പ്രശാന്തിനിലയം സേവനത്തിന്റെ അനുഭവസാക്ഷ്യം

വി.കെ. ജാബിര്‍

1926 നവംബര്‍ 23ന് ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ പുട്ടപര്‍ത്തിയില്‍ ജനിച്ച് 2011 ഏപ്രില്‍ 24ന് മരണപ്പെട്ട സത്യനാരായണ രാജു എന്ന സത്യസായി ബാബ ആരാണെന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ പലതുണ്ട്. ഷിര്‍ദിസായി ബാബയുടെ പുനരവതാരം, ഭഗവാന്‍, അമാനുഷികന്‍, മാന്ത്രികന്‍, അതുല്യനായ മനുഷ്യ സ്‌നേഹി, ആള്‍ദൈവം, ജ്ഞാനി അങ്ങനെ ഓരോ തരത്തിലാകും ഉത്തരങ്ങള്‍. അദ്ദേഹം ഭക്തര്‍ക്കു അനുഗ്രഹിച്ചു നല്‍കിയ വിഭൂതിയും മോതിരം, മാല, വാച്ച് എന്നിത്യാദി വസ്തുക്കളും രണ്ടു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ദിവ്യത്വത്തിന്റെ തെളിവുകളായും മാന്ത്രികവിദ്യയെന്നും അതു വിലയിരുത്തപ്പെടുന്നു. ഭക്തന്മാര്‍ക്ക് അത്ഭുതാവതാരത്തിന്റെ ഒരുപാട് കഥകള്‍, അനുഭവങ്ങള്‍ ഓര്‍ക്കാനുണ്ട്. കുട്ടിക്കാലത്തേ ഭക്തിയുടെയും ക്ഷേമപ്രവര്‍ത്തനങ്ങളുടെയും മാര്‍ഗത്തിലേക്കു തിരിഞ്ഞ ബാബയെ ചോദ്യം ചെയ്ത ജ്യേഷ്ഠനില്‍ നിന്നു തുടങ്ങുന്നുണ്ട് എതിര്‍പ്പുകളും വിയോജിപ്പുകളും.
വ്യാഖ്യാനങ്ങളുടെ സാധ്യത നിലനില്‍ക്കട്ടെ. അതിനുള്ള അവകാശം വ്യാഖ്യാനിക്കുന്നവര്‍ ഉപയോഗിക്കട്ടെ.

അപ്പോഴും, പുട്ടപര്‍ത്തി എന്ന പരന്നുകിടക്കുന്ന ഗ്രാമവും പ്രശാന്തി നിലയവും പരിസര പ്രദേശങ്ങളും ചിലതു പറയുന്നുണ്ട്. മൊട്ടക്കുന്നും കരിമ്പാറകളും പാമ്പിന്‍ പുറ്റുകളും നിറഞ്ഞ, കുടിവെള്ളം ദുര്‍ലഭമായ ഒരു ദേശത്ത് അഭിവൃദ്ധിയും പുരോഗതിയും അടയാളപ്പെടുത്തി മനോഹരമായ ടൗണ്‍ഷിപ്പ് ആയി രൂപം മാറ്റിവരച്ചതില്‍ പ്രശാന്തി നിലയത്തിനും അതിന്റെ സ്ഥാപകനും പറിച്ചുമാറ്റാനാകാത്ത പങ്കുണ്ട്.

കാഠിന്യമേറിയ പാറകള്‍ നിറഞ്ഞ് വരണ്ടുകിടന്ന പ്രദേശമായിരുന്നു പുട്ടപര്‍ത്തി. വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമുണ്ടായിരുന്നില്ല. അവിടെയാണ് സായി ബാബ 1950 നവംബര്‍ 23ന് പ്രശാന്തി നിലയം സ്ഥാപിക്കുന്നത്.
നൂറേക്കറോളം സ്ഥലത്ത് പടര്‍ന്നുകിടക്കുന്ന ശാന്തിയുടെ താഴ്‌വര. ഭാവനാ സമ്പന്നായ ഒരു സോഷ്യല്‍ ആര്‍കിടെക്റ്റിന്റെ, സാമൂഹിക വിദഗ്ധന്റെ ആസൂത്രണ മികവോടെയാണ് പ്രശാന്തി നിലയം രൂപപ്പെടുത്തിയരിക്കുന്നത്. എല്ലായിടത്തും കാണാം സായ് ബാബയുടെ ചിത്ര സാന്നിധ്യം.

