പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ നന്നാക്കാനും പുതുക്കിപ്പണിയാനും ചട്ടങ്ങളില്‍ മാറ്റം വരുത്തണമെന്ന് മന്ത്രി ജി. സുധാകരന്‍; മുഖ്യമന്ത്രിക്ക് കത്തയച്ചു

 

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ നന്നാക്കാനും പുതുക്കിപ്പണിയാനും ചട്ടങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ മുഖ്യന്ത്രി പിണറായി വിജയന് കത്തയച്ചു. ഒരു നിയോജക മണ്ഡലത്തില്‍ ഒറ്റ ടെണ്ടര്‍ എന്ന തരത്തില്‍ വേണം റോഡ് പുനര്‍നിര്‍മാണം വേണ്ടത്, അതിനായാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഒരുമണ്ഡലത്തിന് ആവശ്യമായ എല്ലാ റോഡുകള്‍ക്കുമായി ഒറ്റ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കണം. പണി വേഗത്തില്‍ തീര്‍ക്കാന്‍ ഒറ്റ ടെണ്ടര്‍ സഹായിക്കും. കരാറുകാര്‍ മുന്‍കൂട്ടി തുക കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലും ഇളവ് വരുത്താനും നീക്കമുണ്ട്.

രണ്ട് നിര്‍ദ്ദേശങ്ങള്‍ക്കും പൊതുമരാമത്ത് മാന്വലിലും ധനവകുപ്പ് ചട്ടങ്ങളിലും മാറ്റം വരുത്തണം. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഈ നിര്‍ദ്ദേശങ്ങള്‍ര്‍ ചര്‍ച്ച ചെയ്യും. നിലവില്‍ പ്രവര്‍ത്തിയുടെ എസ്റ്റിമേറ്റിന്റെ അഞ്ച് ശതമാനം കരാറുകാരന്‍ കെട്ടിവയ്ക്കണം. 10000 കോടിയാണ് റോഡുകളുടെ പുനര്‍നിര്‍മാണത്തിനും അറ്റകുറ്റ പണികള്‍ക്കുമായി വേണ്ടത്.

You must be logged in to post a comment Login