പ്രളയ ബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം അനര്‍ഹര്‍ക്കും ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്; മലപ്പുറത്ത് വീടിന്റെ മുറ്റത്തുപോലും വെള്ളം കയറാത്തവര്‍ക്കും സഹായം ലഭിച്ചു

പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക അനര്‍ഹര്‍ക്കും ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. മലപ്പുറം ജില്ലയിലെ താഴേക്കോടില്‍ വീടുകളുടെ മുറ്റത്തുപോലും വെളളം കയറാത്ത, മണ്ണിടിയാത്ത 56 കുടുംബങ്ങളുടെ അക്കൗണ്ടുകളിലേക്ക് കര്‍ശന നിബന്ധനകളോടെ മാത്രം നല്‍കുന്ന നഷ്ടപരിഹാരത്തുകയെത്തി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. നഷ്ടപരിഹാരമായി നല്‍കുന്നതിന്റെ ആദ്യഗഢുവായ 3800 രൂപ വീതമാണ് അനര്‍ഹരായ കുടുംബങ്ങള്‍ക്ക് ലഭിച്ചത്.

രണ്ടു ദിവസമെങ്കിലും വീട്ടില്‍ വെളളം കയറിയവര്‍ക്ക് മാത്രം നല്‍കൂവെന്ന് പ്രഖ്യാപിച്ച ധനസഹായത്തിന്റെ ആദ്യഗഢുവാണ് ഇപ്പോള്‍ അനര്‍ഹര്‍ക്കും ലഭിച്ചിരിക്കുന്നത്. താഴേക്കോടില്‍ നഷ്ടപരിഹാരത്തുക ലഭിച്ചിരിക്കുന്ന ഭാഗത്ത് ഒരു വീടൊഴികെ 55 വീടുകളിലും വെളളം കയറിയിട്ടില്ല. വലിയ വീടുകളില്‍ കഴിയുന്നുവരോടും സാധാരണക്കാരോടും പന്തിഭേദമില്ലാതെ എല്ലാവര്‍ക്കും ആദ്യഗഢു കൈമാറിയിട്ടുണ്ട്. 6800 രൂപയാണ് രണ്ടാം ഗഡുവായി നല്‍കുക.

ഇക്കൂട്ടത്തില്‍ രണ്ടു വട്ടം പണം ലഭിച്ചവരും ഉണ്ട്. രണ്ടു പേരുകള്‍ രേഖപ്പെടുത്തിയാണ് ഒരേയാള്‍ക്ക് രണ്ടു വട്ടം പണം നല്‍കിയിരിക്കുന്നത്. രണ്ടു വട്ടം പണം ലഭിച്ചയാളുടെ വീടിനും കേടുപാടൊന്നും സംഭവിച്ചിട്ടില്ല. ഈ ഭാഗത്തുളള ആദിവാസി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിരുന്നു. ഉരുള്‍പൊട്ടല്‍ ഭീഷണി കണക്കിലെടുത്ത് മറ്റുളള കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കുകയായിരുന്നു.

തുക കൈമാറുന്നതില്‍ വീഴ്ച സംഭവിച്ചത് താലൂക്ക് ഓഫീസിലാണന്നാണ് വില്ലേജ് ഓഫീസില്‍ നിന്നുളള വിശീകരണം.

You must be logged in to post a comment Login