെ ഉയര്‍ന്നപ്പോള്‍ പ്രാണഭയത്താല്‍ വിറങ്ങലിച്ച് നിലവിളിയായി. പ്രളയകാലത്തെ ചെങ്ങന്നൂരിലെ ഒരോപ്രദേശത്തു നിന്നും കൂട്ടക്കരിച്ചിലുകള്‍ ഉയര്‍ന്നു. ആരും പ്രതീക്ഷിച്ചിരുന്നില്ല പ്രളയം ഇത്രക്ക് മുറിവേല്‍പ്പിക്കുമെന്ന്, ആയുഷ് കാലം മുഴുവനും കഷ്ടപ്പെട്ടതും, നാളെക്കു വേണ്ടി കരുതിവെച്ചിരുന്നവയൊക്കെ പ്രളയജലം മുക്കി കളയുമെന്ന്. പ്രതീക്ഷകളെയും, സ്വപ്നങ്ങളെയും അട്ടിമറിച്ചാണ് നദികള്‍ അവരുടെ സീമകള്‍ ഭേദിച്ചത്. നദികള്‍ പുതിയ അതിരുകള്‍ തീര്‍ത്തു. മഹാപ്രളയത്തിന്റെ ദുരിതം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയ ചെങ്ങന്നൂരിലെ പഞ്ചായത്തുകള്‍ പാണ്ടനാട്, തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളാണ്. പമ്പാ നദിയുടെ ഇരു കരളിലുമായിട്ടാണ് പാണ്ടനാട് പഞ്ചായത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ്. പമ്പ കരകവിഞ്ഞപ്പോള്‍ പാണ്ടനാട് ഒറ്റപ്പെട്ടുപോയി. ഏറ്റവും കൂടുതല്‍ നാശം വിതച്ച പ്രദേശമായി മാറി. താഴ്ന്ന പ്രദേശങ്ങളിലെ മിക്കവരുടെയും വീടുകള്‍ പ്രളയം കവര്‍ന്നെടുത്തു.

പ്രളയശേഷം:

വലിയ മഹാദുരന്തത്തിനെ അതിജീവിക്കാനായിരുന്നു പിന്നീടുള്ള ശ്രമം. ജാതിമത രാഷട്രീയ പരിഗണനകള്‍ക്ക് അപ്പുറം പരസ്പര സഹകരണത്തോടെ അതിജീവിനത്തിന്റെ പാത സ്വീകരിച്ചു. പുനര്‍ജനിയിലൂടെ കാര്‍ഷിക മേഖലയുടെ പുരോഗതിക്ക് വിവിധ പദ്ധതികള്‍ ആരംഭിച്ചു. തരിശായി കിടന്ന പാടശേഖരങ്ങളില്‍ കൃഷിയിറക്കി, വിതയും, കൊയ്ത്തും നാടിന്റെ ഉത്സവമാക്കി മാറ്റുവാന്‍ കഴിഞ്ഞു. പ്രളയം വന്ന പ്രദേശമാണോയെന്നു പോലും തോന്നിപ്പോകും. നഷ്ടമായ നാടിന്റെ കാര്‍ഷിക സംസ്‌കൃതിയെ തിരികെ കൊണ്ടുവരാന്‍ സാധിച്ചു. നിവധി വിദ്യാലയങ്ങള്‍ക്ക് നാശങ്ങള്‍ സംഭവിച്ചു. ഹൈടെക്ക് രീതിയിലുള്ള പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒരു ഭംഗവും വരുത്താത്ത തരത്തില്‍ നിര്‍മ്മിച്ചു നല്‍കുവാന്‍ കഴിഞ്ഞു. അതുപോലെ ഗ്രാമത്തിന്റെ തുടിപ്പുകളായ ഗ്രാമീണ വായനശാലകളിലെ പതിനായിരക്കണക്കിന് പുസ്തകങ്ങളാണ് പ്രളയം കവര്‍ന്നെടുത്തത്. പാണ്ടനാട് എംവി ഗ്രന്ഥശാലക്ക് ഉള്‍പ്പെടെ കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ കൂട്ടായി ഒരേ മനസോടെ പ്രവര്‍ത്തിച്ചതിനാല്‍ നഷ്ടമായതെല്ലാം വീണ്ടെടുക്കാന്‍ കഴിഞ്ഞു. പ്രളയം കവര്‍ന്നെടുത്ത വീടുകളുടെ സ്ഥാനത്ത് ആകര്‍ഷണീയമായ പുതിയ വീടുകള്‍ വന്നിരിക്കുന്നു.

വീടുകളില്ലാത്തവര്‍ക്ക് വീടു വച്ചു കൊടുക്കുവാന്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളും, സ്വകാര്യ സംരംഭങ്ങളും തയ്യാറായി.ഏതൊരാളുടേയും പ്രാഥമിക ആവശ്യമാണ് ഒന്നു കയറി കിടക്കാന്‍ സ്വന്തമായി ഒരു കൂര. വീടെന്നത് ഏതൊരാളുടേയും സ്വപ്നമാണ്. കെയര്‍ഹോം പദ്ധതി പ്രകാരം ചെങ്ങന്നുര്‍ താലൂക്കില്‍ വിവിധ സര്‍വീസ് സഹകരണ ബാങ്കുകളുടെ സഹകരണത്തോടെ നിരവധി വീടുകളാണ് നിര്‍മ്മിച്ചു നല്‍കുന്നത്. കൂടാതെ വിവിധ സന്നദ്ധ പ്രസ്ഥാനങ്ങളും ഇക്കാലയളവില്‍ കെട്ടുറപ്പുള്ള നിരവധി വീടുകളാണ് നിര്‍മ്മിച്ചു കൊടുത്തിരിക്കുന്നത്.

