പ്രളയദുരിതത്തിന്റെ ഉത്തരവാദികള്‍ ആര്

“രണ്ടാഴ്ചയായി ഉണ്ടായ തുടര്‍മഴയില്‍ നദികള്‍ മുഴുവന്‍ നിറയുകയും ചരിത്രത്തിലാദ്യമായി ഒരേപോലെ 36 അണക്കെട്ടുകള്‍ തുറക്കേണ്ടിവരുകയും ചെയ്തു. ഇത് കേരളത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടികാണാന്‍ കഴിയാതെപോയിടത്തല്ലേ ബന്ധപ്പെട്ടവരുടെ ആദ്യവീഴ്ച? വീഴ്ചകള്‍ അന്വേഷിക്കപ്പെടണം.”

 

മഹാപ്രളയം കേരളത്തെ മുക്കി താഴ്ത്തി ഒരു മാസം പിന്നിടുമ്പോള്‍ ബാക്കിപത്രമായി മാറുകയാണ് പ്രളയ കാരണങ്ങള്‍. എങ്ങും എവിടെയും അരക്ഷിതത്വം സമ്മാനിച്ച് കയറി ഇറങ്ങിയ ഇടങ്ങളില്‍ എല്ലാം മുട്ടോളം ചെളി വാരി വിതറിയ പ്രളയം നിരവധി മനുഷ്യ ജീവനുകളും ആ ജീവനാന്ത്യ സമ്പാദ്യങ്ങളും കവര്‍ന്നാണ് മടക്കയാത്ര നടത്തിയത്. മുന്നൊരുക്കങ്ങളും പിന്നൊരുക്കങ്ങളും പാളിച്ചകളും വലിയ തോതില്‍ ചര്‍ച്ചയാവാതെ പോയത് ഭാവിയില്‍ ഇത്തരമൊരു ദുരിതം ഉണ്ടായാല്‍ എങ്ങനെ നേരിടും എന്നതിന് വിഘാതമാകരുത്. ജലം വന്നു തൊട്ടപ്പോള്‍ മാത്രം പ്രളയം ഒലിച്ചിറങ്ങിയ വിവരം അറിഞ്ഞവരാണ് പലയിടങ്ങളിലും മുങ്ങി താണത്. മുന്നറിയിപ്പുകളൊന്നുമില്ലാതെ ദുരിതം നല്‍കി അണക്കെട്ടുകള്‍ തുറന്നു വിട്ടവരും ജില്ലാ ഭരണകൂടത്തെപോലും അറിയിക്കാതെ അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയവരും,നല്‍കിയ കാലാവസ്ഥ മുന്നറിയിപ്പുകളെ അവഞ്ജയോടെ തള്ളിക്കളഞ്ഞവരും ഡാമുകളിലെ അധികജലം ഒഴുക്കി കളഞ്ഞാല്‍ ഖജനാവിന് കോടികളുടെ നഷ്ടം പ്രവചിച്ച മന്ത്രിമാരും എല്ലാം പ്രളയ ദുരിതത്തല്‍ കുറ്റക്കാര്‍ ആണ് എന്നതില്‍ തര്‍ക്കം ഇല്ല. കനത്ത മഴയും വെള്ളപ്പൊക്കവും പ്രവചിച്ച കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് കേരളം വേണ്ടത്ര ഗൗനിച്ചില്ല എന്നതാണ് ഏറ്റവും ഖേദകരം.
ആഗസ്റ്റ് മാസം 12 ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതിതീവ്ര മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പ് കേരളത്തിന് നല്‍കിയിരുന്നു. 20 സെ.മീറ്ററിനു മുകളില്‍ മഴ ഉണ്ടാകും എന്ന വ്യക്തമായ അറിയിപ്പ് ആയിരുന്നു. ഇതേ തുടര്‍ന്ന് 12 ന് സംസ്ഥാന ദുരന്തനിവാരണ അതോററ്റി വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവക്കുള്ള മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശവും നല്‍കിയിരുന്നു. പക്ഷേ ഇത് കാര്യമായി ആരും എടുത്തില്ല എന്നതാണ് വാസ്തവം. തീവ്ര മഴയുടെ പേരില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നതില്‍ കാര്യങ്ങള്‍ ഒതുങ്ങി എന്നതാണ് സത്യം.
അതോടൊപ്പം അണക്കെട്ടുകള്‍ തുറക്കുന്നതില്‍ ഉണ്ടായ വീഴ്ചകള്‍ ഇതില്‍ സംസ്ഥാനത്തെ വൈദ്യുതി – ജലവിഭവ വകുപ്പുകള്‍ക്ക് ഉണ്ടായ വീഴ്ച നിസാരമല്ല. അണക്കെട്ടുകളിലെ ജലം തുറന്നു വിടാന്‍ ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ഗരേഖകള്‍ ഉണ്ട്. പക്ഷേ ഇത് പൂര്‍ണ്ണമായും നടപ്പാക്കാന്‍ സമയം എടുത്തു. അതോടൊപ്പം ചില അണക്കെട്ടുകളുടെ ഷട്ടര്‍ ഉയര്‍ത്തിയത് അവിടുത്തെ ജില്ലാ കളക്ടറുടെ അറിവോടു കൂടി അല്ലായിരുന്നു. കേരളത്തില്‍ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെടുകള്‍ ഒഴികെയുള്ളവ തുറക്കാന്‍ ജില്ലാ ദുരന്തനിവാരണ വിഭാഗ മേധാവിയായ ജില്ലാ കളക്ടറുടെ അനുമതി ആവിശ്യമായിടത്താണ് കളക്ടര്‍ പോലും അറിയാതെ അധികൃതര്‍ ഷട്ടര്‍ ഉയര്‍ത്തിയത്.