സ്‌നേഹം, ശാന്തി, പരോപകാരം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ കൊത്തിവെച്ചിരിക്കുന്നു. ഇവിടെയെത്തുന്ന ഭക്തന്മാരുടെ പെരുമാറ്റത്തിലും ഇതെല്ലാം പറ്റിപ്പിടിച്ചിരിക്കുന്നുണ്ട്. പ്രശാന്തമായ അന്തരീക്ഷമാണ്. ചിരിച്ചു കൈ കൂപ്പി എല്ലാവരും എല്ലാവരെയും സായ് റാം എന്ന് അഭിവാദ്യം ചെയ്യും. ഇവിടെ പേരിനു പോലും പ്രസക്തിയില്ലെന്നു തോന്നിയിട്ടുണ്ട്.
മതവും ആചാരങ്ങളും പ്രകടനങ്ങളും ബഹളം തീര്‍ക്കാത്ത ഒരു തരം പ്രശാന്തി ഇവിടെ അനുഭവിക്കാനാകും. കാര്‍ക്കശ്യത്തോടെയുള്ള നോട്ടമോ പെരുമാറ്റമോ നിഷ്‌കര്‍ഷയോ ഇല്ലെങ്കിലും സമയനിഷ്ഠ സുപ്രധാനമാണ്. സ്‌നേഹത്തിന്റെ മേമ്പൊടിയുള്ള കാര്‍ക്കശ്യം. ഭജനയ്ക്കും പ്രാര്‍ഥനയ്ക്കും ഭക്ഷണത്തിനും കോഫി ഷോപ്പുകള്‍ക്കും ബേക്കറിക്കും കോംപൗണ്ടിനകത്തെ സൂപ്പര്‍മാര്‍ക്കറ്റിനുമുണ്ട് കര്‍ശനമായ സമയ വ്യവസ്ഥ.
നിറഞ്ഞ പച്ചപ്പിനു താളഭംഗം വരുത്താതെ കെട്ടിടങ്ങള്‍ അടുക്കിയൊതുക്കിയാണ് നിര്‍മിച്ചിരിക്കുന്നത്. കൂടുതലും വേപ്പ്, അരയാല്‍, നെല്ലി തുടങ്ങിയ ഔഷധ സസ്യങ്ങളാണ്. വിവിധ തലങ്ങളിലുള്ള താമസ സൗകര്യങ്ങള്‍. ശുദ്ധ വെജിറ്റേറിയനില്‍ തെക്കും വടക്കും പശ്ചാത്യനുമായ ഭക്ഷണ കാന്റീനുകള്‍.

സേവനം ജീവിത വ്രതമാണെന്ന് ഫലകങ്ങളില്‍ എഴുതിവെക്കുക മാത്രമല്ല സായ് ഭക്തന്മാര്‍ അങ്ങനെയാണ് ഇവിടെ ജീവിക്കുന്നത്. പ്രാര്‍ഥിക്കുന്ന ചുണ്ടുകളെക്കാള്‍ പ്രവര്‍ത്തിക്കുന്ന കൈകളാണ് മഹത്തരം എന്നും പറയുന്നുണ്ട് പ്രശാന്തി നിലയം. ഭക്തന്മാര്‍ വര്‍ഷത്തില്‍ പതിനഞ്ചും മുപ്പതും ദിവസങ്ങള്‍ സേവനം വാഗ്ദാനം ചെയ്യുന്നു. വര്‍ഷത്തില്‍ രണ്ടു ഘട്ടങ്ങളിലായി പതിനഞ്ചു ദിവസമാകും ഇവരുടെ സേവനം ക്രമീകരിച്ചത്. ഇക്കഴിഞ്ഞ ജനുവരി രണ്ടാം പാതിയില്‍ പ്രശാന്തി നിലയത്തിന്റെ വിവിധ മേഖലകളില്‍ സേവന സന്നദ്ധരായവരിലേറെയും മലയാളികളായിരുന്നു. അടുത്ത ഊഴം ആന്ധ്രാപ്രദേശുകാര്‍ക്കാണത്രെ. ഏറെയും അമ്പതു കഴിഞ്ഞവരാണ്. പലരും വലിയ ഉദ്യോഗസ്ഥരും ബിസിനസുകാരുമൊക്കെയത്രെ.

