പ്രളയക്കെടുതി: മത്സ്യത്തൊഴിലാളികള്‍ ധീരതയോടെ പ്രവര്‍ത്തിച്ചെന്ന് രാഹുല്‍ഗാന്ധി; മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഫിഷറീസ് മന്ത്രാലയം രൂപവത്കരിക്കും

ആലപ്പുഴ: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഫിഷറീസ് മന്ത്രാലയം രൂപവത്കരിക്കുമെന്ന് രാഹുല്‍ഗാന്ധി. കര്‍ഷകരെ പോലെതന്നെ കടുത്ത പ്രതിസന്ധിയിലാണ് രാജ്യത്തെ മത്സ്യതൊഴിലാളികളും. എങ്കിലും കേരളത്തിന് ഒരാവശ്യം വന്നപ്പോള്‍ സഹായിക്കാനെത്തിയ മത്സ്യബന്ധന തൊഴിലാളികളെ അഭിവാദ്യം ചെയ്യുന്നുവെന്നും രാഹുല്‍ പറഞ്ഞു. ആലപ്പുഴയില്‍ മത്സ്യ തൊഴിലാളികള്‍ക്ക് നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓഖി ദുരന്തത്തില്‍പ്പെട്ട് സര്‍വതും നഷ്ടപ്പെട്ടവരാണ് മത്സ്യത്തൊഴിലാളികള്‍. അന്ന് പലസ്ഥലങ്ങളും ഞാന്‍ സന്ദര്‍ശിച്ചിരുന്നു.  എന്നാല്‍ ഇന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ അവര്‍ക്ക് ലഭിച്ച സഹായത്തില്‍ തൃപ്തനല്ല എന്ന് പറയാന്‍ ആഗ്രഹിക്കുന്നു. കാരണം അത്രത്തോളം നാശനഷ്ടമാണ് അവര്‍ക്കുണ്ടായതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

പ്രളയമുണ്ടായപ്പോള്‍ 70,000 പേരെയാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചത്. അതിന് നന്ദി പറയുന്നു. ഭാവിയില്‍ രക്ഷാദൗത്യങ്ങളില്‍ മത്സ്യത്തൊഴിലാളികളെയും തീരദേശ സേന ഉള്‍പ്പെടുത്തണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. അരക്ഷിതാവസ്ഥയിലാണ് മത്സ്യത്തൊഴിലാളികള്‍. അവര്‍ക്കായി ഒരു മന്ത്രാലയം നിര്‍ബന്ധമാണ്. അത് യാഥാര്‍ഥ്യമാക്കും. ഇത് വെറും വാക്കല്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്റെ ഉറപ്പാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

You must be logged in to post a comment Login