പ്രളയ ദുരിതാശ്വാസം: കേരളത്തിന് 3048.39 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: പ്രളയ ദുരിതാശ്വാസത്തിനായി കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സഹായം അനുവദിച്ചു. 3048.39 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. അഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയുടെ യോഗത്തിലാണ് തീരുമാനം. അഭ്യന്തരമന്ത്രിയെ കൂടാതെ ധനമന്ത്രി അരുണ്‍ ജെയ്റ്റലി, കൃഷിമന്ത്രി രാധാമോഹന്‍സിംഗ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.

കേരളത്തിലെത്തി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സെക്രട്ടറിതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തെ കൂടാതെ ഒഡീഷ, ആന്ധ്രാപ്രദേശ്, നാഗാലാന്‍ഡ്, എന്നീ സംസ്ഥാനങ്ങള്‍ക്കും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ കേന്ദ്രം കേരളത്തിന് അനുവദിച്ച 600 കോടി കൂടി ഉള്‍പ്പെടുത്തിയാണോ ഇപ്പോഴത്തെ പ്രഖ്യാപനം എന്ന് വ്യക്തമല്ല. കേന്ദ്രദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് സഹായം നല്‍കുക.

ആദ്യഘട്ടത്തില്‍ 800 കോടിയുടേയും രണ്ടാം ഘട്ടത്തില്‍ 4900 കോടിയുടേയും അങ്ങനെ ആകെ മൊത്തം 5700 കോടിയുടെ സഹായധനമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. ആദ്യഘട്ട ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചില ബില്ലുകളും കണക്കുകളും കേരളം നല്‍കിയാല്‍ ഉന്നതതല മന്ത്രിസഭ അനുവദിച്ച തുക കേരളത്തിന് കൈമാറുമെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.

You must be logged in to post a comment Login