പ്രളയദുരിതങ്ങളില്‍ രാജ്യത്ത് ആകെ മരിച്ചത് 1400 പേര്‍; കേരളത്തില്‍ മാത്രം 488 പേര്‍; യുപിയില്‍ 254 മരണം


ഡല്‍ഹി:സമാനതകളില്ലാത്ത പ്രളയക്കെടുതിയാണ് കേരളം അനുഭവിക്കുന്നത്. ഒറ്റക്കെട്ടായി അതിജീവിക്കുകയാണ് കേരളം. ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് ഈ വര്‍ഷം ഏറ്റവും വലിയ പ്രളയദുരിതമനുഭവിക്കുന്നതും കേരളമാണ്. രാജ്യത്ത് ആകെ മരിച്ചതില്‍ മൂന്നില്‍ ഒന്നും കേരളത്തില്‍ നിന്നാണ് എന്നതാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. രാജ്യത്ത് ആകെ 1400 പേരാണ് പ്രളയദുരിതങ്ങളില്‍ മരിച്ചത്. ഇതില്‍ 488 പേര്‍ കേരളത്തിലാണ് എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്

കേരളത്തില്‍ 488 പേരുള്‍പ്പെടെ പത്തു സംസ്ഥാനങ്ങളിലായി 1,400 ല്‍ അധികം പേരുടെ ജീവനാണ് മഴയും വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും മൂലം നഷ്ടമായതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേരളത്തിലെ 14 ജില്ലകളിലായി 54.11 ലക്ഷം പേരുടെ ജീവിതത്തെയാണ് കാലവര്‍ഷം സാരമായി ബാധിച്ചത്. ഈ നൂറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ പ്രതിസന്ധിയാണ് കേരളം നേരിടുന്നത്. പ്രളയം മൂലം വീടു നഷ്ടപ്പെട്ട 14.52 ലക്ഷം പേരാണ് വിവിധ ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നത്. 57,024 ഹെക്ടര്‍ കൃഷിഭൂമിക്കു നാശം സംഭവിച്ചു. ഉത്തര്‍പ്രദേശില്‍ 254 പേരും ബംഗാളില്‍ 210 പേരും കര്‍ണാടകയില്‍ 170 പേരും മഹാരാഷ്ട്രയില്‍ 139 പേരും ഗുജറാത്തില്‍ 52 പേരും അസമില്‍ 50 പേരും ഉത്തരാഖണ്ഡില്‍ 37 പേരും ഒഡീഷയില്‍ 29 പേരും നാഗാലാന്‍ഡില്‍ 11 പേരുമാണ് മരിച്ചത്.

43 പേരെയാണ് രാജ്യത്ത് ആകെ കാണാതായിട്ടുള്ളത്. ഇതില്‍ 15 പേര്‍ കേരളത്തില്‍നിന്നാണ്; 14 പേര്‍ ഉത്തരാഖണ്ഡില്‍ നിന്നും. പത്തു സംസ്ഥാനങ്ങളിലായി മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ 386 പേര്‍ക്കു പരുക്കേറ്റു. ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ദുരന്ത നിവാരണ കേന്ദ്രത്തിന്റെ കണക്കുകളാണിവ.

പ്രളയത്തിന് പിന്നാലെ സാങ്ക്രമിക രോഗബാധകളാണ് ഇപ്പോള്‍ പ്രളയ ബാധിത സംസ്ഥാനങ്ങള്‍ നേരിടുന്ന വെല്ലുവിളി. കേരളത്തില്‍ എലിപ്പനി വ്യാപകമാവുകയാണ്. കനത്ത ജാഗ്രത നിര്‍ദ്ദേശമാണ് കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ നല്‍കിയിരിക്കുന്നത്.സംസ്ഥാനത്ത് 300ല്‍ അധികം പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മരണം 50നോട് അടുക്കുന്നുമുണ്ട്.

You must be logged in to post a comment Login