അതേപോലെതന്നെ ഡാം തുറക്കുന്നതടക്കമുള്ള കാര്യങ്ങളുടെ ഭരണനിര്‍വ്വഹണം സംസ്ഥാന വൈദ്യുതി വകുപ്പിനാണ്.ജലത്തിന്റെ ഗുണഭോക്താവായി, ഡാമിലെ ജലത്തെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വിപണിലാഭം ലക്ഷ്യം വയ്ക്കുന്ന വൈദ്യുതിവകുപ്പില്‍മാത്രം ഈ അധികാരം നിലനില്‍ക്കുന്ന വൈരുധ്യത്തെ കാണാതെ പോകരുത്. ഡാം എന്നാല്‍ അര്‍ത്ഥം വൈദ്യുതി ഉത്പാദന കേന്ദ്രം എന്നതല്ല എന്നത് നമ്മുടെ ഭരണാധികാരികള്‍ എന്നാണ് മനസിലാക്കുക. ചുരുക്കത്തില്‍ യാതൊരു വിധ മുന്നറിയിപ്പുകളും ഇല്ലാതെയാണ് നമ്മുടെ ഡാമുകള്‍ പലതും തുറന്നത്.ഭാരതപ്പുഴയും പെരിയാറും പമ്പയും അച്ചന്‍കോവിലും നൂറ്റാണ്ടുകള്‍ക്ക് ശേഷം കിലോമീറ്ററുകളോളം പരന്നൊഴുകാന്‍ ഇത് ഇടയാക്കി.
യാതൊരു മുന്നറിയിപ്പും ഇല്ലാതെ തുറന്നു വിട്ട ബാണാസുര സാഗര്‍ അണക്കെട്ട് വയനാടിനെ മുക്കിയതില്‍ പ്രധാന പങ്കുവഹിച്ചു. കുട്ടനാടിനെ മുക്കിയതില്‍ നമ്മുടെ ജലസേചന വകുപ്പിന്റെ പങ്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല പ്രളയങ്ങളെ അതിജീവിച്ച ചരിത്രമുള്ള കുട്ടനാട്ടുകാര്‍ക്ക് കാലിടറിയത് ജലസേചന വകുപ്പിന്റെ കെടുകാര്യസ്ഥത തന്നെ. തണ്ണീര്‍ മുക്കം ബണ്ടും തോട്ടപ്പള്ളി സ്പില്‍വേയും യഥാസമയം നീരൊഴുക്ക് സുഗമമാകാവുന്നവണ്ണം തടസ്സങ്ങള്‍ മാറ്റാതിരുന്നത് പ്രളയസൃഷ്ടിയില്‍ വഹിച്ച പങ്ക് വലുതാണ്.വെള്ളം പൊങ്ങി മുങ്ങിയ കുട്ടനാടിന് പ്രളയജലത്തെ ഒഴുക്കിവിടാന്‍ മാര്‍ഗമില്ലായിരുന്നു. ഒഴുക്ക് സുഗമമാക്കാന്‍ പ്രളയത്തിന്റെ അതി തീവ്രത കഴിഞ്ഞ് മണ്ണുമാന്തി ഉപകരണവുമായി അധികൃതര്‍ എത്തിയപ്പോള്‍ ഒരു പാട് വൈകിയിരുന്നു. ഇതില്‍ സംസ്ഥാന ജലസേചന മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രതിക്കൂട്ടിലുണ്ട്. ഇടുക്കി അണക്കെട്ട് തുറക്കാന്‍ വൈകിയത് വൈദ്യുതി വകുപ്പിന്റെ പണത്തോടുള്ള അമിത മോഹം ആണെന്ന വിലയിരുത്തല്‍ ഒരിക്കലും തെറ്റാകാനിടയില്ല. 1924 നെക്കാള്‍ വലിയ പ്രളയം ആണോ ഉണ്ടായതെന്ന് നമ്മള്‍ക്കറിയില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ് ഏകോപന കുറവ് ഈ പ്രളയത്തില്‍ നാശനഷ്ടം കൂട്ടി കേന്ദ്ര ജല കമ്മീഷന്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് എന്നിവടങ്ങളില്‍ നിന്നുള്ള മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നെങ്കില്‍ നാശനഷ്ടങ്ങള്‍ കുറക്കാന്‍ സാധിക്കുമായിരുന്നു മുന്നറിയിപ്പുകള്‍ മുന്‍കൂട്ടി കണ്ട് ചെറിയ തോതില്‍ ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുറത്തേക്ക് വിട്ടിരുന്നെങ്കില്‍ പലയിടത്തും ജനങ്ങളുടെ ദുരിതം ഏറെ കുറക്കാമായിരുന്നു. ദുരിതം ഉണ്ടായപ്പോള്‍ പോലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മത്സ്യതൊഴിലാളികളേയും വിവിധ ഇടങ്ങളില്‍ വള്ളംകളികള്‍ക്ക് തുഴച്ചില്‍ പരിശീലനം നടത്തുന്നവരേ പോലും സജീവമായി രംഗത്ത് ഇറക്കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ല. ചില യുവ ജില്ലാ കളക്ടര്‍മാര്‍ ആണ് ഇക്കാര്യങ്ങളില്‍ സര്‍ക്കാരിനെക്കാള്‍ വേഗത്തില്‍ തീരുമാനങ്ങള്‍ നടപ്പാക്കിയത്.

