പ്രളയബാധിതര്‍ക്കുള്ള അടിയന്തരസഹായം അടുത്ത മാസം ഏഴിനകം വിതരണം ചെയ്യാന്‍ മന്ത്രിസഭ തീരുമാനം

പ്രളയബാധിതര്‍ക്കുള്ള അടിയന്തിര ധനസഹായമായ 10000 രൂപ അടുത്ത മാസം ഏഴിനകം വിതരണം ചെയ്യാന്‍ മന്ത്രിസഭ തീരുമാനം.വില്ലേജ് ഓഫീസറും ,തദ്ദേശസ്ഥാപന സെക്രട്ടറിയും തയ്യാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് തുക വിതരണം ചെയ്യുക. ഇത്തവണ സാലറി ചലഞ്ച് ഉണ്ടാകില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് കഴിഞ്ഞ തവണത്തെപ്പോലെ നല്‍കും. ഓണാഘോഷപരിപാടി ആര്‍ഭാടരഹിതമായി നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കഴിഞ്ഞ പ്രളയസമയത്ത് ലക്ഷക്കണക്കിന് അനര്‍ഹര്‍ 10000 രൂപ വീതം കൈപ്പറ്റിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിശദപരിശോധന നടത്തി സഹായം നല്‍കാന്‍ കഴിഞ്ഞ മന്ത്രിസഭ യോഗം തീരുമാനിച്ചത്. പ്രളയ ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കണമെന്ന നിര്‍ദ്ദേശം വില്ലേജ് ഓഫീസര്‍മാര്‍ക്കും, പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നല്‍കിയിരുന്നു. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള 10000 രൂപ അടുത്ത മാസം 7 ന് മുമ്പ് വിതരണം ചെയ്യാനാണ് മന്ത്രിസഭാ തീരുമാനം.

ക്യാമ്പില്‍ കഴിഞ്ഞവരെല്ലാം പ്രളയബാധിതരാകണമെന്നില്ല. ക്യാമ്പില്‍ കഴിയാതെ ബന്ധുവീടുകളില്‍ അഭയം തേടിയവര്‍ അനര്‍ഹരുമല്ല എന്ന നിലപാടാണ് സര്‍ക്കാരിന്റേത്. ജീവനക്കാര്‍ക്കുള്ള ബോണസ് കഴിഞ്ഞ തവണത്തേതു പോലെ നല്‍കും. ഉത്സവബത്തയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇത്തവണ സാലറി ചലഞ്ച് ഇല്ല. സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ ആര്‍ഭാടരഹിതമായി നടത്തും. ദേശീയ ഗെയിംസില്‍ വെള്ളി, വെങ്കല മെഡല്‍ ജേതാക്കളായ 83 പേര്‍ക്ക് വിവിധ വകുപ്പുകളില്‍ ജോലി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

You must be logged in to post a comment Login