ആധിപിടിച്ചോടുന്ന മനുഷ്യര്‍ക്ക് മനസ്സും ശരീരവും സ്വസ്ഥമാക്കാന്‍ ഒരിടത്താവളമാണ് പ്രശാന്തി നിലയം. ഭക്തിയുള്ളവരോ വിശ്വാസികളോ അവിശ്വാസികളോ ആര്‍ക്കും നിശ്ശബ്ദതയുടെ സൗന്ദര്യവും സംഗീതത്തിന്റെ താളവും ആവോളം നുകരാം. വലിയ ആല്‍മരത്തിന്റെ (മെഡിറ്റേഷന്‍ ട്രീ) ചോട്ടിലെ സ്വച്ഛത കൂടുതലും ഉപയോഗപ്പെടുത്തുന്നത് പാശ്ചാത്യരാണ്. ഹിന്ദു മതത്തിനു പുറമെ ക്രിസ്ത്യന്‍, ഇസ്ലാം, സിഖ് തുടങ്ങി പ്രമുഖ മതങ്ങളെയെല്ലാം ആദരിക്കുന്നുണ്ട് ബാബ. അമ്പതടി ഉയരത്തില്‍ തീര്‍ത്ത സര്‍വധര്‍മ സ്തൂപം മതങ്ങളുടെ ഒത്തൊരുമയുടെ പ്രതീകമാണ്.

നിലയത്തിലെ ലൈബ്രറിയില്‍ സായ് ബാബയുടെ പ്രസംഗങ്ങളും ഉപദേശങ്ങളും അദ്ദേഹത്തെ കുറിച്ച് നിരവധി പ്രമുഖര്‍ എഴുതിയ ഗ്രന്ഥങ്ങളുടെ വലിയ ശേഖരം. വിവിധ ഇന്ത്യന്‍ ഭാഷകള്‍ക്കു പുറമേ ഇംഗ്ലീഷ്, ലാറ്റിന്‍, റോമന്‍, പേര്‍ഷ്യന്‍ തുടങ്ങി നിരവധി ഭാഷകളിലുള്ള ഗ്രന്ഥങ്ങള്‍ മനോഹരമായി അടുക്കിവെച്ചിരിക്കുന്നു.
പ്രശാന്തി നിലയത്തിലെ അന്തേവാസികളുടെ നേതൃത്വത്തിലാണ് ഗ്രാമസേവ പദ്ധതി. ഇവിടെ പഠിക്കുന്ന കുട്ടികളുടെ പാഠ്യപദ്ധതിയുടെ ഭാഗം കൂടിയാണ് സേവനം. പുലര്‍ച്ചെ തന്നെ ആശ്രമത്തില്‍ തയ്യാറാവുന്ന ഭക്ഷണം ഉള്‍ഗ്രാമങ്ങളിലെ കുടിലുകളിലുള്ള അശരണരുടെ വിശപ്പു മാറ്റും.

അനന്തപൂര്‍, കിഴക്കും പടിഞ്ഞാറും ഗോദാവരി ജില്ലകളിലും ചെന്നൈയിലും പത്തുലക്ഷത്തിലേറെ മനുഷ്യരുടെ ദാഹമകറ്റുന്ന കുടിവെള്ളപദ്ധതിയാണ് സത്യസായി കുടിവെള്ള പദ്ധതി. ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ 750 ഗ്രാമങ്ങളില്‍ കുടിവെള്ളത്തിന്റെ നനവു പടര്‍ത്തുന്ന പദ്ധതി ഇത്ര ഫലപ്രദമായി സര്‍ക്കാരുകള്‍ക്ക് യാഥാര്‍ഥ്യമാക്കാനാകുമോ എന്നത് സംശയമാണ്.

സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹികോന്നമനത്തിനുള്ള ഈശ്വരാംബ ട്രസ്റ്റ്, ദീനജനോദ്ധാരണ പദ്ധതി തുടങ്ങി നിരവധി സാമൂഹിക ക്ഷേമ പദ്ധതികള്‍ ഇടയ്ക്കുവെച്ച് മുറിഞ്ഞുപോകുന്നില്ല. ചെറുപ്പക്കാരനായ സായി ബാബയോട് അമ്മ ഈശ്വരാമ്മ മൂന്നു കാര്യങ്ങളാണത്രെ ആവശ്യപ്പെട്ടത്. നാട്ടുകാര്‍ക്ക് കുടിവെള്ളത്തിന് കുഴല്‍ക്കിണറുകള്‍ വേണം, ചികിത്സിക്കാന്‍ ആശുപത്രിയും കുട്ടികള്‍ക്ക് പഠിക്കാന്‍ സ്‌കൂളും വേണം. അവയോരോന്നും പില്‍ക്കാലത്ത് അമ്പരപ്പിക്കുന്ന കണിശതയോടെ യാഥാര്‍ഥ്യമാവുകയായിരുന്നു.
ചിത്രാവതി നദിയുടെ ഓരത്താണ് പുട്ടപര്‍ത്തിയെന്ന ഗ്രാമമെങ്കിലും വെള്ളം വലിയ പ്രശ്‌നമാണ്. ജനുവരിയില്‍ തന്നെ, തുള്ളി വെള്ളത്തിന്റെ നനവു പോലുമില്ലാതെ പുഴ മണല്‍പ്പരപ്പായി മാറിയ കാഴ്ച പേടിപ്പെടുത്തും. ബോര്‍ഡുള്ളതുകൊണ്ട് പുഴയായിരുന്നു എന്നു തിരിച്ചറിയാം. മണല്‍ത്തോട്ടില്‍ ലോറികളും ട്രക്കുകളും അടയാളം തീര്‍ത്തിട്ടുണ്ട്.
ഈ ഗ്രാമത്തിലാണ് പ്രാഥമികം മുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വരെയുള്ള ആശുപത്രികളും നഴ്‌സറി മുതല്‍ പി എച്ച് ഡി വരെ സൗകര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉയര്‍ന്നത്. ജനങ്ങള്‍ക്ക് ശുദ്ധീകരിച്ച കുടിവെള്ളം കിട്ടിത്തുടങ്ങിയത്. തീര്‍ഥാടന ടൂറിസത്തിന്റെ പച്ചപ്പ് ഗ്രാമീണരെ ആലിംഗനം ചെയ്തത്. പ്രശാന്തി നിലയത്തോടു ചേര്‍ന്നു നിരവിധി പേര്‍ക്ക് ജീവിതോപാധി ലഭിച്ചത്. പുട്ടപര്‍ത്തിയെ സമ്പന്നമാക്കിയത്.

പ്രശാന്തി ഗ്രാമത്തിലും ബാംഗ്ലൂരിലെ വൈറ്റ് ഫീല്‍ഡിലും ഇദ്ദേഹം സ്ഥാപിച്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വലിയൊരത്ഭുതമാണ് ഇക്കാലത്ത്. ശ്രീ സത്യസായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സസ് ലോകാത്ഭുതം തന്നെയാകും. ആറു മാസം കൊണ്ടാണ് ഈ വലിയ സമുച്ഛയം നിര്‍മാണം പൂര്‍ത്തിയായയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 15000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 300 ബെഡുകളും പത്തു സ്‌പെഷ്യലൈസ് വിഭാഗങ്ങളും ഓരോന്നിനും ഐ സിയുവുമുള്ള ആശുപത്രി പ്രശാന്തി നിലയത്തില്‍ നിന്ന് ആറേഴു കിലോ മീറ്റര്‍ അകലത്താണ്.
എല്ലാ സൗകര്യങ്ങളുമുള്ള ആശുപത്രി സമ്പൂര്‍ണ സൗജന്യ ചികിത്സയാണ് രോഗികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. സാങ്കേതിക തികവുള്ള ഉപകരണങ്ങളും യന്ത്രങ്ങളും ഡോക്ടര്‍മാരും സൗകര്യങ്ങളും മികച്ച സോഫ്റ്റ്‌വെയറും വിദഗ്ധ ജീവനക്കാരുമുണ്ട്. ഒന്നു മാത്രം കാണില്ല. കാഷ് കൗണ്ടര്‍. കംപ്യൂട്ടറില്‍ രോഗികളുടെ വിവരം ശേഖരിച്ചുവെക്കാന്‍ സൗകര്യമുണ്ട്. പക്ഷെ ബില്ല് കാണില്ല.

രോഗികള്‍ക്ക് മുന്തിയ പരിഗണന, രോഗികള്‍ക്ക് ഓരോരുത്തര്‍ക്കും അവരുടെ രോഗവും ഡയറ്റും അനുസരിച്ചുള്ള വ്യക്തിഗത ഭക്ഷണം, വിതരണം ചെയ്യാന്‍ പ്രത്യേക ഭക്ഷണ കേന്ദ്രം. കൂട്ടിരിപ്പുകാര്‍ക്ക് താമസത്തിനും അലക്കാനും കുളിക്കാനും പ്രത്യേക സൗകര്യം. ഇത്തരമൊരാശുപത്രി അത്ഭുതപ്പെടുത്താതിരിക്കില്ല ഇക്കാലത്ത്. തന്നെ രോഗികളുടെ അനിവാര്യതയ്ക്കനുസരിച്ചാണ് ചികിത്സ, വേണ്ടവര്‍ക്കു മാത്രമേ ഓപ്പറേഷന്‍ ചെയ്യൂ, മരുന്നു കൊടുക്കൂ.