സൈന്യവും മത്സ്യതൊഴിലാളികളും കൂട്ടായി ഇറങ്ങി നടത്തിയ രക്ഷാപ്രവര്‍ത്തനം നാം വിസ്മരിക്കരുത്. ചിലമന്ത്രിമാരും ഉദ്യോഗസ്ഥരും കാണിച്ച കൃത്യവിലോപങ്ങള്‍ ഈ വെള്ളപ്പൊക്കത്തിലെ പ്രധാന കാരണങ്ങള്‍ ആണ്. അധികാരത്തര്‍ക്കവും ഏകോപനം ഇല്ലായ്മയും നാശനഷ്ട്ങ്ങള്‍ കൂട്ടി.ഇനിയെങ്കിലും ഇത്തരത്തില്‍ ഉണ്ടാക്കുന്ന പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതില്‍ നമ്മള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുക തന്നെ വേണം. ഈ പ്രളയം മനുഷ്യനിര്‍മ്മിതം എന്ന ആരോപണം എന്നും ഉയര്‍ന്നു തന്നെ നില്‍ക്കും പ്രളയത്തില്‍ നഷ്ടം ഉണ്ടായവര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനും വ്യാപാരികള്‍ക്കും ഉണ്ടായ നഷ്ടങ്ങള്‍ സര്‍ക്കാര്‍ തന്നെ നികത്തണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനു തന്നെയാണ്. പ്രളയം ഉണ്ടാക്കിയ ആഘാതങ്ങളില്‍ നിന്നുണരുമ്പോള്‍ നാം ആദ്യം ചിന്തിക്കേണ്ടത് നമ്മുടെ ദുരന്തനിവാരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനാണ്. അതിനായി നടപടികള്‍ ഉണ്ടായേ തീരൂ.