ഇന്നും ദുരിതപ്രളയത്തില്‍:

സമാനകളില്ലാത്ത മഹാപ്രളയം കഴിഞ്ഞ് ഒരുവര്‍ഷമായിട്ടും സ്വന്തമായി കിടപ്പാടമില്ലാതെ ചെങ്ങന്നൂര്‍-പരുമല റൂട്ടില്‍ പാണ്ടനാട് ഹോമിയോ ആശുപത്രിക്കു മുകളില്‍ ജീവിതം കഴിച്ചുകൂട്ടുന്ന രണ്ടു കുടുംബങ്ങളുണ്ട്. പാണ്ടനാട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ പടിഞ്ഞാറ്റും മുറിയില്‍ ഒത്തന്റെകുന്നില്‍ പഞ്ചമനുംകുടുംബവും, അജിയും കുടുംബവും, പ്രളയത്തെ കുറിച്ച് ഈ കുടുംബങ്ങള്‍ക്ക് ചിന്തിക്കുന്നതു തന്നെ ഭയാനകമായിരിക്കുന്നു. രണ്ടു കുടുംബങ്ങളിലായി 9 പേരാണ് കഴിഞ്ഞ ഒരു വര്‍ഷമായി ഹോമിയോ ആശുപത്രിയുടെ മുകളില്‍ കഴിയുന്നത്. പഞ്ചമനും, അജിയും സഹോദരങ്ങളാണ്. ഇവര്‍ക്കൊപ്പം 80 വയസുള്ള ഇവരുടെ അമ്മ ചെല്ലമ്മയും ഉണ്ട്. ആഗസ്റ്റിലുണ്ടായ വെള്ളപ്പൊക്കവും തുടര്‍ന്നു ക്യാമ്പുകളിലേക്കുള്ള അഭയവും ഒക്കെ 80-വയസുള്ള ഒമന പറയുമ്പോള്‍ ആ മുഖത്തെ ഭയമാണ് നിഴലിക്കുന്നത്. രണ്ടു കുടുംബങ്ങളും ആഹാരം പാകം ചെയ്യുന്നതും, കിടക്കുന്നതുമെല്ലാം ഇവിടെ തന്നെയാണ്. അധികാരികളുടെ കനിവുംകാത്തിരിക്കുകയാണ് ഇരു കുടുംബങ്ങളും, കുട്ടികള്‍ സ്‌ക്കൂളില്‍ പോകുന്നതും ഇവിടെ നിന്നാണ്. എംപി, എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ ഇവരുടെ ദയനീയ അവസ്ഥ നേരിട്ട് കണ്ട് ബോധ്യപ്പെട്ടു. കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് കക്ഷി രാഷട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുന്നതായി മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ഡി മോഹനന്‍ അറിയിച്ചു. തങ്ങള്‍ക്കും കെട്ടുറപ്പുള്ള ഒരു വീട് വലിയ സ്വപ്നമാണെന്നു പഞ്ചമന്റെ ഭാര്യ മഞ്ജു പറയുന്നു.
പ്രളയകാലം തിരിച്ചറിവുകളുടേത് കൂടിയായിരുന്നു. ജാതിയുടേയും മതത്തിന്റെയും പണത്തിന്റെയും അതിര്‍ വരമ്പുകള്‍ ഇല്ലാതായി. അമ്പലത്തിലും, പള്ളിയിലും പായകള്‍ വിരിച്ചു. പാവപ്പെട്ടവനും പണക്കാരനും ഒരു പാത്രത്തില്‍ കഴിച്ചു. അന്യര്‍ക്ക് പ്രവേശനമില്ലെന്ന് എഴുതിയ ബോര്‍ഡുകള്‍ പ്രളയമെടുത്തു. വിശപ്പിനേക്കാള്‍ വലുതല്ല ദുരഭിമാനെന്നു തിരിച്ചറിഞ്ഞു. കിട്ടിയതൊക്ക കയ്യിലെടുത്ത് ദുരിതാശ്വാസ ക്യാമ്പിലേക്ക് ഓടിയവര്‍ , വീടിന്റെ രണ്ടാം നിലയില്‍ അഭയം പ്രപിച്ചവര്‍, ചത്തുപൊങ്ങിയ വളര്‍ത്തുമൃഗങ്ങള്‍, ഒറ്റപ്പെട്ടുകുടുങ്ങിയവര്‍ക്കായുള്ള ഉറ്റവരുടെ സഹായ അഭ്യര്‍ത്ഥനകള്‍, ഒരു മനുഷ്യായുസ്സില്‍ മറക്കാന്‍ കഴിയാത്ത ഓര്‍മ്മകളാണ് ഒരു പ്രളയം സമ്മാനിച്ചത് .മഹാപ്രളയം കേരളത്തെ ഒന്നാകെ മുക്കികളഞ്ഞ വര്‍ഷമായിരുന്നു 2018. 1924ലെ പ്രളയത്തിനുശേഷം ഏറ്റവുംവലിയ വെള്ളപ്പൊക്ക ദുരന്തത്തിനാണ് കഴിഞ്ഞ വര്‍ഷം ആഗസറ്റില്‍ കേരളം സാക്ഷ്യം വഹിച്ചത്.

അതി ജീവനത്തിന്റെ മലയാള പാഠം
ഇങ്ങനെ
മഴ ചതിച്ചാലും മലയിടിഞ്ഞാലും
മല പോലെ നിവര്‍ന്നു നില്‍ക്കുമെന്‍
മലയാളം

എന്നും
മലപോലെ നിവര്‍ന്നു നില്‍ക്കുമെന്‍ മലായാളം
എന്റെ മലയാളം
എന്റെ മലയാളം…

 

You must be logged in to post a comment Login