തുടര്‍ ചികിത്സയ്ക്കും സഹായത്തിനുമായി കോള്‍ സെന്ററുണ്ട്. രോഗികള്‍ കൂടുതലും ഒറിസ്സ, ബംഗാള്‍ സ്വദേശികളായതിനാല്‍ അവര്‍ക്ക് ഇടയ്ക്കിടെ ആശുപത്രിയിലെത്തുക ബുദ്ധിമുട്ടായതിനാലാണ് ഈ സംവിധാനം. ഫോളോ അപ്പ് എടുക്കുന്നത് സംസ്ഥാനങ്ങളിലെ കാള്‍ സെന്ററുകള്‍ വഴിയാണ്.

ചികിത്സ വലിയൊരു ബിസിനസായി മാറിയ കാലത്ത് ബില്ലും കാഷ് കൗണ്ടറുമില്ലാത്ത ഈ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ആശ്ചര്യപ്പെടുത്താതിരിക്കില്ല. സൗജന്യം പറ്റുന്നവരോടുള്ള ആഢ്യമനോഭാവം കാണാനാകില്ല. അന്തസ്സോടെയാണ് ഓരോ രോഗികളോടുമുള്ള പെരുമാറ്റം. ഇവിടെയുമില്ല ജാതി-മത ഭേദം. ശുപാര്‍ശകള്‍ പറയാനും കേള്‍ക്കാനും ഇവിടെ ആരെങ്കിലുമുണ്ടോ എന്നറിയില്ല. ഇതിനു പുറമെയാണ് 400ഓളം വില്ലേജുകളിലെ രോഗികളുടെ ആശ്രയമായ മൊബൈല്‍ ഹോസ്പിറ്റല്‍ പ്രോഗ്രാം.

തിരക്കുകളിലും ബഹളമില്ലാത്ത ആശുപത്രിയിലെ യൂറോളജി ഐസിയു ഇപ്പോള്‍ കൂടുതലും അടഞ്ഞു കിടക്കാറാണ്. സായ് ബാബ അവസാന നാളുകള്‍ അത്യാസന്ന നിലയില്‍ കിടന്നതിവിടെയായതിനാലാണങ്ങനെയെന്ന് ആശുപത്രി അഡ്മിനിസ്‌ട്രേറ്റിവ് ചുമതലക്കാര്‍ പറയുന്നു. ആശുപത്രിയിലെ അത്യാധുനിക സൗകര്യങ്ങള്‍ക്കും മറ്റും അദ്ദേഹത്തിന്റെ ആയുസ്സ് നീട്ടിക്കൊടുക്കാനായില്ലല്ലോ എന്നൊരു സന്ദേഹം മനസ്സിലൂടെ പാഞ്ഞുപോയി.
സത്യസായ് സെന്‍ട്രല്‍ ട്രസ്റ്റാണ് ചെലവുകള്‍ വഹിക്കുന്നത്. പ്രശാന്തി നിലയത്തിലുള്ള എസ് ബി ഐ ശാഖയില്‍ സത്യസായ് ട്രസ്റ്റിന് ശതകോടികളുടെ നിക്ഷേപമുണ്ട്. താല്പര്യമുള്ളവര്‍ അവിടെ ചലാനില്‍ പണം നിക്ഷേപിക്കുന്നു. നിക്ഷേപകരില്‍ കൂടുതലും ബിസിനസുകാരും വിദേശികളുമത്രെ. സുതാര്യമാണ് കാര്യങ്ങള്‍ എന്നറിയുന്നു. മൊത്തം നിക്ഷേപം എത്രയായി എന്നറിയാനും സൗകര്യമുണ്ട്.

പ്രശാന്തിയുടെ തണുപ്പില്‍ നിന്ന് തിരക്കുകളിലേക്ക് ബസ്സു കയറുമ്പോള്‍ മനസ്സില്‍ തോന്നാതിരുന്നില്ല- ഇദ്ദേഹം ഭാവനാ സമ്പന്നനായ ഒരു സോഷ്യല്‍ എന്‍ജിനീയറോ വിദഗ്ധ ആര്‍ക്കിടെക്‌റ്റോ മനുഷ്യസ്‌നേഹിയോ അതോ ഒരു തത്വജ്ഞാനിയോ… ആരായിരുന്നു സത്യസായി ബാബ. നിഗൂഢതയുടെ സൗന്ദര്യം കണക്കെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍.

 

You must be logged in to post a comment Login