പ്രവാസി വോട്ടവകാശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു

ന്യൂഡല്‍ഹി: പ്രവാസി വോട്ടവകാശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കണമെന്ന ആവശ്യം അംഗീകരിക്കുന്നതായി സുപ്രീം കോടതിയെ സര്‍ക്കാര്‍ അറിയിച്ചു. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിക്കവെയാണ് ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചത്.
ഇലക്രടോണിക് വോട്ട്, പകരക്കാരന്‍ വഴിയുള്ള വോട്ട് ഇവയിലേതെങ്കിലുമൊന്ന് പ്രവാസിവോട്ടര്‍മാര്‍ക്ക് അനുവദിക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഇവയില്‍ ഏതു രീതി നടപ്പിലാക്കുമെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.കൂടുതല്‍ സമയം ചോദിച്ച് വിഷയം അനന്തമായി നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ഹര്‍ജിക്കാരന്റെ വാദം ശരിവച്ച കോടതി എട്ട് ആഴ്ചക്കുള്ളില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ഏത് രീതിയിലുള്ള വോട്ടിംഗ് അനുവദിക്കണമെന്നതു സംബന്ധിച്ച് മറ്റു വകുപ്പുകളുമായി ആലോചിച്ചു മാത്രമേ തീരുമാനമെടുക്കാനാവു എന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതേ തുടര്‍ന്നാണ് എട്ടാഴ്ച സമയം അനുവദിച്ചത്. എട്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

You must be logged in to post a comment Login