ദേശീയ ദുരന്തനിവാരണ സേനക്ക് 12 ബറ്റാലിയനുകള്‍ ആണ് നിലവില്‍ ഉള്ളത് പുതിയ നാല് ബറ്റാലിയന്‍ ഉടന്‍ നിലവില്‍ വരാന്‍ പോകുകയാണ് ഇതില്‍ ഒന്ന് കേരളത്തില്‍ സ്ഥാപിക്കാന്‍ വേണ്ട നടപടിക്രമങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുക തന്നെ വേണം. അതേ പോലെ സംസ്ഥാനത്തെ ഫയര്‍ഫോഴ്‌സിനെ കേന്ദ്രീകരിച്ചോ പൊലീസിനെ കേന്ദ്രീകരിച്ചോ ദുരന്തനിവാരണ പരിശീലനം കൂടി നല്‍കുകയും ചെയ്യുകയും അല്ലെങ്കില്‍ ഒരു ദുരന്തനിവാരണ വിഭാഗത്തെ ഒരുക്കുകയും ചെയ്യണം.

നമ്മുടെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തന സംവിധാനത്തിന് ഉപകരിക്കുന്ന ചെറു ഫൈബര്‍ ബോട്ടുകള്‍ പോലെയുള്ള സംവിധാനങ്ങള്‍ നല്‍കണം. എന്തായാലും ഈ പ്രളയം നമ്മള്‍ക്ക് ഒരു പാട് പാഠങ്ങള്‍ നല്‍കിയിരിക്കുകയാണ്. പ്രകൃതിയെ നശിപ്പിക്കാതെ നമ്മോടു ചേര്‍ത്തുനിര്‍ത്തി പ്രകൃതിദുരന്തം നേരിടാന്‍ സാധിക്കട്ടേ. ഈ പ്രളയം മനുഷ്യനിര്‍മ്മിതമോ അല്ലയോ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കട്ടേ. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വീഴ്ചകളും പിടിപ്പുകേടുകളും പുറത്തു വരട്ടേ. വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കപ്പെടട്ടേ. നീതിപീഠങ്ങള്‍ പ്രളയകാരണങ്ങള്‍ കണ്ടെത്താന്‍ നടപടികള്‍ സ്വീകരിച്ചാല്‍ ഉചിതമായിരിക്കും. അതോടൊപ്പം എല്ലാം ചര്‍ച്ചയാകുമ്പോള്‍ പലതും പുറത്ത് വരും. അനുഭവങ്ങള്‍ പുതിയ ഒരു നവകേരള നിര്‍മ്മാണത്തിന് വഴിതുറക്കുകയും ചെയ്യും.

 

 

You must be logged in to post a comment Login