പ്രശസ്ത കവി ഒ.എന്‍.വി.കുറുപ്പ് അന്തരിച്ചു

ആറു പതിറ്റാണ്ടിലേറെയായി മലയാള സാഹിത്യ സിനിമാ ലോകത്ത് സജീവ സാന്നിധ്യമായിരുന്ന ഒഎന്‍വി വാര്‍ദ്ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

onv
തിരുവനന്തപുരം: ജ്ഞാനപീഠ പുരസ്‌കാര ജേതാവും പ്രശസ്ത കവിയുമായ ഒഎന്‍വി കുറുപ്പ് (ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലു കുറുപ്പ്, 84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. ആറു പതിറ്റാണ്ടിലേറെയായി മലയാള സാഹിത്യ സിനിമാ ലോകത്ത് സജീവ സാന്നിധ്യമായിരുന്ന ഒഎന്‍വി വാര്‍ദ്ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ജ്ഞാനപീഠം ഉള്‍പ്പടെ ദേശീയതലത്തിലും സംസ്ഥാനതലത്തിലും നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കിയിരുന്നു ഒഎഎന്‍വി.

സാഹിത്യ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് 2007ലെ ജ്ഞാനപീഠ പുരസ്‌കാരം, പത്മശ്രീ (1998), പത്മവിഭൂഷണ്‍ (2011) ബഹുമതികളും ഒഎന്‍വിയെ തേടിയെത്തി. നിരവധി സിനിമകള്‍ക്കും നാടകങ്ങള്‍ക്കും ടെലിവിഷന്‍ സീരിയലുകള്‍ക്കും അദ്ദേഹം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

onv22

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും 1948ല്‍ ഇന്റര്‍മീഡിയറ്റ് പാസായ ഒഎന്‍വി കൊല്ലം എസ്.എന്‍.കോളജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി. 1952ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും 1955ല്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

1957 മുതല്‍ എറണാകുളം മഹാരാജാസ് കോളജില്‍ അധ്യാപകനായി. 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലും കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലും തലശേരി ഗവ: ബ്രണ്ണന്‍ കോളജിലും തിരുവനന്തപുരം ഗവ: വിമന്‍സ് കോളജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു.

കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാക്കല്‍ കുടുംബത്തില്‍ ഒ.എന്‍. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനായി 1931 മേയ് 27 നാണ് ഒഎന്‍വി ജനിച്ചത്. ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വര്‍ഷക്കാലം കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയിരുന്നു.

1989ല്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫ് സ്വതന്ത്രനായി മല്‍സരിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ എ.ചാള്‍സിനോട് പരാജയപ്പെടുകയായിരുന്നു.

You must be logged in to post a comment Login